അട്ടപ്പാടി വനമേഖലയില്‍ അനധികൃതമായി മുള മുറിച്ചുകടത്തുന്നു

Posted on: February 27, 2013 8:08 am | Last updated: March 8, 2013 at 4:05 pm

പാലക്കാട്: അട്ടപ്പാടിയിലെ കരുതല്‍ വനമേഖലയില്‍ വനംവകുപ്പിന്റെ അനുമതി ദുരുപയോഗം ചെയ്ത് മുളകള്‍ മുറിച്ചുകടത്തുന്നു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിച്ചും വനത്തിനുള്ളിലൂടെ കൃത്രിമ റോഡ് നിര്‍മ്മിച്ചുമാണ് മുള വെട്ടല്‍ പുരോഗമിക്കുന്നത്. വനമേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഒരുമാസമായിട്ടും വനംവകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.—അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്യണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത കരുതല്‍ വനമേഖലയിലാണ് അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ അനധികൃത റോഡ് നിര്‍മ്മാണവും പാറ പൊട്ടിക്കലും നടക്കുന്നത്. ഫോറസ്റ്റ് ചെക്‌പോസ്റ്റ് പോലും ഇതിന് വേണ്ടി തകര്‍ത്തിരിക്കുന്നു.—പുതൂര്‍ റേഞ്ചിലെ വനത്തിനുള്ളില്‍ നിന്ന് 1000 ടണ്‍ പൂത്ത മുളകളും 500 ടണ്‍ പച്ച മുളകളും മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ അരളിക്കോണം ഇടവാണി മേഖളയില്‍ നിന്ന് പച്ച മുളകള്‍ മാത്രം മുറിച്ചുകടത്തുകയാണ്. പുനലൂരിലെ സര്‍ക്കാര്‍ പേപ്പര്‍ മില്ലിന് വേണ്ടിയാണ് മുള മുറിച്ച് കടത്തുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാവുക.—അതീവ രഹസ്യമായാണ് ഉള്‍ക്കാടുകളില്‍ നിന്നും മുളവെട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് മുള വെട്ടുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പച്ചമുള മാത്രമാണ് മുറിച്ചുകടത്തുന്നത്.റോഡ് നിര്‍മ്മിക്കുന്നതിന് കരാര്‍ പുഴയുടെ കൈവഴികള്‍ അടച്ചതോടെ പുഴ പൂര്‍ണ്ണമായും വറ്റി വരണ്ടിരിക്കുകയാണ്. മുള മുറിക്കുന്നത് നിരീക്ഷിക്കാനും അളവ് പരിശോധിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വേണമെന്ന നിയമവും കാറ്റില്‍ പറത്തുകയാണ്. വനസംരക്ഷണം നടത്തേണ്ട ഉദ്യോഗസ്ഥര്‍ തന്നെ വനനശീകരണം നടത്തുന്ന കാഴ്ച്ചയാണ് അട്ടപ്പാടിയിലെ സംരക്ഷിത വനമേഖലയില്‍ കാണാനാകുന്നത്.