Connect with us

Gulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 75 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരെന്ന് പഠനം

Published

|

Last Updated

മസ്‌കത്ത്: സ്ത്രീകള്‍ക്ക് ജോലികളിലും മറ്റും സംവരണമേര്‍പ്പെടുത്തുന്ന നടപടിയുമായി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്ത് വരുമ്പോഴും ജി സി സി രാഷ്ട്രങ്ങളില്‍ 75 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരാണെന്ന് ലോക ബേങ്ക് പഠനം. ഉന്നത പഠനങ്ങള്‍ക്കുള്ള അവസരം കുറയുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി പറയുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് പഠനം നടത്തുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രഹിതരാകുന്നതിന് കാരണമാകുന്നു.
നാല് സ്ത്രീകളില്‍ മൂന്ന് പേരും തൊഴില്‍ ചെയ്യാത്തവരാണ്. നൂറില്‍ 25 ശതമാനം പേര്‍ മാത്രമാണ് തൊഴില്‍ രംഗത്തെത്തുന്നത്. എന്നാല്‍ യുവതികള്‍ക്കിടയില്‍ ജി സി സി രാഷ്ട്രങ്ങളില്‍ തൊഴില്‍ മേഖലയില്‍ അഭിരുചി വര്‍ധിച്ച് വരുന്നുണ്ട്. സ്വന്തമായി സാമ്പത്തിക ഭദ്രത നേടുന്നതിനായി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ജോലിക്ക് തയ്യാറാവുന്നതായും ലോക ബേങ്ക് പറയുന്നു. വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും സ്ത്രീകളില്‍ ഭൂരിഭാഗം പേരും തൊഴില്‍ രഹിതരായി നിലനില്‍ക്കുകയാണ്. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് അതത് രാഷ്ട്രങ്ങളില്‍ തന്നെ കൂടുതല്‍ തലങ്ങളിലേക്ക് പഠനം നടത്തുന്നതിനുള്ള സൗകര്യങ്ങളും നിലവിലില്ല.
സ്ത്രീകള്‍ക്ക് മത്രമായി പല സ്ഥാപനങ്ങളിലും തസ്ഥികകള്‍ രൂപീകരിക്കാത്തതും സ്ത്രീ തൊഴിലന്വേഷകര്‍ക്ക് വിനയാകുന്നു. പല സ്ഥാപനങ്ങളിലും നടക്കുന്ന ഇന്റര്‍വ്യൂകളിലും മറ്റും പുരുഷന്‍മാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതായാണ് സ്ത്രീകളുടെ പരാതി.
ഉയര്‍ന്ന തസ്ഥികകളില്‍ അധികവും പുരുഷന്‍മാര്‍ക്കായി നീക്കിവെക്കുന്ന പ്രവണതയും വിവിധ സ്ഥാപനങ്ങള്‍ തുടര്‍ന്ന് വരുകയാണ്. സ്ത്രീ ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളിലധികവും വിദേശി സ്ത്രീകളാണ് തൊഴിലെടുക്കുന്നത്. തൊഴിലവസരങ്ങള്‍ അറിയുന്നതിനുള്ള അവസരങ്ങള്‍ കുറയുന്നതും സ്ത്രീകള്‍ക്ക് അനുയോജ്യമായി ജോലി കണ്ടെത്തുന്നതിന് സാഹചര്യമില്ലാതാക്കുന്നു.
ജി സി സി രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയിലധികവും വിദേശികളുടെ കമ്പനികളായതും സ്വദേശികളായ സ്ത്രീകള്‍ക്ക് തൊഴില്‍ നേടുന്നതിന് അവസരമില്ലാതാക്കുന്നതായി ലോക ബേങ്ക് പഠനത്തില്‍ പറയുന്നു. എന്നാല്‍ സ്വദേശികളായ സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും സ്ത്രീ തൊളിലാളികള്‍ കുറയുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജി സി സി രാഷ്ട്രങ്ങളില്‍ സ്ത്രീകള്‍ പഴയ കാലത്തെ അപേക്ഷിച്ച് ജോലിയോടുള്ള താത്പര്യം വര്‍ധിച്ചിട്ടുണ്ട്. യുവതികളിലാണ് താത്പര്യം വര്‍ധിച്ചതായി കണ്ട് വരുന്നത്.

Latest