ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഹരിത ട്രൈബ്യൂണല്‍ വിധിയും

Posted on: July 20, 2013 12:18 am | Last updated: July 20, 2013 at 12:18 am

siraj copyഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരാകരിച്ചിരിക്കയാണ്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി തയാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി സ്വീകരിച്ചു കൊണ്ടാണ് കേരളത്തിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയത്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമ ഘട്ട മലനിരകള്‍ അതീവ പരിസ്ഥിതിലോല പ്രദേശമാണെന്ന യുനെസ്‌ക്കോ കണ്ടെത്തുകയും ഐക്യരാഷ്ട്ര സംഘടന ഈ വനമേഖലയെ അന്താരാഷ്ട്ര പൈതൃക സമ്പത്തായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ ഏതൊക്കെ പ്രദേശങ്ങളാണ് അതീവ പരിസ്ഥിതിലോലപ്രദേശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടേണ്ടതെന്നും എന്തെല്ലാം നിയന്ത്രണ ങ്ങളും സംരക്ഷണ നടപടികളുമാണ് ഇവിടെ നടപ്പാക്കേണ്ടെതെന്നും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര സക്കാര്‍ മാധവ് ഗാഡ്ഗില്‍ കണ്‍വീനറായ സമിതിയെ നിയേഗിച്ചത്. നദികളും പുല്‍മേടുകളും വനഭൂമിയും യാതൊരു വിധ ക്ഷതവും തട്ടാതെ നിലനിര്‍ത്തണമെന്നും പ്രത്യേകം സംരക്ഷിക്കപ്പെ ടേണ്ട വനമേഖലകളില്‍ ഖനനമോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ അനുവദിക്കരുതെന്നും 50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഉപേക്ഷിക്കണമെന്നും നിദേശിക്കുന്ന റിപ്പോര്‍ട്ടാണ് 2011 ആഗസ്തില്‍ സമിതി സമര്‍പ്പിച്ചത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മേല്‍പ്രദേശങ്ങളിലെ ജനങ്ങളെയും സംസ്ഥാനത്തിന്റെ കാര്‍ഷിക, ഊര്‍ജ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ വാദം. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ നിര്‍ദിഷ്ട പ്രദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും, വീട് ,റോഡ് നിര്‍മാണം, പുതിയ കൃഷി, അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെ ഉപയോഗം, രാസവള പ്രയോഗം, മണല്‍ ഖനനം, മാലിന്യ സംസ്‌കരണം, തുടങ്ങിയവക്കെല്ലാം പരിസ്ഥിതി മന്ത്രാലയ ത്തിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. അതിരപ്പിള്ളിയടക്കം കേരളത്തിന്റെ വൈദ്യുതി വികസന സംരംഭങ്ങള്‍ സ്തംഭിക്കും. പരിസ്ഥിതി ദുര്‍ബല മേഖലയായി ഗാഡ്ഗില്‍ സമിതി കണ്ടെത്തിയ പശ്ചിമ ഘട്ടപ്രദേശത്താണ് സംസ്ഥാനത്തെ കൂടുതല്‍ വൈദ്യുതി പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, താപ, സൗരോര്‍ജ, കാറ്റാടി പദ്ധതികള്‍ക്കും പുതിയ നിബന്ധന തടസ്സമാകും. എന്നിത്യാദി ആശങ്കകളാണ് സര്‍ക്കാറിനുള്ളത്. കഴിഞ്ഞ ജനുവരി 18ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും കേരളത്തിന് പ്രായോഗികമല്ലെന്നും സംസ്ഥാനത്തെ ഇതില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. രത്‌നഗിരി, സിന്ദുഗുര്‍ മേഖലയിലെ നിര്‍മാണ ജോലികളെ ബാധിക്കുമെന്നതിനാല്‍ മഹാരാഷ്ട്രയും ഗുണ്ടിയ അണക്കെട്ട് നിര്‍മാണത്തിന് തടസ്സമാകുന്നതിനാല്‍ കര്‍ണാടകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരാണ്.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചു കേന്ദ്രം കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗാഡ്ഗിലിന്റെ പല നിര്‍ദേശങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുകയും ജനങ്ങളോട് ഏറ്റുമുട്ടിയല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. അമ്പത് വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഉപേക്ഷിക്കുക, 89 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമുണ്ടാ ക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക, രാസവളങ്ങള്‍ ഉപയോഗി ക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആശങ്കകള്‍ അതിശയോക്തിപരമാണെന്നും ജനങ്ങള്‍ക്കോ കാര്‍ഷിക മേഖലക്കോ പ്രയാസം സൃഷ്ടിക്കുന്ന നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ലെന്നുമാണ് പരിസ്ഥിതിവാദികളുടെ പക്ഷം. എസ്റ്റേറ്റ് മാഫിയകളാണ് റിപ്പോര്‍ട്ടിനെതിരായ പ്രചാരണത്തിന് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഗാഡ്ഗിലോ, കസ്തുരിരംഗനോ? ഏത് റിപ്പോര്‍ട്ട് സ്വീകരിക്കണമെന്ന കാര്യത്തില്‍ കേന്ദ്രം ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ കേന്ദ്രം ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നും മെയ് 30നകം ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഏപ്രില്‍ 25ന് അന്ത്യശാസനം നല്‍കിയിരുന്നു. അതു കഴിഞ്ഞു ഒന്നര മാസം പിന്നിട്ടിട്ടും കേന്ദ്രം തീരുമാനം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഗോവ ഫൗണ്ടേഷന്‍ ഹരജി സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ താമസിയാതെ നയം വ്യക്തമാക്കാന്‍ കേന്ദ്രം നിര്ബന്ധിതമാകും. ഏതായാലും പശ്ചിമ ഘട്ട മലനിരകളുടെ പൈതൃക പ്രാധാന്യം കണക്കെലെടുക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ മാനിക്കുന്ന ഒരു തീരുമാനമാണ് കേരളം പ്രതീക്ഷിക്കുന്നത്.