ഫോണ്‍കോള്‍ പട്ടിക ചോര്‍ന്ന സംഭവം: ടി.ജെ ജോസിനെതിരേ എ ഡി ജി പിയുടെ റിപ്പോര്‍ട്ട്

Posted on: July 18, 2013 9:08 pm | Last updated: July 18, 2013 at 9:08 pm

t-j-joseതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ഫോണ്‍കോള്‍ പട്ടിക ചോര്‍ന്ന സംഭവത്തില്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐ ജി ടി ജെ ജോസിനെതിരേ ഇന്റലിജന്‍സ് എ ഡി ജി പിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഐ ജി നല്‍കിയ വിശദീകരണം കളവാണെന്നും ഫോണ്‍ രേഖയുടെ സി ഡി നശിപ്പിച്ചെന്ന ഐ ജിയുടെ വാദം വിശ്വസനീയമല്ലെന്നും എ ഡി ജി പി ടി പി സെന്‍കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടിക ചോര്‍ന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ടി.ജെ ജോസിനാണെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ സരിതയുടെ ഫോണ്‍ വിളികളെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ചത് ജോസ് മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. ടി ജെ ജോസിനെക്കൂടാതെ മറ്റ് ഉദ്യോഗസ്ഥര്‍ വഴിയും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യം വിവരങ്ങള്‍ ചോര്‍ന്നത് തലശേരി പോലീസ് സ്റ്റേഷനില്‍ നിന്നാണ്. ഇതിനു പിന്നില്‍ രണ്ട് ഉദ്യോഗസ്ഥരാണെന്നും എ ഡി ജിപി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെയടക്കം സരിത വിളിച്ച വിവരങ്ങളാണ് ചോര്‍ന്നത്. മാധ്യമങ്ങളില്‍ സരിത വിളിച്ച വ്യക്തികളുടെ പേരുകള്‍ സഹിതം റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എ ഡി ജി പിയെ ചുമതലപ്പെടുത്തിയത്. തനിക്ക് അന്വേഷണച്ചുമതല ലഭിക്കുമെന്ന് കരുതിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നായിരുന്നു ഐ ജി ടി.ജെ ജോസിന്റെ വിശദീകരണം.