ഗ്രാമങ്ങളിലെ കുടിവെള്ളത്തിലും മാരക മാലിന്യമെന്ന് റിപ്പോര്‍ട്ട്

Posted on: April 22, 2013 6:00 am | Last updated: April 22, 2013 at 8:38 am

തിരുവനന്തപുരം:ഗ്രാമീണ മേഖലയിലെ ജലസാമ്പിളുകളിലും ബാക്ടീരിയയുടെയും മാലിന്യങ്ങളുടെയും സാന്നിധ്യം ക്രമാനുഗതമായി കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിറ്റിക്കു കീഴില്‍ തിരുവനന്തപുരത്തുള്ള ഗുണനിലവാര നിയന്ത്രണ പ്രാദേശിക പരീക്ഷണശാലയില്‍ ജല സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയകളും മാലിന്യങ്ങളും ക്രമാതീതമായി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. ബാക്ടീരിയ നിര്‍മാര്‍ജനവും മറ്റു ജലശുദ്ധീകരണ ക്രമീകരണങ്ങളും വേണ്ട രീതിയില്‍ നടന്നിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആറ്റിങ്ങല്‍ ജലവിതരണ ഡിവിഷനിലെ അണ്ടൂര്‍ക്കോണം, കൊയ്ത്തൂര്‍ക്കോണം, പോത്തന്‍കോട് എന്നീ പദ്ധതികളിലേയും അരുവിക്കര ഡിവിഷനിലെ പനവൂര്‍, ആര്യന്‍കോട് എന്നിവിടങ്ങളിലെ ജലസാമ്പിളുകളാണ് പരിശോധിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വരുന്ന ജില്ലയിലെ 117 പദ്ധതികളില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമേ ജലശുദ്ധീകരണത്തിനായുള്ള പൂര്‍ണ സജ്ജീകരണത്തോടെയുള്ള യൂനിറ്റുകള്‍ നിലവിലുള്ളൂ. ബാക്കി 108 പദ്ധതികളില്‍ നിന്ന് ജനങ്ങള്‍ക്ക് ശുദ്ധജലമല്ല ലഭിക്കുന്നത്.
പനവൂര്‍, പോത്തന്‍കോട്, ആര്യന്‍കോട്, അണ്ടൂര്‍ക്കോണം എന്നിവിടങ്ങളില്‍ നിന്നുള്ള പദ്ധതികളില്‍ ബന്ധിച്ചിരിക്കുന്ന ടാപ്പുകളില്‍ നിന്ന് ശേഖരിച്ച ജലം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയ, ഇരുമ്പ്, ചെളിയംശം എന്നിവയുടെ സാന്നിധ്യം കാണപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലുള്ള കിണറുകളിലെ വെള്ളം മലിനമാണെന്നും അവ കുടിവെള്ളമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം ഊര്‍ജിത ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിക്ക് കീഴില്‍ 2002 മുതല്‍ 2009 വരെ ഏറ്റെടുത്ത 10 പദ്ധതികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. 54.55 കോടി രൂപ മുടക്കിയ പദ്ധതികളാണിവ. അനുമതി ലഭിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാവുന്ന പദ്ധതികളാണ് ഇത്തരത്തില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്.
6.50 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട 10 പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ചില പദ്ധതികള്‍ നടപ്പാക്കാന്‍ വളരെ കാലതാമസം നേരിടുന്നവയും മറ്റു ചിലത് പല കാരണങ്ങളാല്‍ പണി തടസ്സപ്പെട്ട് കിടക്കുന്നവയുമാണ്. 2002 ല്‍ രണ്ടും മൂന്നെണ്ണം 2003ലും 2004, 2005, 2008 വര്‍ഷങ്ങളില്‍ ഒരോന്നും ബാക്കി രണ്ടെണ്ണം 2009 ലും ഏറ്റെടുത്തിട്ടുണ്ട്. ശുദ്ധീകരണത്തിനായി ജലശുദ്ധീകരണ പ്ലാന്റുകള്‍ ലഭ്യമല്ലെന്നാണ് വാട്ടര്‍ അതോറിറ്റി വിശദീകരിക്കുന്നത്.
അണുനാശിനികള്‍ മാത്രമാണ് വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇലക്‌ട്രോ ക്ലോറിനേറ്റര്‍, ഗ്യാസ് ക്ലോറിനേറ്റര്‍ തുടങ്ങിയ കൂടുതല്‍ മെച്ചമായി മാര്‍ഗങ്ങള്‍ ഗ്രാമീണ സ്‌കീമുകളില്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും വാട്ടര്‍ അതോറിറ്റി പറയുന്നു.
അതേസമയം 2007-12 കാലയളവില്‍ ആകെയുള്ള 117 പദ്ധതികള്‍ക്കായി 116.40 കോടി രൂപ വാട്ടര്‍ അതോറിറ്റി ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കുന്നതില്‍ പരാജയമാണ് ഉണ്ടായത്.
പൊതു വിതരണ ടാപ്പുകളുടെ അപര്യാപ്തത, ജനവാസ കേന്ദ്രങ്ങളില്‍ ഭാഗീകമായ ജലവിതരണം, ജലശുദ്ധീകരണ പ്ലാന്റുകളുടെ അഭാവം തുടങ്ങിയവയാണ് പ്രധാന പോരായ്മകളായി ചൂണ്ടികാണിക്കുന്നത്.