Connect with us

Articles

മറ നീങ്ങിയ പ്രവാസിക്ഷേമ കാപട്യം

Published

|

Last Updated

മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ കാര്യം വിചാരണക്കെടുത്തു കൊണ്ടിരിക്കെ സംസ്ഥാനത്തെ പരമോന്നത നീതിപീഠം നടത്തിയ സുപ്രാധനമായൊരു നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ നമ്മുടെ ഭരണകൂടങ്ങള്‍ ഇറ്റലിയെ കണ്ട് പഠിക്കണമെന്നായിരുന്നു അതിന്റെ അകംപൊരുള്‍. തങ്ങളുടെ രണ്ട് പൗരന്മാര്‍ ഒരന്യ നാട്ടില്‍ ക്രിമിനല്‍ നിയമനടപടികളുടെ സങ്കീര്‍ണതകളില്‍ പെട്ടുഴലുന്നുവെന്ന് കണ്ടപ്പോള്‍, കുറ്റം കൊലപാതകമാണെന്നതൊക്കെ മാറ്റിവെച്ചുകൊണ്ട് സട കുടഞ്ഞെഴുന്നേറ്റുവന്നു ഇറ്റലി. വിദേശകാര്യ മന്ത്രി തൊട്ടുന്നതരായവരുടെ ഒന്നാം തരം ടീം വര്‍ക്ക് കൊണ്ടാണ് ഇറ്റാലിയന്‍ കൊലയാളികള്‍ അതിവിശിഷ്ടാതിഥികളെപ്പോലെ, ഇന്ത്യയില്‍ പരിചരിക്കപ്പെട്ടത്.
ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന പാവം മലയാളി പ്രവാസിക്ക് അതൊക്കെ കണ്ട് കണ്ണ് തള്ളിയിട്ടുണ്ടാകണം. കൊലപാതകമല്ല, സാക്ഷാല്‍ ജീവകാരുണ്യം കൊണ്ട് ജീവിതം ധന്യമാക്കിയിട്ടെന്താ, അന്യം നിര്‍ത്തപ്പെട്ടവനെ പോലെയാണല്ലോ ഭരണകൂടത്തിന് അവനോടുള്ള പെരുമാറ്റം. പോയ കാലത്തെ അയിത്തപ്പാടിന്റെ ക്രൂരാവശിഷ്ടങ്ങള്‍ ചുമക്കുന്നുണ്ടോ മലയാളത്തിന്റെ ഉണ്‍മ പേറുന്ന പാവം പ്രവാസി?
സഊദിയുടെ സ്വദേശിവത്കരണം, പിച്ചിച്ചീന്തിയത് പ്രവാസി മന്ത്രാലയങ്ങളുടെ കപടമായ ക്ഷേമ ഘോഷങ്ങളെയാണ്. ലോകത്തുടനീളമുള്ള മലയാളി പ്രവാസികളുടെ ക്ഷേമമുറപ്പ് വരുത്താനാണ് സംസ്ഥാന ഭരണകൂടത്തില്‍ പ്രവാസി വകുപ്പ് നിലകൊള്ളുന്നത്. (ദേശീയ പ്രവാസി വകുപ്പ് രാജ്യത്തെ മൊത്തം പ്രവാസികള്‍ക്കും.) പ്രവാസി കാര്യങ്ങളൊക്കെ ഈ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വെപ്പ്. സഹസംവിധാനങ്ങളായി നോര്‍ക്കയും നോര്‍ക്ക റൂട്ട്‌സും ഒഡാപെകും പ്രവാസി ക്ഷേമ ബോര്‍ഡും മറ്റനവധി അനുബന്ധങ്ങളും. കോടിക്കണക്കിന് രൂപ ചെലവിട്ടുകൊണ്ടുള്ള ഈ സംവിധാനങ്ങളുടെ പെടാപ്പാടുകള്‍ പാവം പ്രവാസിക്ക് എന്തെങ്കിലും തരത്തില്‍ ഗുണകരമാകുന്നുണ്ടോ എന്നന്വേഷിക്കാന്‍ “നിതാഖാത്ത്” കൊണ്ടെങ്കിലും യോഗമുണ്ടായെന്നാണ് പ്രവാസിയുടെ സമാശ്വാസം. ഒരു കൊടും കൂട്ട ബലി കൊണ്ടെങ്കിലും അങ്ങനെയൊരു നേട്ടമുണ്ടായെങ്കിലും മടക്ക യാത്രക്ക് വിമാന ടിക്കറ്റെടുത്ത പ്രവാസിക്ക് കൃതാര്‍ഥരാകാം. ത്യാഗങ്ങളില്ലാതെ നേട്ടങ്ങളില്ലെന്നാണല്ലോ പൊതു മതം.
സഊദി അറേബ്യയിലും ഗള്‍ഫ് നാടുകളിലുമായി എത്ര കണ്ട് മലയാളി പ്രവാസികളുണ്ടെന്ന ചോദ്യത്തിന് ഉത്തരമായി കേന്ദ്ര- സംസ്ഥാന പ്രവാസി മന്ത്രാലയങ്ങള്‍ കൈ മലര്‍ത്തുകയാണ് ചെയ്തത്. കണക്കുകള്‍ ലഭ്യമല്ലെന്നു പറഞ്ഞ മന്ത്രി മുഖ്യന്‍ മറ്റൊരു കാര്യം വെളിപ്പെടുത്താന്‍ മറന്നതുമില്ല; കണക്കുടനടി ശേഖരിക്കുമത്രേ. നാട്ടിലെ കുടുംബശ്രീകളെയാണ് അതിന്റെ പണിയേല്‍പ്പിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന് പറയാന്‍ പിന്നെ ആര്‍ക്കാണ് കഴിയുക? പ്രവാസികള്‍ ഒളിച്ചുകടന്നവരല്ലെന്നും പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് എമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് വിധേയമായി കടന്നുപോയവരാണെന്നും അവരുടെ എണ്ണം ശേഖരിക്കാന്‍ നിതാഖാത്തോളം കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും സര്‍ക്കാറിനോടല്ലല്ലോ പറയേണ്ടത്. എണ്ണക്കണക്കിനോട് മാത്രമല്ല, സര്‍ക്കാര്‍ കൈ മലര്‍ത്തിയത്.
പ്രവാസികളുടെ തൊഴിലവസ്ഥയെക്കുറിച്ചും സര്‍ക്കാറിന്റെ പക്കല്‍ കൈയോ കണക്കോ ഇല്ല. ശതകോടീശ്വരന്മാരായ വിരലിലെണ്ണാവുന്ന പ്രവാസി മുഖ്യരിലൊതുങ്ങുന്നു സര്‍ക്കാറിന്റെ പ്രവാസി പരിജ്ഞാനം. അതിന്റെയപ്പുറത്ത് ലക്ഷക്കണക്കിനാളുകള്‍, മണലാരണ്യത്തിന്റെ തീച്ചൂടേറ്റ് വാടിക്കരിഞ്ഞ സ്വപ്‌നങ്ങളെയും താലോലിച്ച് പണിയെടുത്തും പണിയില്ലാതെയും നടുവൊടിഞ്ഞ് കിടക്കുന്നുണ്ടെന്ന് നമ്മുടെ സര്‍ക്കാറുകള്‍ ഇപ്പോഴുമറിഞ്ഞിട്ടില്ല. ലേബര്‍ ക്യാമ്പുകളെക്കുറിച്ച് നമ്മുടെ പ്രവാസി കാവലാളുകള്‍ക്ക് കേട്ടറിവ് പോലുമില്ല. വിസ റാക്കറ്റുകളുടെ ചതിക്കുഴികളില്‍ കുടുങ്ങി ജയിലിലടക്കപ്പെട്ടവരെക്കുറിച്ച് പ്രവാസി മന്ത്രാലയങ്ങള്‍ക്ക് വിവരമില്ല. ട്രാവല്‍ ഏജന്‍സികളും റിക്രൂട്ടിംഗ് സ്ഥാപനങ്ങളും ചതിയില്‍ പെടുത്തി പണിയില്ലാതുഴലുന്ന അനേകായിരം പ്രവാസികളെക്കുറിച്ചും പ്രവാസി വകുപ്പിന് വിദൂര വിവരം പോലുമില്ല. വീട് പണിക്കായി കൊണ്ടുപോയി ചതിക്കപ്പെട്ട സ്ത്രീകളെക്കുറിച്ചുമില്ല പ്രവാസി വകുപ്പിന് ധാരണ. വര്‍ഷം തോറും കെങ്കേമമായി നടന്നുവരാറുള്ള പ്രവാസി സംഗമത്തില്‍ കുശാലായി ചെത്തിമിനുങ്ങുന്ന കോടീശ്വരന്മാരിലാണ് മന്ത്രാലയ കണ്ണുകള്‍. മന്ത്രാലയത്തിന്റെ കാതും അവര്‍ക്ക് മാത്രമുള്ളതാണ്. അല്ലാത്തവരുടെ കാര്യം നോക്കാന്‍ പ്രവാസികള്‍ തന്നെ സംവിധാനങ്ങളുണ്ടാക്കട്ടെയെന്നാണ് ഭരണകൂട നിലപാട്. പ്രവാസി നിക്ഷേപമായി നടപ്പുവര്‍ഷം സംസ്ഥാനത്തേക്കൊഴുകിയത് അറുപത്തിരണ്ടായിരം കോടി രൂപയാണ്. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സഹായത്തിന്റെ എട്ട് ഇരട്ടിയിലേറെയാണിത്. കോടീശ്വര പ്രവാസികളുടേത് മാത്രമല്ല, പാവം തൊഴിലാളി പ്രവാസിയുടെയും വിഹിതമുണ്ട് ഈ സംഖ്യാഗണത്തില്‍. മാന്യമായൊരു സമീപനമെങ്കിലുമാകരുതോ ഈ പാവം പണിയാളുകളോട്?
സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് പ്രവാസിയുടേതായ മുതല്‍മുടക്ക് പ്രവാസി നിക്ഷേപത്തിലൊതുങ്ങുന്നില്ല. പ്രതിവര്‍ഷം അമ്പതിനായിരം കോടിയോളം രൂപ അല്ലാതെയും പ്രവാസി നാട്ടിലേക്കയക്കുന്നുണ്ട്. നാട്ടിലെ വീട് നിര്‍മാണം, ആഭരണ, വസ്ത്ര കച്ചവടം, ഭൂമി ഇടപാടുകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സര്‍വ മേഖലയിലും പ്രവാസിയുടെ വിയര്‍പ്പിന്റെ കൈയൊപ്പുണ്ട്. മൂന്നര കോടിയോളം വരുന്ന കേരളീയന്റെ ഒരു നേരത്തെ ഭക്ഷണത്തിലെങ്കിലും കൃത്യമായ പ്രവാസി പങ്കാളിത്തമുണ്ട്. ഇതേ പ്രവാസിയെ, പക്ഷേ, മൂക്കറ്റം ചൂഷണം ചെയ്യാന്‍ തത്രപ്പെടുന്നതിന്റെ മുന്‍പന്തിയിലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് എന്ന യാഥാര്‍ഥ്യത്തെ നിഷേധിക്കാനാകുമോ, എയര്‍ ഇന്ത്യയെ മുന്‍നിര്‍ത്തി ഭരണകൂടത്തിന്? നിതാഖാത്തിന്റെ കണ്ണീര്‍ പുരണ്ട വഴികളിലൂടെ ആയിരങ്ങള്‍ തിരിച്ചുവരുമെന്ന് കണക്ക് കൂട്ടി യാത്രാക്കൂലി വീണ്ടും ഉയര്‍ത്തിയത് പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ വ്യോമയാന വകുപ്പല്ലാതെ മറ്റാരുമല്ലല്ലോ.
മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലുമുണ്ട് സര്‍ക്കാറിന്റെ ധനസഹായം. ക്രിമിനല്‍ പാതകങ്ങള്‍ക്ക് തലയൊടുക്കേണ്ടിവന്നവരോടുള്ള ദയാവായ്പ് പോലും പ്രവാസിയോട് ഇല്ലാതെ പോകുന്നതിന്റെ ന്യായമെന്താണ്? ദുരന്തത്തിനടിപ്പെട്ട എതെങ്കിലും പ്രവാസിക്ക് സര്‍ക്കാര്‍ ആശ്വാസമായി ധനസഹായം ചെയ്ത അനുഭവം ചൂണ്ടിക്കാട്ടാനാകുമോ ആര്‍ക്കെങ്കിലും? മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ പോലും സന്നദ്ധ സംഘടനകളും പ്രവാസി കൂട്ടായ്മകളുമല്ലാതെ മറ്റെന്തെങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ കിട്ടാറുണ്ടോ പ്രവാസിക്ക്?
കൊട്ടും കുരവയുമായി സമാരംഭിച്ച പ്രവാസി ക്ഷേമ നിധി പോലും വാസ്തവത്തില്‍ പ്രവാസിയെ അപമാനിക്കലാണ്. മാസാന്തം നൂറ് രൂപ വീതം ക്ഷേമ നിധിയിലേക്കടക്കുന്ന പ്രവാസിക്ക് അറുപത് വയസ്സ് തികഞ്ഞാല്‍ അഞ്ഞൂറ് രൂപ വീതം പെന്‍ഷന്‍ കിട്ടുമെന്ന സര്‍ക്കാര്‍ ഭാഷ്യത്തിന് അഞ്ഞൂറിന്റെ തികവുണ്ട്. പക്ഷേ, വെറും അഞ്ഞൂറ് രൂപയുടെ ചെലവിലൊതുങ്ങണം പ്രവാസിയുടെ നാട്ടിലെ ശിഷ്ടകാലമെന്ന കഷ്ടകാലത്തെക്കുറിച്ച് എന്തു തോന്നുന്നു നമുക്ക്? ദോഷം പറയരുതല്ലോ, ഗള്‍ഫില്‍ തന്നെ കഴിയുന്ന പ്രവാസിക്ക് ആയിരം രൂപ കൊടുക്കുമത്രേ സര്‍ക്കാര്‍, പകരം മാസാന്തം ഇരുന്നൂറ് രൂപ മുടക്കിയാല്‍. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമം കുശാലാണെന്ന് വീമ്പ് പറയാന്‍ സര്‍ക്കാര്‍ ചെലവില്‍ ജീവിക്കുന്ന പ്രവാസി ക്ഷേമ വകുപ്പിനെയല്ലാതെ മറ്റാരെ കിട്ടും ഈ ലോകത്ത്?
ബിന്‍യാമിന്റെ “ആട് ജീവിതം” വരച്ചുകാട്ടിയ ദൈന്യതയുടെ മുഖം പേറിയ പതിനായിരക്കണക്കിനാളുകളുണ്ട് ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളില്‍. ജീവിതത്തിന്റെ പുറമ്പോക്കുകള്‍ മാത്രം വിധിക്കപ്പെട്ട ഈ സാധുമനുഷ്യരുടെ കാര്യമെങ്കിലും നിതാഖാത്തുയര്‍ത്തിയ ചങ്കിടിപ്പിന്റെ ആഴമോര്‍ത്ത് സര്‍ക്കാറും പ്രവാസി വകുപ്പും ഗൗരവത്തിലെടുക്കുമോ? തന്റെതല്ലാത്ത തെറ്റിന്റെ പേരില്‍ തൊഴില്‍ സ്ഥിരതയില്ലാതെ ഒളിച്ചും പേര്‍ത്തും കഴിയുന്ന പ്രവാസികളെയെങ്കിലും മാന്യമായി മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോ? ആരോഗ്യമുള്ള കാലമത്രയും മറുനാട്ടില്‍ പണിയെടുത്ത് നാടിനെ സഹായിച്ചവന് സാമാന്യ മര്യാദയുടെ ഭാഗമായിട്ടെങ്കിലും ചെറുതായൊരു പ്രത്യുപകാരം ചെയ്യാന്‍ പ്രവാസി മന്ത്രാലയം മുന്നിട്ടിറങ്ങുമോ?

Latest