Connect with us

International

ബ്രദര്‍ഹുഡിനെതിരെ പ്രക്ഷോഭം നടത്താന്‍ ഈജിപ്ത് സൈനിക മേധാവിയുടെ ആഹ്വാനം

Published

|

Last Updated

കൈറോ: രാജ്യവ്യാപകമായി നടക്കുന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ ബഹുജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഈജിപ്ഷ്യന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫതാഹ് അസീസി. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭകരും മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജനകീയ മുന്നേറ്റ സംഘടനയായ തംറദിന്റെ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് സൈനിക മേധാവിയും രാജ്യത്തിന്റെ ഇടക്കാല പ്രതിരോധ മന്ത്രിയുമായ അസീസി ജനങ്ങളോട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ തീവ്രവാദത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും മുക്തമാക്കാന്‍ ജനങ്ങളുടെ പിന്തുണ സൈന്യത്തിന് അനിവാര്യമാണെന്നും രാജ്യ സ്‌നേഹമുള്ള പൗരന്‍മാര്‍ അത് നിര്‍വഹിക്കണമെന്നും ദേശീയ ടിവി ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസീസി പ്രഖ്യാപിച്ചു. മുര്‍സിയെ പുറത്താക്കിയതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
നാളെ ജുമുഅ നിസ്‌കാരത്തിന് ശേഷം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ അസീസി ജനങ്ങളോട് ആഹ്വാനം ചെയ്തു. സൈന്യത്തിനെതിരെ ബ്രദര്‍ഹുഡ് നേതൃത്വം ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വേണ്ടിയാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജനങ്ങളെ ചേരിതിരിച്ച് ബ്രദര്‍ഹുഡിനെതിരായ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് അസീസി ചെയ്യുന്നതെന്ന് ബ്രദര്‍ഹുഡ് നേതാവ് ആരോപിച്ചു. ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് സൈന്യം അഴിച്ചുവിടുന്നതെന്നും പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ജസ്റ്റിസ് പാര്‍ട്ടി (എഫ് ജെ പി)യുടെ ഉപമേധാവി ഇസാം അല്‍ ഇറൈന്‍ വ്യക്തമാക്കി.
സൈനിക മേധാവിയുടെ പ്രഖ്യാപനം തുടര്‍ദിവസങ്ങളില്‍ ഈജിപ്തില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ക്ക് കാരണമാകുമെന്നും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുമെന്നും രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, കൈറോയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തലസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി കൊല്ലപ്പെടുന്നവരുടെ എണ്ണം നൂറ് കവിഞ്ഞതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.