Connect with us

Gulf

പാരമ്പര്യം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍

Published

|

Last Updated

ദുബൈ:കുടുംബ പാരമ്പര്യത്തിന് അര്‍ബുദ ബാധയില്‍ പങ്കുള്ളതായി ക്യാന്‍സര്‍ രോഗ വിദഗ്ധയായ ഡോ. സൈനബ് അബ്ദുല്‍ അസീസ്. സ്തനാര്‍ബുദം ബാധിക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും ഇത്തരം പാരമ്പര്യം ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സുലേഖ ഹോസ്പിറ്റലിലെ ക്യാന്‍സര്‍ വിദഗ്ധകൂടിയായ സൈനബ് വ്യക്തമാക്കി.

സ്തനാര്‍ബുദം ബാധിച്ച ചിലരില്‍ നടത്തിയ അന്വേഷണത്തില്‍ മുത്തശ്ശിക്കോ മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ ഉണ്ടായിരുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് കേസുകള്‍ ചികിത്സാ അനുഭവത്തിലുണ്ട്. എന്നാല്‍ സ്തനാര്‍ബുദവും പാരമ്പര്യവുമായി പത്തു മുതല്‍ 15 ശതമാനം വരെ ബന്ധമുള്ളൂവെന്നാണ് രാജ്യാന്തര തലത്തില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇത്തരക്കാരില്‍ പരമ്പരാഗതമായി ജീനിലൂടെയാണ് രോഗം പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്നത്. ഈ വിഭാഗക്കാര്‍ രോഗബാധക്ക് അടിപ്പെടാന്‍ സാധ്യത കൂടുതലാണെന്നതിനാല്‍ അടിക്കടി പരിശോധന നടത്തി രോഗം പിടിപെടുന്നത് തുടക്കത്തിലെ കണ്ടെത്താന്‍ ശ്രമിക്കണം.
ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളും സങ്കീര്‍ണ്ണമാവുന്നതും മരണ കാരണമാവുന്നതും താമസിച്ചുള്ള രോഗബാധ കണ്ടെത്തലിനാലാണ്. മുത്തശ്ശിക്കായിരുന്നു രോഗമുണ്ടായിരുന്നതെങ്കില്‍ അവര്‍ക്ക് രോഗം പിടിപെട്ട പ്രായവും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കടുംബപരമായി ക്യാന്‍സര്‍ രോഗമുളള 10 പേരെ പരിശോധിച്ചപ്പോള്‍ എട്ടു പേരിലും രോഗമോ രോഗലക്ഷണമോ കാണാന്‍ സാധിച്ചില്ലെന്നത് സന്തോഷകരമാണ്. പൊതുവില്‍ സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ളവ ആളുകളില്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ആരോഗ്യകരമല്ലാത്ത ജീവിത രീതിയാണ് ആധുനിക കാലത്ത് ആളുകളെ ക്യാന്‍സറിന് അടിപ്പെടുത്തുന്നത്. ഫാസ്റ്റ് ഫുഡ്, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, വ്യായാമം ഒട്ടുമില്ലാത്ത ജീവിത രീതി, ഒപ്പം അമിത വണ്ണം എന്നിവയെല്ലാം ആളുകളെ ക്യാന്‍സറിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയില്‍ പലതും സ്ത്രീകളില്‍ സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ളവക്ക് ഇടയാക്കുന്നതായാണ് ഗവേഷണ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രായത്തിനും ഉയരത്തിനും ആനുപാതികമായ തൂക്കം സൂക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, മദ്യത്തിന്റെ ഉപയോഗം കുറക്കുക, പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുക, പുകവലിക്കാതിരിക്കുകയോ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യുക എന്നിവയാണ് ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധമായും ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടത്.
20 വയസ് മുതല്‍ സ്ത്രീകള്‍ സ്തനാര്‍ബുദം ബാധിക്കുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതാണ്. കുടുംബത്തിലെ ഇളയ സഹോദരിമാരില്‍ സ്തനാര്‍ബുദം കണ്ടെത്തുന്ന കേസില്‍ മുതിര്‍ന്ന സ്ത്രീകള്‍ മൂന്നു മുതല്‍ ആറു മാസം വരെയുള്ള കാലയളവില്‍ ഏതെങ്കിലും വിദഗ്ധ ഡോക്ടറെ സമീപിച്ച് സ്തനാര്‍ബുദം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരക്കാര്‍ 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ ഓരോ വര്‍ഷവും സ്തനാര്‍ബുദം ശാസ്ത്രീയമായി പരിശോധിക്കാനുള്ള സംവിധാനമായ മമോഗ്രാമിന് വിധേയമാവണമെന്നും ഡോ. സൈനബ് അഭ്യര്‍ഥിച്ചു.