Connect with us

Wayanad

ജാതി സര്‍ട്ടിഫിക്കറ്റിനായി 25 വര്‍ഷം: ഈഴവ-തിയ്യ സമുദായം സമരത്തിലേക്ക്

Published

|

Last Updated

ഗൂഡല്ലൂര്‍: 25 വര്‍ഷമായി ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന നീലഗിരി ജില്ലയിലെ മലയാളികളായ ഈയവ-തിയ്യ സമുദായങ്ങള്‍ പ്രക്ഷോഭം ആരംഭിക്കുന്നു. ജില്ലയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍, കോത്തഗിരി, മഞ്ചൂര്‍ താലൂക്കുകളിലെ ഒരു ലക്ഷത്തോളം വരുന്ന ഈയവ-തിയ്യ സമുദായമാണ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരുടെ മക്കളുടെ ഉന്നത പഠനം അവതാളത്തിലായിരിക്കുകയാണ്. കൂടാതെ സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയുമില്ല. ഇത്കാരണം ഇവര്‍ കടുത്ത പ്രതിസന്ധിയിലാണ്. പലരും ഉന്നത പഠനത്തിന് സാധിക്കാതെ മറ്റു ജോലികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്.
പല സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഇവര്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം എല്‍ എ, എം പി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആദ്യഘട്ട സമരത്തിന്റെ ഭാഗമായി ഇവരുടെ മക്കളായ സ്‌കൂള്‍ കുട്ടികള്‍ പ്രകടനമായി എത്തി കോത്തഗിരിയിലെ എം ജി ആറിന്റെ പ്രതിമക്ക് നിവേദനം നല്‍കുന്ന സമരമാണ് നടത്തുന്നത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കും. വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധമായി മഞ്ചൂരിലെ അയ്യപ്പ ക്ഷേത്രത്തിലെ കല്ല്യാണമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ചെല്ലപ്പന്‍ അധ്യക്ഷതവഹിച്ചു. രാജ്കുമാര്‍, മണികണ്ഡന്‍, സുധേവന്‍, വേലായുധന്‍, വിഷ്ണു, മോഹന്‍, അഡ്വ. വിജയന്‍, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.