മാഹി- പുതുച്ചേരി ട്രെയിന്‍ കന്നി യാത്ര നാളെ

Posted on: September 27, 2013 6:01 am | Last updated: September 27, 2013 at 8:01 am

വടകര: മയ്യഴിയില്‍ നിന്നും ഭരണസിരാകേന്ദ്രമായ പുതുച്ചേരിയിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിച്ച് നാളെ ആരംഭിക്കുന്ന പ്രതിവാര ട്രെയിനിന്റെ കന്നിയാത്ര മാഹി റെയില്‍വേ സ്റ്റേഷനില്‍ പുതുച്ചേരി എം പിയും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ വി നാരായണ സ്വാമി ഫഌഗ് ഓഫ് ചെയ്യുമെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ മുനിസാമി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.40ന് പുതുച്ചേരിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഞായറാഴ്ച കാലത്ത് ആറ് മണിക്ക് മാഹിയിലും 9.50ന് മംഗലാപുരത്തും എത്തിച്ചേരും. ഞായറാഴ്ച വൈകീട്ട് 7.40ന് മാഹിയില്‍ എത്തിച്ചേരുന്ന ട്രെയിന്‍ തിങ്കളാഴ്ച കാലത്ത് പത്ത് മണിക്ക് പുതുച്ചേരിയില്‍ എത്തിച്ചേരും. പുതിയ ട്രെയിന്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, ട്രിച്ചി, വൃഡാചലം, വില്ലുപുരം വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഔദ്യോഗിക കാര്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ക്കും വളരെയേറെ ഉപകാരപ്രദമാണ് ഈ ട്രെയിനെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ട് മയ്യഴി ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് നാളെ വൈകീട്ട് മൂന്ന് മണിക്ക് ഘോഷയാത്ര ആരംഭിക്കും. ഇതോടൊപ്പം ഐ എസ് ആര്‍ ഒ നടപ്പാക്കുന്ന വില്ലേജ് റിസോഴ്‌സ് സെന്ററിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിക്കും. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.
മാഹി എം എല്‍ എ ഇ വത്സരാജ്, വടകര എം എല്‍ എ സി കെ നാണു, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശ ഉമ്മര്‍, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കു. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. പി രവീന്ദ്രന്‍, ബി ബാലപ്രദീപ്, ഉത്തമരാജ്, പി ബി ജീവാനന്ദന്‍, എം എ കൃഷ്ണന്‍, പി പി രാജേഷ്, പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.