Connect with us

Articles

പോലീസിന്റെ ജനനേന്ദ്രിയവിരോധവും ചീമുട്ടയേറിന്റെ രാഷ്ട്രീയവും

Published

|

Last Updated

പോലീസിന്റെ ലാത്തിക്ക് ഗര്‍ഭോത്പാദനശേഷിയുണ്ടായിരുന്നെങ്കില്‍ താന്‍ പണ്ടേ പ്രസവിക്കുമായിരുന്നുവെന്ന് കെ ആര്‍ ഗൗരിയമ്മ ഒരിക്കല്‍ പറയുകയുണ്ടായി. 2013 സപ്തംബര്‍ അഞ്ചിലെ പത്രങ്ങളിലും ടി വി ദൃശ്യങ്ങളിലും നിറഞ്ഞുനിന്ന ആ വാര്‍ത്താചിത്രം കണ്ടപ്പോള്‍ ഗൗരിയമ്മയുടെ പഴയ പ്രസ്താവന ഓര്‍ത്തു. മനുഷ്യര്‍ക്കെങ്ങനെയാണ് മറ്റൊരു മനുഷ്യജീവിയോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ കഴിയുന്നത്? മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഘത്തില്‍ ഉണ്ടായിരുന്ന ജയപ്രസാദിന്റെ പാന്റ്‌സിന്റെ സിപ് മാറ്റി ലാത്തികയറ്റി ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ആ ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം തകര്‍ക്കുന്നതായിരുന്നല്ലോ ചിത്രം. പ്രസാദിന്റെ പാന്റ്‌സിനുള്ളില്‍ മറ്റു മനുഷ്യരെ പോലെ സ്വന്തം ജനനേന്ദ്രിയമല്ലാതെ മറ്റു സ്‌ഫോടകവസ്തുക്കളൊന്നും ഒളിപ്പിച്ചുവെച്ചിരുന്നതായി റിപ്പോര്‍ട്ടില്ല. അല്ലെങ്കിലും ഈ ജനനേന്ദ്രിയം ഒരു സ്‌ഫോടക വസ്തുവാണെന്ന് നമ്മുടെ ചില പോലീസുകാര്‍ വിചാരിക്കുന്നുണ്ടാകും. ബലാത്സംഗവും പിടിച്ചുപറിയും കൊലപാതകവും ഉള്‍പ്പെടെ മനുഷ്യനെ അവന്റെ മനുഷ്യത്വത്തില്‍ നിന്നന്യവത്കരിക്കുന്ന സകല ചീത്ത പ്രവൃത്തികളും ഈ ഒരു അവയവത്തിന്റെ ദുര്‍വിനിയോഗം നിമിത്തമാണ് സംഭവിക്കുന്നതെന്ന് വിലയിരുത്തുന്ന മനഃശാസ്ത്രജ്ഞന്മാരും കുറ്റ്വാനേ്വഷണ വിദഗ്ധരും ഉണ്ട്.
പോലീസ് മൂത്ത് എസ് ഐ ആയ സി വിജയദാസിന്റെ കേവലമായ ഒരു വിവരക്കേട് എന്ന നിലയില്‍ ഇത്തരം ക്രൂരപ്രവൃത്തികളെ നിസ്സാരവത്കരിക്കുന്നത് ശരിയല്ല. മധ്യയുഗങ്ങളില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍ നടത്തിയ ദുര്‍മന്ത്രവാദ വേട്ട (വിച്ച് ഹണ്ടിംഗ്)യിലായാലും ഇന്‍ക്വസിഷന്‍ അഥവാ മതദ്രോഹ വിചാരണക്കോടതി നടപ്പിലാക്കിയ ശിക്ഷാ നടപടികളിലായാലും ഏറ്റവും കൂടുതല്‍ ആക്രമണവിധേയമായ ശരീരാവയവം ജനനേന്ദ്രിയമായിരുന്നു. ശാവുല്‍ രാജാവ് തന്റെ പുത്രി മീഖളിനെ ദാവീദിന് വിവാഹം ചെയ്തുകൊടുക്കാന്‍ പകരം ആവശ്യപ്പെട്ടത് ശത്രു രാജ്യത്തെ ആയിരം സൈനികരുടെ മുറിച്ചുമാറ്റപ്പെട്ട ലിംഗാഗ്രങ്ങളായിരുന്നു എന്ന് പഴയ നിയമ ബൈബിളിലെ ശാമുവേലിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്ന സൈനികരെ ബലമായി ഷണ്ഡീകരിച്ച് പല പുരാതന രാജാക്കന്മാരും തങ്ങളുടെ അന്തഃപുരങ്ങളിലെ പെണ്ണുങ്ങളുടെ കാവല്‍ക്കാരായി നിയോഗിച്ചിരുന്നു. ഒരു തരം വംശഹത്യാ വാസനയുടെ പ്രതിഫലനമാണിത്തരം കിരാത നടപടികള്‍. ഈ പരിഷ്‌കൃത കാലത്തും നമ്മുടെ ചില പോലീസ് യജമാനന്മാരില്‍ ഈ വാസന നിലനില്‍ക്കുന്നു എന്നത് കഷ്ടമാണ്.
തെരുവില്‍ സ്വന്തം ഷര്‍ട്ടൂരി ഭരണാധികാരികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് തിരുവഞ്ചൂരിന്റെ പോലീസ് ഈ കിരാതവൃത്തി ചെയ്തതെങ്കില്‍ മുമ്പ് കരുണാകരന്റെ പോലീസ് നക്‌സലൈറ്റുകളെന്നാരോപിച്ച് പിടികൂടി പല യുവാക്കളുടെയും മറ്റും ലിംഗത്തില്‍ ഈര്‍ക്കില്‍ കുത്തിക്കയറ്റുകയും ഉലക്കകൊണ്ട് ഇടിച്ചു ചതക്കുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ ഇതിനകം കേരളീയ സമൂഹം കേട്ടുകഴിഞ്ഞു. അവരില്‍ ചിലരൊക്കെ കാലയവനികക്കു പിന്നില്‍ മറഞ്ഞു. ചിലര്‍ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷികളായി നമുക്കിടയില്‍ ഉണ്ട്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ആദ്യനാളുകളില്‍ നിര്‍ദോഷികളായ ചെറുപ്പക്കാരെ ക്യാമ്പസുകളില്‍ നിന്ന് പൊക്കിയെടുത്തു തല പറ്റേ ക്ഷൗരം ചെയ്യിക്കുക, എതിര്‍ത്തവരെ ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ ചില കലാപരിപാടികള്‍ കേരളത്തിലെ മിക്ക പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. അന്ന് ആ നടപടിയെ പരിഹസിച്ചുകൊണ്ട് എം എന്‍ വിജയന്‍ മാഷ് പറഞ്ഞു: കേരളത്തിലെ യുവാക്കളെ രാഷ്ട്രീയമായി ഷണ്ഡവത്കരിക്കാന്‍ ഭരണകൂടം പോലീസിനെ ഉപയോഗിക്കുകയാണ്. ഭരണകൂടം ഒരു പരിധി വരെ ഇതില്‍ വിജയിച്ചു. പല ചെറുപ്പക്കാരും രാഷ്ട്രീയത്തോട് സലാം പറഞ്ഞു സ്വന്തം മാളങ്ങളില്‍ തല പൂഴ്ത്തി. ചെറുപ്പക്കാരുടെ തണുത്തുറഞ്ഞ രാഷ്ട്രീയബോധം സോളാര്‍ പശ്ചാത്തലത്തില്‍ ചൂട് പിടിക്കുന്നുവെന്ന് മനസ്സിലാക്കിയ വലതുപക്ഷം പോലീസിനെക്കൊണ്ട് അവരെ ഷണ്ഡവത്കരിക്കാന്‍ പോകുന്നു എന്നതിന്റെ പ്രതീകാത്മക സൂചനയായിട്ടു ഈ സംഭവത്തെ കാണണമോ?
പോലീസ് എന്ന വാക്കിന് പരിഷ്‌കൃതസമൂഹം വളരെ മാന്യമായ ചില അര്‍ഥകല്‍പ്പനകളാണ് നല്‍കിയിട്ടുള്ളത്. പൊളൈറ്റ്‌നെസ്സ്, ഒബീഡിയന്‍സ്, ലോയല്‍റ്റി, ഇന്റലിജെന്‍സ്, കറേജ്, എമിനെന്‍സ് എന്നിങ്ങനെ ആ വാക്കിലെ ഓരോ അക്ഷരത്തിനും ഓരോ മഹത്വമുദ്രകള്‍ ചാര്‍ത്തിക്കൊടുത്ത പാരമ്പര്യമാണ് നമ്മള്‍ പിന്തുടരുന്നത്. പോലീസ് ഈ പോക്ക് പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുക തന്നെ ചെയ്യും. കുറ്റവാളികളെ പിടികൂടി കുറ്റകൃത്യം തടയേണ്ട പോലീസ് യജമാനന്റെ വീട്ടുകാവല്‍ ചെയ്യുന്ന വെറും വളര്‍ത്തു നായയായി അധഃപതിക്കുന്നത് കഷ്ടമാണ്.
ഇരയുടെ മേല്‍ ചാടി വീഴുന്ന ഹിംസ്രജന്തുവാകരുത് പൊതുഖജനാവില്‍ നിന്നു ശമ്പളം പറ്റി ജീവിക്കുന്ന പോലീസുകാര്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ചു ഭരണാധികാരികളുടെ പട്ടും വളയും വാങ്ങിച്ച പല മുന്‍ പോലീസ് മേധാവികളുടെയും കാര്യം കേരളാ പോലീസിലെ സി വിജയാദാസിനെപ്പോലുള്ളവര്‍ ഓര്‍മിക്കുന്നത് നല്ലത്. മര്‍ദകവീരന്മാരായ പല മുന്‍ പോലീസുദേ്യാഗസ്ഥന്മാരും പ്രായത്തിന്റെ ആനുകൂല്യവും ഭരണപക്ഷത്തിന്റെ ഔദാര്യവും ഒക്കെ പ്രയോജനപ്പെടുത്തി ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്ന് പയ്യെപയ്യെ പുറത്തു വരുന്നതേയുള്ളൂ. ഈശ്വരപ്രാര്‍ഥനയും ആള്‍ദൈവാരാധനയുമൊക്കെയായി ജപമാല ധരിച്ചു നടക്കുന്ന ഇവന്മാരെ നോക്കി ഇപ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുകയാണ്. ഗുജറാത്തില്‍ സര്‍ക്കാര്‍ നയം നടപ്പിലാക്കുക മാത്രം ചെയ്തവരെന്നവകാശപ്പെട്ട് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചു ഭരണകക്ഷിയുടെ പ്രതിയോഗികളെ കൊന്നൊടുക്കുന്നതിനു നേതൃത്വം നല്‍കിയ 32 പോലീസ് മേധാവികളാണ് ഇപ്പോള്‍ അവിടെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. നിലനില്‍ക്കുന്ന നിയമ വ്യവസ്ഥക്കുള്ളില്‍ നരേന്ദ്ര മോഡിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഇവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തിരുമുമ്പില്‍ സേവ നടത്തി ആളാകാന്‍ അതിക്രമം കാണിച്ചിട്ട് ഇപ്പോള്‍ ഈ പോലീസുകാര്‍ ജയിലില്‍ കിടന്നുകൊണ്ട് പത്രക്കാരോട് കുമ്പസാരിക്കുന്നു.
ഇത് കേള്‍ക്കുമ്പോള്‍ ബ്രിട്ടീഷ് രാജ് ചരിത്രത്തിലെ ഒരു സംഭവവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥ ഓര്‍മ വരുന്നു. ഹെന്റി എട്ടാമന്‍ രാജാവിന്റെ സകല ദുര്‍വൃത്തികള്‍ക്കും ചുക്കാന്‍ പിടിച്ച മഹാ പുരോഹിതനായിരുന്നു കര്‍ദിനാള്‍ വൂള്‍സി. ഒടുവില്‍ രാജാവിന്റെ അപ്രിയത്തിന് പാത്രമായി. രാജദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയില്‍ വൂള്‍സിക്കു മരണശയ്യയൊരുക്കി. മരിക്കുന്നതിനു മുമ്പ് കര്‍ദിനാള്‍ വൂള്‍സി തന്റെ മരണമൊഴിയായി പറഞ്ഞ വാചകം ചരിത്രവിദ്യാര്‍ഥികളുടെ ഓര്‍മയിലുണ്ടാകും : “ഞാന്‍ രാജാവിനെ സേവിച്ചതു പോലെ ദൈവത്തെ സേവിച്ചിരുന്നെങ്കില്‍ ഈ വാര്‍ധക്യത്തില്‍ എനിക്കീ അവസ്ഥ വരുമായിരുന്നില്ല. രാജാവിനെ പ്രീതിപ്പെടുത്താനുള്ള ബദ്ധപ്പാടില്‍ ദൈവത്തോടുള്ള കടമകള്‍ ഞാന്‍ വിസ്മരിച്ചു. അതിനാല്‍ ഈ ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നതാണ്.” കര്‍ദിനാള്‍ വൂള്‍സി വൈദികര്‍ക്ക് ഒരു ദുര്‍മാതൃകയായിരുന്നു എന്നാണ് വില്യം ഷേക്‌സ്പിയര്‍ “ഹെന്റി എട്ടാമന്‍” എന്ന നാടകത്തില്‍ പറയുന്നത്. ഉദേ്യാഗം ഭരിക്കുമ്പോള്‍ മേലധികാരികളുടെ പ്രീതി ലക്ഷ്യമാക്കി അവര്‍ക്ക് പാദപൂജ നടത്തുന്ന ഇത്തരം പൂജാരികള്‍ക്ക് ഒരു പാഠമാകേണ്ടതാണ് വൂള്‍സിയുടെ വാക്കുകള്‍. ഇപ്പോള്‍ ഗുജറാത്തിലെ ജയിലില്‍ നിന്നും അവിടുത്തെ മുന്‍ ഡി ഐ ജി വന്‍സാര ചീഫ് സെക്രട്ടറിക്ക് അയച്ച രാജിക്കത്തിലും ഇത് മുഴങ്ങുന്നു.
ഇവിടെ ഉയര്‍ന്നുവരാവുന്ന മറ്റൊരു ചോദ്യം പ്രതിഷേധം ഏതറ്റം വരെ പോകാം എന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് ഉപന്യസിക്കുമ്പോള്‍ പ്രസിദ്ധ രാഷ്ട്രീയ ചിന്തകനും ദാര്‍ശനികനുമായിരുന്ന എം എന്‍ റോയി പ്രാതിനിധ്യ ജനാധിപത്യം, പങ്കാളിത്ത ജനാധിപത്യം ആയി വികസിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാം എസ്റ്റേറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളും മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തത്സമയ ചര്‍ച്ചകളിലൂടെയും മറ്റും നിറവേറ്റുന്നത് ഒരര്‍ഥത്തില്‍ ഈ ദൗത്യം തന്നെയാണ്. ഒരിക്കല്‍ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അധികാരത്തിന്റെ ചെങ്കോലും കിരീടവും അവരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ജനത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും പിന്നീട് ഇവര്‍ എന്തുചെയ്താലും കൈയും കെട്ടി നോക്കി നിന്നുകൊള്ളണമെന്നും ശഠിക്കുന്നവരാണ് ഇടക്കിടെ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ അപലപിക്കുന്നത്. നാട്ടിലെന്തു നടന്നാലും ആര് എങ്ങനെ ഭരിച്ചാലും തങ്ങള്‍ക്കൊന്നുമാല്ലെന്നു കരുതി സ്വന്തം സാമൂഹിക ബാധ്യതകളെക്കുറിച്ച് യാതൊരു ബോധവും ഇല്ലാതെ ജീവിക്കുന്ന ദന്തഗോപുരവാസികള്‍ക്ക് ഇത്തരം പ്രക്ഷോഭ സമരങ്ങളുടെ അര്‍ഥം മനസ്സിലാകില്ല. അവരും അവരുടെ കുഴലൂത്തുകാരായ പത്രക്കാരും ആഗോളവത്കരണത്തിന്റെ അനുബന്ധമായ അരാഷ്ട്രീയവല്‍ക്കരണത്തിനു വഴിവെട്ടുകയാണ്.
സമൂഹത്തില്‍ വളര്‍ന്നുവരുന്ന മേല്‍ത്തട്ട് കീഴ്ത്തട്ട് ധ്രുവീകരണത്തില്‍ കീഴ്ത്തട്ടിലേക്ക് പതിച്ചുപോയവരും ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്കും ഈ ഗതി തന്നെയായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ആശങ്കപ്പെടുന്നവരും ആയ ഇടത്തരക്കാരും ആണ് ചരിത്രത്തില്‍ എന്നും മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ചിട്ടുള്ളത്. അവരുടെ സമരവീര്യം ആളിക്കത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയ കക്ഷികള്‍ ആ ജോലി നിറവേറ്റുക തന്നെ ചെയ്യും. ഇതാണ് ഇപ്പോള്‍ നടന്നുവരുന്ന വഴിയില്‍ തടയല്‍ പോലുള്ള സമരപരിപാടികള്‍. തടയല്‍ സാധ്യമല്ലാതെ വരുമ്പോള്‍ കരിങ്കൊടി വീശലും ഷര്‍ട്ടൂരി വീശിക്കാണിക്കലും ഒക്കെ നടക്കും. അതു കണ്ടാല്‍ നാണിച്ചു മാളത്തിലൊളിക്കുന്നവരൊന്നുമല്ല നമ്മുടെ ജനകീയ മന്ത്രിമാര്‍. എന്നാല്‍ തങ്ങളുടെ നയപരിപാടികളോട് യോജിപ്പില്ലാത്ത നാട്ടിലെ മറ്റു ചില ജനവിഭാഗങ്ങള്‍ക്ക് ഇങ്ങനെയൊക്കെയുള്ള പ്രതീകാത്മക പ്രതിഷേധങ്ങള്‍ നടത്താന്‍ അവകാശമൊന്നുമില്ലെന്ന് ഭരണം കൈയാളുന്നവര്‍ ധരിക്കാന്‍ പാടില്ല. സീസര്‍ മാത്രമല്ല, സീസറുടെ ഭാര്യയും സംശയാതീതയായിരിക്കണം. സംശയത്തിന്റെ പുകമറയാല്‍ വലയം ചെയ്യപ്പെട്ട ഒരു മുഖ്യമന്ത്രി രാജിവെച്ച് അനേ്വഷണത്തിന് വിധേയനാകുന്നതുകൊണ്ട് ഒരാകാശവും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.
ഭരണകൂടം ഒരു വലേ്യട്ടനാണെങ്കില്‍ പ്രതിഷേധക്കാര്‍ ഒരു പറ്റം കുഞ്ഞനുജന്മാരാണ്. വെലേ്യട്ടന്‍മാര്‍ കുഞ്ഞനുജന്മാരെ ആ നിലയില്‍ തന്നെ കാണണം. ചവിട്ടും കുത്തും ഒന്നുമല്ല, തലോടലാണ് പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കുക. സത്യഗ്രഹം, ധര്‍ണ, വഴിതടയല്‍, മനുഷ്യച്ചങ്ങല ഇതൊക്കെ ജനശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിഷേധമാര്‍ഗങ്ങളാണ്. അതു ചിലപ്പോളൊക്കെ കല്ല്, കുറുവടി, ചെരുപ്പ്, ചീമുട്ട ഇങ്ങനെയുള്ള വസ്തുക്കളുടെ വലിച്ചെറിയലിലേക്ക് പരിണമിക്കുമ്പോള്‍ കൂടുതല്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചെന്നുവരും. അതുപക്ഷേ, വിപരീതഫലം ഉളവാക്കിയെന്നും വരും. ചെരുപ്പും ചീമുട്ടയും ഒക്കെ സമരായുധമാക്കി ലോകത്തിന് ആദ്യം മാതൃക കാട്ടിക്കൊടുത്തത് പാര്‍ലമെന്റുകളുടെ മാതൃസ്ഥാനം അവകാശപ്പെടുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രബുദ്ധരായ അംഗങ്ങള്‍ തന്നെയായിരുന്നു. എന്തായാലും അവിടെനിന്നും ഇതൊക്കെ ക്രമേണ തിരോഭവിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം അതിരുവിട്ട പ്രകോപനങ്ങള്‍ ഭരണപക്ഷത്തെ ചിലപ്പോഴൊക്കെ ചില പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെറുതെയല്ല, അധികാരത്തിന്റെ വാള്‍ ഇരുവശത്തും മൂര്‍ച്ചയുള്ളതാണെന്ന് പറയുന്നത്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പിടിക്കുന്നവനും ചിലപ്പോള്‍ മുറിവേറ്റെന്നുവരും.
എന്തായാലും ചീമുട്ടയേറ് അത് കോണ്‍ഗ്രസുകാര്‍ അവരുടെ കൂടി ചീഫ് വിപ്പായ പി സി ജോര്‍ജിനെതിരെ എറിഞ്ഞാലും ഡി വൈ എഫ് ഐക്കാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എറിഞ്ഞാലും സംഗതി നാറ്റക്കേസാണ്. കുറഞ്ഞ പക്ഷം ചീമുട്ടക്ക് പകരം നല്ല മുട്ട എറിഞ്ഞ് പ്രതിഷേധിക്കുന്ന കാര്യം ആലോചിക്കുകയെങ്കിലും വേണം. മുട്ട പുഴുങ്ങി അല്‍പ്പം ഉപ്പും കുരുമുളകും ചേര്‍ത്തോ ഓം ലെറ്റാക്കിയോ എറിയാന്‍ പറ്റുമെങ്കില്‍ ഏറെ നന്നായിരിക്കും. മുട്ട ഒരു പ്രതീകമാണ്. അതില്‍ ജീവന്റെ തുടിപ്പുകള്‍ മറഞ്ഞിരിക്കുന്നു. ഇന്നത്തെ മുട്ടയാണ് നാളത്തെ കോഴി. അതിനാല്‍ മുട്ടയെറിഞ്ഞുള്ള പ്രതിഷേധത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അത്രക്കങ്ങ് പരിഹസിക്കേണ്ട. ഏതായാലും ബോംബിനെക്കാളും ചെരുപ്പിനെക്കാളും ഒക്കെ ഭേദം മുട്ട തന്നെയാണ്. പക്ഷേ ചീമുട്ടയല്ലാതെ നല്ല മുട്ടകളൊന്നും തങ്ങളുടെ കൈവശം സ്റ്റോക്കില്ലെന്ന് നാട്ടുകാരെ അറിയിക്കാതിരിക്കുന്നതായിരിക്കും വിപ്ലവ കക്ഷികള്‍ക്ക് എന്നതുപോലെ വിപ്ലവവിരുദ്ധ കക്ഷികള്‍ക്കും നന്നായിരിക്കുക.

Latest