Connect with us

Kozhikode

ഫാറൂഖ് കോളജിനെ അട്ടിമറിച്ച് ദേവഗിരിക്ക് കലാ കിരീടം

Published

|

Last Updated

കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ സോണ്‍ ദഫ്മുട്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാറൂഖ് കോളേജ് ടീം

കോഴിക്കോട്:വീറും വാശിയും നിറഞ്ഞ അഞ്ച് നാളിന്റെ പോരാട്ടത്തിനൊടുവില്‍ യൗവനകലയുടെ കലാമാമാങ്കത്തിന് സമാപ്തി. അഞ്ച് വര്‍ഷമായി കലാകിരീടം കുത്തകയാക്കി വെച്ചിരുന്ന ഫാറൂഖ് കോളജിനെ്യൂബഹുദൂരം പിന്നിലാക്കി ദേവഗിരി കോളജാണ് ജേതാക്കളായത്.

40 സ്റ്റേജിതര ഇനങ്ങളിലും 52 സ്റ്റേജിനങ്ങളിലും കൂടി ദേവഗിരിക്ക് 133 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഫാറൂഖ് കോളജിന് 88 പോയിന്റ്. 45 പോയിന്റിന്റെ വലിയ വ്യത്യാസം. 81 പോയിന്റുമായി പാലക്കാട് വിക്‌ടോറിയ മൂന്നാമതെത്തി. സ്‌റ്റേജിതര മത്സരങ്ങളിലും ദേവഗിരി തന്നെയാണ് മുമ്പില്‍. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി നവീന്‍ രാഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയം നേടിയത്.
കലാ പ്രതിഭയായി രാഹുല്‍ സത്യനാഥും കലാതിലകമായി മഞ്ചേരി എന്‍ എസ് എസ് കോളജിലെ വി പി മന്‍സിയയും തിരഞ്ഞെടുക്കപ്പെട്ടു. അവസാന ദിവസം ഒപ്പന, മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, സെമി ക്ലാസിക്കല്‍ വോക്കല്‍ സോളോ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം മേയര്‍ പ്രൊഫ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു.
രണ്ടാം സ്ഥാനത്തിനായി വിക്‌ടോറിയ കോളജ് ഫാറൂഖുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്. സ്റ്റേജിതര മത്സരങ്ങള്‍ മുതല്‍ തന്നെ വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു ദേവഗിരിയുടെ പ്രകടനം. കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നടന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ദേവഗിരി.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോഴിക്കോട് ജില്ലയിലെ കോളജുകള്‍ ഉള്‍പ്പെടുന്ന ബി സോണിലും ഇത്തവണ ദേവഗിരി കിരീടം സ്വന്തമാക്കിയിരുന്നു. കുറേ വര്‍ഷങ്ങളായി ഫാറൂഖ് കോളജും ദേവഗിരിയും പാലക്കാട് വിക്‌ടോറിയയും തമ്മിലുള്ള പോരാട്ടമാണ് ഇന്റര്‍സോണില്‍ നടക്കുന്നത്. കൂടുതല്‍ തവണ ഒന്നാം സ്ഥാനക്കാര്‍ ഫാറൂഖ് കോളജും രണ്ടാം സ്ഥാനം വിക്‌ടോറിയക്കുമായിരുന്നു.
ഇത്തവണത്തെ ദേവഗിരിയുടെ കലാകിരീടത്തിന് പതിവിലേറെ തിളക്കമുണ്ട്. പരീക്ഷ കഴിഞ്ഞുള്ള വേനലവധിയുടെ സമയത്ത് നടക്കുന്ന കലോത്സവമായതിനാല്‍ കൃത്യമായ പരിശീലനമൊന്നും നടത്താന്‍ പല കോളജുകള്‍ക്കും കഴിഞ്ഞില്ലെങ്കിലും അക്കാദമിക് രംഗത്ത് പുലര്‍ത്തിയ അതേ നിലവാരം തന്നെ കലാരംഗത്തും പുലര്‍ത്താന്‍ ദേവഗിരിക്ക് ഇത്തവണ കഴിഞ്ഞു. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഒപ്പനക്ക് നല്ല സ്വീകാര്യത ലഭിച്ചു. ഒപ്പനയുടെ വേദിയുടെ മുന്നില്‍ കാണികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പതിവുപോലെ മിമിക്രിയും കാണികളുടെ മനം കവര്‍ന്നു.