Connect with us

National

സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പരത്തുന്ന പ്രവണതക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മുതലെടുക്കുന്ന സമീപനത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പതിനാറാം ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിത ഉപയോഗം പരിശോധിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഈയടുത്ത് നടന്ന പല സംഘര്‍ഷങ്ങളിലും വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെയും മൊബൈല്‍ ഫോണിലൂടെയുമുണ്ടാകുന്ന പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഈയടുത്തുണ്ടായ മുസാഫര്‍നഗര്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടിയത് ഇത്തരം വ്യാജ വീഡിയോ പ്രചാരണമായിരുന്നു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുള്ള ചെറിയ നീക്കങ്ങള്‍ പോലും അടിച്ചമര്‍ത്താന്‍ അപ്പപ്പോള്‍ നടപടി സ്വീകരിക്കണം. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് കാലതാമസമുണ്ടാകരുത്. മുസാഫര്‍നഗറിലുണ്ടായ കലാപത്തെ തുടര്‍ന്ന് ജീവനും സ്വത്തിനും കനത്ത നഷ്ടമാണ് ഉണ്ടായത്. ഇത്തരം കലാപങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാശ്മീരിലും അസമിലും കാണുകയുണ്ടായി. കലാപങ്ങള്‍ തടയുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുമിന്ന് ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ പതിനായിരത്തില്‍ അധികം കേസുകളാണ് എടുത്തിട്ടുള്ളത്. തങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലെന്ന തോന്നല്‍ ദുര്‍ബല വിഭാഗങ്ങളില്‍ ഉണ്ടാക്കരുത്. ലൈംഗികാതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നിയമങ്ങളില്‍ ഭേദഗതി മാത്രം പോര, സാമൂഹിക ചിന്താഗതിയില്‍ മാറ്റം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈയിടെ നടന്ന കലാപങ്ങള്‍ക്കെല്ലാം പിറകില്‍ ആസൂത്രിതമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആഭ്യന്ത്രര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. സമൂഹത്തെ വര്‍ഗീയമായി ധ്രൂവീകരിക്കാനുള്ള നീക്കമാണ് കലാപങ്ങള്‍ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും യോഗത്തിനെത്തിയില്ല. കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷത്തെ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, ദേശീയ, പ്രാദേശിക പാര്‍ട്ടി നേതാക്കള്‍, പ്രഗത്ഭ മാധ്യമപ്രവര്‍ത്തകര്‍, വ്യാപാര പ്രമുഖര്‍, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കം 148 അംഗങ്ങളാണ് സമിതിയിലുള്ളത്.

 

Latest