ആര്‍ഭാട ജീവിതത്തിന് കുഞ്ഞുങ്ങളെ വിറ്റു; പിതാവ് അറസ്റ്റില്‍

Posted on: July 4, 2013 12:35 am | Last updated: July 4, 2013 at 12:35 am

കാസര്‍കോട്: ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താന്‍ ദമ്പതികള്‍ രണ്ട് ആണ്‍മക്കളെ അജ്ഞാതര്‍ക്ക് വിറ്റു. സംഭവം പുറത്തായതോടെ പിതാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കടപ്പുറത്ത് സുനാമി കോളനിയില്‍ താമസിക്കുന്ന രതീഷ്(31)ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രതീഷും ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമാണ് രണ്ട് വയസ്സ്, ആറ് മാസം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ മംഗലാപുരത്തെ വനിതാ അഭിഭാഷകയായ ഇടനിലക്കാരി വഴി വിറ്റത്. മൂത്ത കുട്ടിയെ എട്ട് മാസം മുമ്പ് അറുപതിനായിരം രൂപക്കാണ് വിറ്റത്. രണ്ടാമത്തെ കുട്ടിയെ രണ്ടാഴ്ച മുമ്പ് ഒരു ലക്ഷം രൂപക്ക് മംഗലാപുരത്ത് വില്‍ക്കുകയായിരുന്നു. ഈ കുട്ടി കര്‍ണാടക ഉഡുപ്പിയിലെ ഒരു വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ മത്സ്യബന്ധനത്തൊഴിലാളിയായിരുന്ന രതീഷ് ആ ജോലി ഉപേക്ഷിച്ച് ഹോട്ടലിലും മറ്റും ജോലി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ചശേഷം ഈ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു.
കാസര്‍കോട് സി ഐ. സി കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.