Connect with us

Ongoing News

സിംബാബ്‌വെ: മുഗാബെ സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ഹരാരെ: സിബാബ്‌വെ പ്രസിഡന്റായി റോബര്‍ട്ട് ജി മുഗാബെ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മാസം അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോര്‍ഗന്‍ സ്വാംഗിരിയുടെ നേതൃത്വത്തിലുള്ള മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ചിനെതിരെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച 89കാരനായ മുഗാബെ 35 വര്‍ഷത്തോളം രാജ്യത്തെ നയിച്ച വ്യക്തിയാണ്. തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി, തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തെ ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിബാബ്‌വെ ഭരണഘടനാ കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന സത്യപ്രതിജ്ഞ നീട്ടിവെക്കുകയായിരുന്നു. മുഗാബെക്ക് അനുകൂലമായ കോടതി വിധി വന്നതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.
ആറാം തവണയാണ് പ്രസിഡന്റായി മുഗാബെ സ്ഥാനമേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്ത് ഇന്നലെ പൊതു അവധിയായിരുന്നു. സത്യപ്രതിജ്ഞ നേരില്‍ വീക്ഷിക്കാനായി മുഗാബെയുടെ പതിനായിരക്കണക്കിന് അനുയായികള്‍ തലസ്ഥാനമായ ഹരാരെയിലെത്തി. ആഫ്രിക്കന്‍ യൂനിയന്റെയും സിംബാബ്‌വെ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 61 ശതമാനം വോട്ടുകള്‍ നേടിയാണ് മുഗാബെ വിജയിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്ന മുഗാബെയുടെ തിരിച്ചുവരവ് ബ്രിട്ടനെയും അമേരിക്കയെയും ചൊടിപ്പിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ വിട്ടുനിന്നു. പുതിയ സിംബാബ്‌വെ പ്രധാനമന്ത്രിക്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അനുമോദനങ്ങള്‍ അറിയിച്ചപ്പോള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും മുഗാബെയുടെ വിജയവും സത്യപ്രതിജ്ഞയും ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് പറഞ്ഞു.

 

 

Latest