മെക്‌സിക്കോയില്‍ 1500 വര്‍ഷം പഴക്കമുള്ള പിരമിഡുകള്‍ കണ്ടെത്തി

Posted on: July 16, 2013 12:11 am | Last updated: July 16, 2013 at 12:11 am

ന്യൂയോര്‍ക്ക്: മെക്‌സിക്കോയില്‍ മുപ്പത് അസ്ഥികൂടങ്ങളുള്ള പിരമിഡ് കണ്ടെത്തി. 1500 വര്‍ഷം പഴക്കമുള്ളതാണ് ഇവയെന്ന് കരുതപ്പെടുന്നു. കിഴക്കന്‍ മെക്‌സിക്കോയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അസ്ഥികൂടവും പിരമിഡും കണ്ടെത്തിയത്. രത്‌നം, മണികള്‍, കണ്ണാടി, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും പിരമിഡില്‍ നിന്ന് കണ്ടെത്തി. വെറാക്രൂസിലെ ജല്‍ടിപാന്‍ പട്ടണത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. നാഷനല്‍ ആര്‍ന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഇന്‍സ്റ്റിട്ട്യൂട്ട് (ഐ എന്‍ എ എച്ച്) ആണ് ഇക്കാര്യം അറിയിച്ചത്.
എ ഡി 600നും 700നും ഇടയിലുള്ള കാലത്തെ പിരമിഡാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. മുപ്പത് കുഴിമാടങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ശിശുക്കളുടെതായിരുന്നു. മാന്‍, നായ, മത്സ്യം, പക്ഷികള്‍ എന്നിവയുടെ അസ്ഥികൂടങ്ങളും കണ്ടെത്തി.
മായന്‍ കാലത്തെ ഇഷ്ടികകള്‍ ഉപയോഗിച്ചാണ് കല്ലറകളൊരുക്കിയത്. 12 മീറ്ററോളം ഉയരത്തിലാണ് ഇവ നിര്‍മിച്ചത്. ഇവിടെ നിന്ന് 120 കി മി അകലെയാണ് കൊമാകാല്‍കോ എന്ന മായന്‍ നഗരം സ്ഥിതിചെയ്യുന്നത്.