മകന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാതാവിന്റെ പരാതി

Posted on: April 18, 2013 2:14 am | Last updated: April 18, 2013 at 2:14 am

കല്‍പ്പറ്റ: മൂത്ത മകന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാതാവിന്റെ പരാതി.പുല്‍പ്പള്ളി മണല്‍വയല്‍ പുളിയമ്മാക്കല്‍ പങ്കജാക്ഷിയാണ് ബുദ്ധിമാന്ദ്യമുള്ള തന്റെ ഇളയമകനുമായി വാര്‍ത്താ സമ്മേളനത്തില്‍ ദുരിതത്തിന്റെ കെട്ടഴിച്ചത്. ക്യാന്‍സര്‍ രോഗിയായിരുന്ന ഭര്‍ത്താവ് നാരായണന്‍ മരിച്ചിട്ട് 19 വര്‍ഷം കഴിഞ്ഞു. എനിക്ക് രണ്ടുമക്കളാണ്. ഇളയമകന്‍ ബുദ്ധിമാന്ദ്യമുള്ളയാളാണ്. വളരെ കഷ്ടപ്പെട്ടാണ് രണ്ട് മക്കളെയും വളര്‍ത്തിയത്. മൂത്തമകന്റെ വിവാഹശേഷമാണ് മകനും മരുമകളും കൂടി എന്നെയും മകനെയും നിരന്തരമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷമായി വീടിനോട് അനുബന്ധിച്ചുള്ള സ്ഥലത്ത് നിന്നും ആധായം എടുക്കുവാനോ എന്റെ പേരിലുള്ള സ്ഥലത്ത് കയറാനോ ഇവര്‍ അനുവദിക്കുന്നില്ല. രണ്ടുവര്‍ഷം മുമ്പ് ആകെയുള്ള സ്ഥലത്ത് നിന്നും അര ഏക്കര്‍ തിരിച്ച് മകനും ഭാര്യക്കും വീട് വെച്ച് കൊടുത്തതാണ്. എന്നാല്‍ അതിന് ശേഷവും വീട്ടിലെത്തി തന്നെയും ബുദ്ധിമാന്ദ്യമുള്ള ഇളയമകനെയും നിരന്തരമായി മര്‍ദ്ദിക്കുകയാണ്. മുഴുവന്‍ സ്ഥലവും എഴുതിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മകന്‍ ഉപദ്രവിക്കുന്നത്. സ്വന്തം വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പോലും മകന്‍ അനുവദിക്കുന്നില്ല. മുഴുവന്‍ സ്ഥലത്ത് നിന്നും നാല് വര്‍ഷമായി ആദായം എടുക്കുന്നതും മൂത്തമകന്‍ ഷാജി തന്നെയാണ്. പങ്കജാക്ഷി പറയുന്നു. 
ബത്തേരി കോടതിയില്‍ മൂന്ന് വര്‍ഷത്തോളമായി കേസ് നടക്കുന്നുണ്ട്. കൂടാതെ ഒട്ടുമിക്ക അധികാരികള്‍ക്കും ഈ വിവരങ്ങള്‍ കാണിച്ച് പരാതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ടത്ര നടപടികളുണ്ടായില്ല. 12 ദിവസം മുമ്പ് എന്നെയും ഇളയമകനെയും മൂത്തമകനും മരുമകളും കൂടി വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ട് കുത്തിത്തുറന്ന് മകനും മരുമകളും ചേര്‍ന്ന് എല്ലാ സാധാനങ്ങളും എടുത്തുകൊണ്ട് പോകുകയും വീട് മറ്റൊരു പൂട്ടിട്ട് പൂട്ടുകയും ചെയ്തു. എനിക്കും ഇളയമകനും വീട്ടില്‍ താമസിക്കാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെയായിരുന്നു ഈ അതിക്രമം. ഇത് സംബന്ധിച്ച് കേണിച്ചിറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി തുണിയെടുക്കാനായി വീട്ടില്‍ എത്തിയപ്പോഴും മകനും മരുമകളും മരുമകളുടെ കൂട്ടുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി. ഇപ്പോള്‍ ബുദ്ധിമാന്ദ്യമുള്ള മകന് നടക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയായി ഞങ്ങള്‍ക്ക് വീട്ടില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയാണ്. അയല്‍പക്കത്തെ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ച് അന്തിയുറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. കൈയ്യില്‍ പണമൊന്നുമില്ലാത്തതിനാല്‍ ദൈന്യംദിന കാര്യങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുകയാണ്. ഞങ്ങളുടെ അവകാശമായ വീടും സ്ഥലവും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്നും പങ്കജാക്ഷി വ്യക്തമാക്കി. ആയതില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവര്‍ പറയുന്നു. ഇത് സംബന്ധിച്ച് വയനാട് എസ് പിക്കും പരാതി നല്‍കിയിട്ടുണ്ട്.