ചൊവ്വയില്‍ ജലസാന്നിധ്യത്തിന് നാസയുടെ സ്ഥിരീകരണം

Posted on: September 28, 2013 12:18 am | Last updated: September 28, 2013 at 12:18 am

വാഷിംഗ്ടണ്‍: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയില്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ജലത്തിന്റെ അംശമുണ്ടെന്നതിന് ശാസ്ത്രലോകത്തിന്റെ സ്ഥിരീകരണം. യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വാ ദൗത്യത്തിനായി അയച്ച റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിയാണ് ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചൊവ്വയുടെ പ്രതലത്തിലെ ഒരു ഘനയടി മണ്ണില്‍ ജലതന്മാത്രകള്‍ ധാരാളമുള്ളതായാണ് സ്ഥിരീകരണം. ചൊവ്വക്ക് ചുറ്റുമുള്ള പൊടിപടലങ്ങള്‍ നിറഞ്ഞ ആവരണത്തില്‍ രണ്ട് ശതമാനം ജലമുണ്ടെന്ന് ക്യൂരിയോസിറ്റി ഗവേഷകരായ ലൗറി ലെസ്ഹിനും സഹപ്രവര്‍ത്തകരും സയന്‍സ് മാഗസിനിലെഴുതിയ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.

കാര്‍ബണ്‍ഡയോക്‌സൈഡ്, ഓക്‌സിജന്‍, സള്‍ഫര്‍ എന്നിവയുടെ മിശ്രിതങ്ങളും ചൊവ്വയില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യൂരിയോസിറ്റി പരീക്ഷണത്തിനെടുത്ത ആദ്യ സാമ്പിളില്‍ തന്നെ ജലം കണ്ടെത്താനായത് ഗ്രഹത്തിലെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ജലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചൊവ്വയിലെ ആദ്യ പര്യവേക്ഷണ സ്ഥലമായ ഡാര്‍വിനില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ പരിശേധിച്ചതില്‍ നിന്നുതന്നെ ജലാംശത്തിന് തെളിവ് കിട്ടിയിരുന്നു.ഗ്രഹത്തിന്റെ ഉപരിതലത്തിലെ മണ്ണില്‍ രണ്ട് ശതമാനത്തിലധികം ജലത്തിന്റെ അംശമുണ്ടെന്ന കണ്ടെത്തലിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് റെന്‍സീലര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്‌കൂള്‍ ഓഫ് സയന്‍സസില്‍ ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന ലൗറി ലെസ്ഹിന്‍ വ്യക്തമാക്കി.

ചൊവ്വാ ഗ്രഹത്തെ കുറിച്ച് ലഭിച്ച ഈ അധിക വിവരം ഭാവിയിലെ ബഹിരാകാശ യാത്രികര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 2011 നവംബര്‍ 26നാണ് സ്‌പേസ് കാനവറില്‍ നിന്ന് ക്യൂരിയോസിറ്റി യാത്ര തിരിച്ചത്. 2012 ആഗസ്റ്റ് ആറിനാണ് ചൊവ്വയിലെത്തിയത്. ആദ്യം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് അയച്ചിരുന്നതെങ്കിലും പിന്നീട് വര്‍ണ ചിത്രങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക എന്നതായിരുന്നു ക്യൂരിയോസിറ്റി പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ചൊവ്വയില്‍ ഇതേവരെ ഇറങ്ങിയ പര്യവേക്ഷണ വാഹനങ്ങളില്‍ ഏറ്റവും വലുതാണ് ക്യൂരിയോസിറ്റി.