Connect with us

Articles

കേരള രാഷ്ട്രീയത്തിലെ ഡോണ്‍ ജുവാന്‍ കഥകള്‍

Published

|

Last Updated

ഡോണ്‍ ജുവാന്‍ (Don Juan) ഒരു സ്പാനിഷ് ഇതിഹാസ കഥയാണ്. സ്പാനിഷ് പൈതൃകത്തിലൂടെ കടന്നുവന്ന ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സാഹ്യത്യങ്ങളില്‍ അവഹിതബന്ധങ്ങളുടെ ആള്‍രൂപം എന്ന നിലയില്‍ കവികളും നാടകകൃത്തുകളും ഡോണ്‍ ജുവാനെയോ അയാളുടെ തനതു മാതൃകകളായ കഥാപാത്രങ്ങളെയോ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രത്തിനു മോളിയറും ബര്‍ണാഡ് ഷായും അവരുടെ നാടകങ്ങളലൂടെ ജീവന്‍ നല്‍കിയിട്ടുണ്ട്. ലോര്‍ഡ് ബൈറന്റെ മുഴുനീള ആക്ഷേപഹാസ്യ കവിതയായ ഡോണ്‍ ജുവാന്‍ ഏറെ പ്രസിദ്ധമാണ്. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് പ്രഭുവര്‍ഗത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തിനെതിരെ കവി ചൊരിയുന്ന ആക്ഷേപ ശരങ്ങളാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ ശ്രദ്ധേയമായ ഈ ഇതിഹാസ കാവ്യം. ചരിത്രത്തിലുടനീളം എല്ലാ നാട്ടിലും പരസ്ത്രീപീഡകരായ ഡോണ്‍ ജുവാന്‍മാരെ കാണാം. അവരുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. അത്തരക്കാരെ പിടിച്ച് രാജ്യം ഭരിക്കുന്ന പണി ഏല്‍പ്പിച്ചു കൊടുത്തതാണ് കേരളത്തിലെ യു ഡി എഫ് രാഷ്ട്രീയം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി.
ഇതാണ് ഡോണ്‍ ജുവാന്‍ കഥയുടെ രത്‌നച്ചുരുക്കം: ധൈര്യത്തിനും വശ്യതക്കും പ്രശസ്തി നേടിയ ഈ സാങ്കല്‍പ്പിക കഥാപാത്രം കുലീന കുടുംബത്തിലെ അവിവാഹിതയായ പെണ്‍കുട്ടിയെ പിഴപ്പിക്കുകയും അവളുടെ പിതാവിനെ വധിക്കുകയും ചെയ്ത ഒരു തെമ്മാടിയായിരുന്നു. പിന്നീടൊരിക്കല്‍ പെണ്‍കുട്ടിയുടെ പിതാവിനെ സംസ്‌കരിച്ച ശ്മശാനത്തില്‍ ബന്ധുക്കള്‍ സ്ഥാപിച്ചിരുന്ന അയാളുടെ കല്‍പ്രതിമയെ കണ്ടപ്പോള്‍ ആക്ഷേപ സ്വരത്തില്‍ പ്രതിമയോട് തന്നോടൊത്ത് വിരുന്നുണ്ണാന്‍ വീട്ടിലേക്ക് വരാന്‍ ഡോണ്‍ ജുവാന്‍ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിക്കപ്പെട്ടു. ഡോണ്‍ ജുവാന്റെ മരണത്തിനു മുന്നോടിയായി അയാളോടൊപ്പം അയാള്‍ കൊന്ന ആ മനുഷ്യന്റെ പ്രേതം എത്തുക തന്നെ ചെയ്തു. നമ്മുടെ ഗണേഷ്‌കുമാറിന്റെ മുഖം അടിച്ചു പരത്തിയതും ദേഹത്ത് മുറിവേല്‍പ്പിച്ചതും താനല്ലെന്ന് ഭാര്യ യാമിനി തങ്കച്ചിയും പുറത്തു നിന്നു ആരും വന്ന് ഗണേഷ് കുമാറിനെ ആക്രമിച്ചിട്ടില്ലെന്ന് നമ്മുടെ മുഖ്യമന്ത്രിയും സാക്ഷി പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, മുമ്പ് ഗണേഷ് കുമാര്‍ “പ്രണയിച്ച” ഏതെങ്കിലും സ്ത്രീയുടെ മരിച്ചു പോയ പിതാക്കന്‍മാരുടെ പ്രേതം ഡോണ്‍ ജുവാന്റെ കാര്യത്തില്‍ എന്നതു പോലെ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ കണ്ണുവെട്ടിച്ച് മന്ത്രിമന്ദിരത്തില്‍ കടന്നു കയറി ഗണേഷ്‌കുമാറിനെ ആക്രമിച്ചതാണോ എന്ന കാര്യവും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അന്വേഷിക്കാവുന്നതാണ്.
ചോരയൊലിക്കുന്ന നിലയില്‍ ഉള്ള മന്ത്രി ഗണേഷ്‌കുമാറിന്റെ മുഖം ടി വി ചാനലുകള്‍ നിരന്തരമായി കാണിച്ചുകൊണ്ടിരുന്നപ്പോള്‍ നമ്മള്‍ വിചാരിച്ചത് മന്ത്രി അഭിനയിച്ച ഏതോ സിനിമയുടെ രംഗം ആയിരിക്കുമെന്നാണ്. പിന്നെയല്ലേ മനസ്സിലായത് ഇത് സിനിമയല്ല, ജീവിതമാണെന്ന്. ഇപ്പോഴിങ്ങനെയൊക്കെയാണ്. ജീവിതം സിനിമയിലേക്കും സിനിമ ജീവിതത്തിലേക്കും കൂട് വിട്ട് കൂടുമാറ്റം നടത്തിയിരിക്കയാണ്. ഏതായാലും ഈ പൂച്ചയുടെ കഴുത്തില്‍ മണി കെട്ടാന്‍ ധൈര്യപ്പെട്ട ചീഫ് വിപ്പ് പി സി ജോര്‍ജ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നിട്ടും ഈ ജാര്‍ജ് ആരാണെന്ന് ടി എന്‍ പ്രതാപനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നു വരുന്നത് കഷ്ടമാണ്. ജോര്‍ജിനെ പുറത്താക്കുക എന്ന പ്രതാപന്റെ സ്വപ്‌നത്തിന് ആരും ഒരു പുല്ലു വിലയും കല്‍പ്പിക്കുന്നില്ലെന്ന് കെ എം മാണി തന്നെ വ്യക്തമാക്കുകയുണ്ടായി. ”
“കടിക്കുന്ന പട്ടിയുണ്ട്; സൂക്ഷിക്കണം” എന്നൊരു ബോര്‍ഡ് ഗെയിറ്റില്‍ തൂക്കിയിടുന്ന പതിവ് പണ്ട് കോട്ടയത്ത് ചില ക്രിസ്ത്യന്‍ പ്രമാണിമാര്‍ക്കുണ്ടായിരുന്നു. പട്ടിയില്ലാത്ത വീടുകളില്‍ പോലും ഇത്തരം ബോര്‍ഡ് തൂക്കിയിടുന്നത് ഒരുതരം അന്തസ്സിന്റെ പ്രതീകമായിരുന്നു. അത്തരം വീടുകളെക്കുറിച്ച് ചിലര്‍ തമാശയായി പറയുമായിരുന്നു, അത് അവിടുത്തെ ഗൃഹനാഥനെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന്. വീട്ടില്‍ ഏതു നിമിഷവും അതിക്രമിച്ചു കടന്നേക്കാവുന്ന കവര്‍ച്ചക്കാരെ ഭയപ്പെടുത്തുക എന്നതു മാത്രമായിരുന്നു അന്നത്തെ അത്തരം ബോര്‍ഡുകളുടെ ദൗത്യം.
ഉമ്മന്‍ ചാണ്ടിയും പി പി തങ്കച്ചനും കെ എം മാണിയും ഒക്കെ ചേര്‍ന്നു നയിക്കുന്ന യു ഡി എഫ് തറവാട്ടിന്റെ ഉമ്മറത്തും ഇങ്ങനെ ഒരു ബോര്‍ഡ് തൂക്കിയിടുന്നതു നന്നായിരിക്കും. ഇതിലെ കടിക്കുന്ന പട്ടി എന്ന പ്രയോഗം ആരെയാണ് സൂചിപ്പക്കുന്നതെന്ന കാര്യം വേഗം മനസ്സിലായിക്കൊള്ളും. ഭരണകക്ഷി പ്രതിപക്ഷഭേദം കൂടാതെ ആര്‍ക്കു നേരെയും അദ്ദേഹം കുരച്ചു ചാടും. എന്നാല്‍ ചൊല്ല് അന്വര്‍ഥമാക്കുന്ന തരത്തില്‍ ചീഫ് വിപ്പ് ആരെയും കടിച്ചതായി രേഖയില്ല. പക്ഷേ കുരച്ചു ഭയപ്പെടുത്തിക്കൊണ്ടിരിക്കും. അതാരുടെ നേരെ എന്നില്ല. ചിലപ്പോള്‍ ചൊല്ലും ചോറും കൊടുത്തു പോറ്റി വളര്‍ത്തുന്ന യജമാനന്മാര്‍ക്കു നേരെയും കുരച്ചു ചാടി എന്നു വരും. ഇതൊക്കെ മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് യു ഡി എഫിന്റെ അമരക്കാരായ ഉമ്മന്‍ ചാണ്ടിയും ജോര്‍ജിന്റെ പാര്‍ട്ടി മാനേജരായ കെ എം മാണിയും ഒക്കെ. അതുകൊണ്ട് തന്നെ ചിലരെങ്കിലും പ്രതീക്ഷിക്കുന്നതുപോലെ ജോര്‍ജിന് ഈ ഒച്ചപ്പാട് നാടകത്തില്‍ കാര്യമായ പരുക്കൊന്നും പറ്റാന്‍ സാധ്യതയില്ല.
ഭരിക്കപ്പെടുന്നവര്‍ക്ക് ഭരിക്കുന്നവര്‍ മാതൃകയായിരിക്കണം എന്നാണ് ഏതു തരം രാജനീതിയും അനുശാസിക്കുന്നത്. അഗ്നിശുദ്ധി നടത്തി പാതിവ്രത്യം തെളിയിച്ച സീതാദേവിയെക്കുറിച്ച് ഏതോ ഒരു ഉള്‍നാടന്‍ പ്രാകൃത ദമ്പതികള്‍ എന്തോ ചിലത് പറഞ്ഞതിന്റെ പേരിലായിരുന്നല്ലോ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ ഗര്‍ഭിണിയായിരുന്ന സ്വന്തം ഭാര്യയെ രണ്ടാമതൊരിക്കല്‍ കൂടി വനവാസത്തിന് അയച്ചത്. അത്ര തന്നെ പോയില്ലെങ്കിലും മന്ത്രി ഗണേഷ്‌കുമാറിനെക്കുറിച്ച് ചില പ്രത്യേക തരം വാര്‍ത്തകള്‍ വന്നപ്പോഴേ അദ്ദേഹത്തെ കൊണ്ട് രാജി വെപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനു പകരം ഗണേഷിന്റെ ബന്ധങ്ങള്‍ക്ക് മറ പിടിക്കാനും യാമിനി തങ്കച്ചിക്കും മക്കള്‍ക്കും ജീവനാംശം കൊടുത്ത് പിരിച്ചയക്കാനും ഉള്ള ധാരണാപത്രം ഒപ്പ് വെപ്പിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ വഴിയൊരുക്കിയത്. ഇത്ര ലാഘവത്തോടെ പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന മുഖ്യമന്ത്രി ഗാര്‍ഹിക പീഡനം നിമിത്തം ഭര്‍തൃഗൃഹം ഉപേക്ഷിച്ചുപോന്നവരെ ഓര്‍ക്കേണ്ടതായിരുന്നു.
ഇങ്ങനെയെത്രയെത്ര സ്ത്രീകളാണ് നമ്മുടെ സമൂഹത്തില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത പുരുഷന്മാരില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങി തങ്ങള്‍ ജന്മം നല്‍കിയ കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് കണ്ണും പൂട്ടി കരച്ചിലടക്കി ജീവിച്ചു പോകുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഗാര്‍ഹിക പീഡനം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിക്കൊണ്ടുള്ള ഒരു നിയമം ഈ രാജ്യത്ത് നടപ്പിലാക്കിയത്. പ്രസ്തുത നിയമത്തിന്റെ ആനുകൂല്യം ഡോ. യാമിനിക്ക് നിരസിക്കുന്ന തരത്തിലാണ് കേസ് എടുത്തത് എന്നാണ് വാര്‍ത്ത. മന്ത്രി, എം എല്‍ എ തുടങ്ങിയ സമുന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഒരുതരം നീതിയും സാധാരണ ജനങ്ങള്‍ക്ക് മറ്റൊരു നീതിയും എന്ന വിവേചനം തുടക്കം മുതലേ യാമിനി- ഗണേഷ് സംഘര്‍ഷത്തില്‍ ഭരണകൂടം അവലംബിച്ചുപോന്നു. ഇത് സൂചിപ്പിക്കുന്നത് മന്ത്രിസഭയിലുള്ള ഗണേഷ് കുമാറിനേക്കാള്‍ മന്ത്രി സഭക്കു പുറത്തുള്ള ഗണേഷ് കുമാറിനെ ചിലരൊക്കെ ഭയപ്പെടുന്നു എന്നാണ്. അതിന്റെ ലക്ഷണമാണല്ലോ ഈ നൂറ്റാണ്ടില്‍ ജനാധിപത്യ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഏതൊരു നേതാവും പറയാന്‍ ധൈര്യപ്പെടാത്ത ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരുടെ മുഖത്തു നോക്കി””ഞാനാണ് പാര്‍ട്ടി”” എന്ന് അദ്ദേഹം ആക്രോശിച്ചത്. ഇവിടെയാണ് പരക്കെ കുടുംബപ്രശ്‌നം എന്ന് പ്രചരിപ്പിക്കുന്ന ഈ പ്രശ്‌നത്തില്‍ അന്തര്‍ലീനമായിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നം. ഗണേഷ് കുമാറിന്റെയും ഷിബു ബേബി ജോണിന്റെയും പോലുള്ള ഒറ്റയാള്‍ പാര്‍ട്ടികളുടെ കൂറുമുന്നണിയെ ആശ്രയിക്കുന്നതാണ് സ്വന്തം പാര്‍ട്ടിയിലെ ജനാധിപത്യവാദികളെ ആശ്രയിക്കുന്നതിനേക്കാള്‍ അധികാരക്കസേര ഉറപ്പിച്ചു നിറുത്താന്‍ സഹായകമാകുക എന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കി. കേരളാ കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ ലോബിയെ തന്റെ വരുതിക്ക് വരുത്തിയതു പോലെ ആര്‍ ബാലകൃഷ്ണ പിള്ള നേതൃത്വം കൊടുക്കുന്ന കേരളാ കോണ്‍ഗ്രസ്സിലെ നായര്‍ ലോബിയെ കൂടെ തനിക്ക് വിധേയപ്പെടുത്തി നിര്‍ത്താന്‍ ആര്‍ ബാലകൃഷ്ണ പിള്ളയേക്കാള്‍ പ്രയോജനപ്പെടുക മകന്‍ ഗണേഷ് കുമാറാണ് എന്ന് ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിരാക്ഷസന്മാരായ ഉപദേശകന്മാര്‍ കണ്ടെത്തിയിരിക്കുന്നു. അവര്‍ക്ക് ആവശ്യം അപ്പനെ തകര്‍ത്ത് മകനെ വളര്‍ത്തുക എന്നതാണ്.
തന്റെ വേദനക്ക് പരിഹാരം തേടി താന്‍ പിതൃതുല്യനായി കരുതിയ മുഖ്യമന്ത്രിയെ സമീപിച്ച യാമിനി തങ്കച്ചിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് തനിക്ക് എതിരെ നുണ പറയുന്ന ഒരു കള്ളസാക്ഷിയാണ്. യാമിനി പക്ഷത്തുമുണ്ട് മറ്റൊരു പ്രമുഖ സാക്ഷി. അത് പി സി ജോര്‍ജാണ്. താന്‍ പറഞ്ഞതത്രയും സത്യമാണെന്ന് പി സി ജോര്‍ജ് ആണയിട്ടു പറയുന്നു. ഇനി ഗണേഷ് തനിക്കെതിരെ വായ് തുറന്നാല്‍ ഗണേഷിന്റെ പീഡനങ്ങള്‍ക്കിരയായ സ്ത്രീകളുടെ ഒരു നീണ്ട നിരയെ തന്നെ രംഗത്ത് ഇറക്കുമെന്നാണ് ഭീഷണി. ചീഫ് വിപ്പ് കള്ളമാണ് പറയുന്നത് എന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല?
സിനിമ, സാഹിത്യം, രാഷ്ട്രീയം, ക്രിക്കറ്റ് തുടങ്ങിയ സമുന്നത മേഖലകളില്‍ വിഹരിക്കുന്നവരുടെ വഴിവിട്ട ജീവിത ശൈലി നമുക്കത്രയൊന്നും പുത്തരിയല്ല. പെണ്‍വിഷയവുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിയേണ്ടി വന്ന അഞ്ചാമത്തെ മന്ത്രിയാണ് ഗണേഷ്‌കുമാര്‍. ഇവരില്‍ പി ടി ചാക്കോ മാത്രമാണ് ആരോപണമുയര്‍ന്ന മാത്രയില്‍ പരപ്രേരണ കൂടാതെ രാജി വെച്ച് ഒഴിഞ്ഞത്. പക്ഷേ ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും തന്നെ അവരുടെ ജനപ്രീതിക്ക് ഇടിവ് വരുത്തിയതായും തെളിയിക്കപ്പെട്ടിട്ടില്ല. എന്താണ് ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ബഹുജന മനസ്സ് എല്ലാത്തരം വഴിപിഴച്ച ബന്ധങ്ങള്‍ക്കും അനുകൂലമാണെന്നല്ലേ? രാഷ്ട്രീയ പ്രശ്‌നം വേറെ, കുടുംബ പ്രശ്‌നം വേറെ, എന്നാണിപ്പോള്‍ നമ്മുടെ ചില മന്ത്രിമാരും പറഞ്ഞു പൊലിപ്പിക്കാന്‍ നോക്കുന്നത്.
രാഷ്ട്രീയ നേതാക്കളും മനുഷ്യരല്ലേ? അവര്‍ക്കും അവരുടെതായ സ്വകാര്യ ആവശ്യങ്ങളില്ലേ? വിശപ്പ് മാറ്റാനുള്ള വിഭവങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് കിട്ടാതെ വരുമ്പോള്‍ ആരായാലും നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഒക്കെ അഭയം തേടിയെന്ന് വരില്ലേ? ഇതിനു ഉപോല്‍ബലകമായി എത്രയെത്ര കവിവാക്യങ്ങള്‍ ഈ കൊച്ചുമലയാളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്.””മറ്റുള്ള പുല്‍ച്ചെടി കടിച്ചു തിന്നാന്‍ എന്‍ കൊറ്റനാടിനുണ്ടെപ്പോഴും മോഹം” എന്ന് വൈലോപ്പിള്ളി.””വിശപ്പിന് വിഭവങ്ങള്‍ വെളുപ്പോളം അശിച്ചാലും വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാം ആര്‍ക്കും””എന്ന് കുമാരനാശാന്‍. ഇതിനപ്പുറം കുടുംബബന്ധങ്ങളെ കുറേക്കൂടെ പവിത്രമായി നിലനിര്‍ത്താന്‍ വല്ല ബദല്‍ സാധ്യതകളും ഉണ്ടോ എന്നന്വേഷിക്കാന്‍ കാലം ആയിരിക്കുന്നു. കുടുംബ പ്രശ്‌നത്തോട് കണ്ണി ചേര്‍ക്കപ്പെടാത്ത എന്തു രാഷ്ട്രീയ പ്രശ്‌നമാണു നമുക്കുള്ളത്? സ്വന്തം കുടുംബത്തെ നന്നായി നയിക്കാന്‍ കഴിയാത്തവര്‍ക്ക് രാഷ്ട്രത്തെ നയിക്കാന്‍ എങ്ങനെ കഴിയും? മലയാളി ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്.
ഇത്ര വേഗം നമുക്ക് കുടുംബ ജീവിതം മടുത്തു തുടങ്ങിയോ? കുടുംബം കലക്കികളായ നേതാക്കളെ തന്നെ നമ്മള്‍ വീണ്ടും വീണ്ടും ജനപ്രതിനിധികളായി തിരഞ്ഞെടുക്കേണ്ടതുണ്ടോ? ഇവരാണോ നമ്മുടെ വരും തലമുറകളുടെ മാതൃകാപുരുഷന്മാരാകേണ്ടത്? ഉദാരതാവാദത്തിന്റെ (liberalism)പേരില്‍ നമുക്ക് ഏതറ്റം വരെ പോകാം. സന്തുഷ്ട കുടുംബം എന്ന നമ്മുടെ സങ്കല്‍പ്പത്തിന്റെ വ്യാപ്തി ഇത്രയൊക്കെ മതിയോ? ആദ്യം പറഞ്ഞു “ചെറിയ കുടുംബം സന്തുഷ്ട കുടുംബം.” പിന്നീടത് മാറി “നമ്മള്‍ രണ്ട് നമുക്കും രണ്ട്” എന്നിടത്തെത്തി. പിന്നാലെ വന്നു “നമ്മളൊന്ന് നമുക്കുമൊന്ന്.” ഇപ്പോള്‍ ഈ ഒന്നും നമ്മെ അലോസരപ്പെടുത്തി തുടങ്ങിയിരിക്കുന്നു. പുതിയ പല മാതൃകകളുടെയും കേളികൊട്ട് നമ്മുടെ പട്ടണങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. വിവാഹരഹിത സഹജീവനം (Cohabitation). ഇതിനായി എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ വേണമെന്നു പോലുമില്ല. ലെസ്ബിയന്‍, ഗേ ബന്ധങ്ങള്‍ക്ക് മിക്ക പാശ്ചാത്യ രാജ്യങ്ങളും നിയമപ്രാബല്യം നല്‍കിയിരിക്കുന്നു. വല്യപ്പന്‍(Grandpa), വല്യമ്മ(Grandma) ഈ വക വാക്കുകള്‍ വിസ്മൃതിയിലാണ്ടുപോയതു പോലെ അപ്പന്‍, അമ്മ, മകന്‍, മകള്‍ ഇത്തരം വാക്കുകളും ഭാഷയിലെ പൊതു വ്യവഹാരത്തില്‍ നിന്ന് തിരോഭവിക്കുന്ന കാലം അധികം വിദൂരത്തല്ല. കുടുംബ പ്രശ്‌നങ്ങള്‍ കേവലം അടച്ചുപൂട്ടപ്പെട്ട സ്വകാര്യപ്രശ്‌നങ്ങളാണെന്നും അതൊക്കെ ഇങ്ങനെ നിയമസഭയിലും മാധ്യമങ്ങളിലുമൊക്കെ ചര്‍ച്ച ചെയ്യുന്നത് ഒരു ചീത്ത കാര്യമാണെന്നും നമ്മുടെ ഒരു വന്‍കിട പത്രം മുഖപ്രസംഗം എഴുതി വിലപിക്കുകയുണ്ടായി.
പാവം മുത്തശ്ശി! നമുക്കിനിയും വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നതുമായ റബ്ബറിനെക്കുറിച്ച് സംസാരിക്കാം.

 

Latest