തെരെഞ്ഞെടുപ്പ് ഓഫീസുകളില്‍ സ്‌ഫോടനം; പാകിസ്ഥാനില്‍ 8 മരണം

Posted on: April 28, 2013 1:57 pm | Last updated: April 28, 2013 at 6:24 pm

പെഷാവാര്‍: പാക്കിസ്ഥാനില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകളിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.നാസിര്‍ ഖാന്‍, നൂര്‍ അക്ബര്‍ എന്നീ സ്ഥാനാര്‍ഥികളുടെ ഓഫീസുകള്‍ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. പെഷാവാറിലെ മഖ്‌സൂദാബാദ് പ്രദേശത്താണ് നാസിര്‍ ഖാന്റെ ഓഫീസ്. ഇവിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കുണ്ട്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

നേരത്തെ വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കൊഹാട്ട് മേഖലയിലെ ഗാരിസണ്‍ നഗരത്തില്‍ നൂര്‍ അക്ബര്‍ എന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഓഫീസിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

രാവിലെ ഓഫീസ് തുറന്ന് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. ഓഫീസിന് പുറത്തുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കും പൊട്ടിത്തെറിയില്‍ കേടുപാട് സംഭവിച്ചതായി പോലീസ് വ്യക്തമാക്കി. സമീപമുണ്ടായിരുന്ന അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനും കേടുപാട് പറ്റിയിട്ടുണ്ട്.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അടുത്ത മാസം ആദ്യമാണ് പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ്.