ആളെ അവഹേളിക്കുന്ന ബജറ്റ്‌

Posted on: February 27, 2013 7:04 am | Last updated: March 6, 2013 at 10:32 am

മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വേ ബജറ്റിന്റെ നാല് ദിവസം മുമ്പ് മുന്‍കൂര്‍ ജാമ്യമെടുത്തതാണ്. കേരളത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും ചിലത് മോഹിച്ചു. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ അവരുടെ ആഗ്രഹങ്ങള്‍ പങ്ക് വെച്ചു. എന്നാല്‍, ബന്‍സല്‍ ബജറ്റ് എല്ലാവരെയും നിരാശപ്പെടുത്തുകയാണ്. കേരളത്തിനൊന്നുമില്ലെന്ന് മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതിയുള്ള ഇന്ത്യന്‍ റെയില്‍വേ സ്വകാര്യമേഖലയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സൂചനകളാണ് ബജറ്റ് നല്‍കുന്നത്. മന്‍മോഹന്‍ സിംഗും പി ചിദംബരവും മൊണ്ടേക്‌സിംഗ് അലുവാലിയയും തെളിക്കുന്ന വഴിയിലൂടെ തന്നെയാണ് തന്റെയും സഞ്ചാരമെന്ന് പറയുകയാണ് പവന്‍കുമാര്‍ ബന്‍സല്‍. ദിനേശ് ത്രിവേദി കഴിഞ്ഞ ബജറ്റില്‍ വരുത്താന്‍ ശ്രമിക്കുകയും മമത ഇടപെട്ട് തടയുകയും ചെയ്ത നിര്‍ദേശങ്ങള്‍ ഒന്നു കൂടി ശക്തമായി മുന്നോട്ടു വെക്കുകയാണ് ബന്‍സല്‍.
ലാലുപ്രസാദ് യാദവ് ചുമതല വഹിച്ചപ്പോള്‍ വന്‍ ലാഭമെന്ന് പലവട്ടം പറഞ്ഞ റെയില്‍വേ ബന്‍സലിന്റെ കൈകളിലെത്തുമ്പോള്‍ കോടികളുടെ നഷ്ടകണക്കാണ് നിരത്തുന്നത്. വരും വര്‍ഷം 26,400 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പറയുന്നത്. നവീകരണവും വൈവിധ്യവത്കരണവും പറഞ്ഞ് ഒരു ലക്ഷം കോടി രൂപ പൊതുവിപണിയില്‍ നിന്ന് കണ്ടെത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ തന്നെ എല്ലാം ഉണ്ട്.ഏതെല്ലാം വിഭാഗങ്ങളാണ് സ്വകാര്യമേഖലയുടെ കൈകളിലേക്ക് പോകുകയെന്ന് മാത്രം ഇനി അന്വേഷിച്ചാല്‍ മതി. മന്ത്രി പറഞ്ഞ ഒരു ലക്ഷം കോടിയില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ആപത്താണെന്ന വസ്തുത ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ബജറ്റിന് മുമ്പ് തന്നെ യാത്രാ കൂലി 25 ശതമാനത്തിലധികം വര്‍ധിപ്പിച്ചതിനാല്‍ ആ ഇനത്തിലുള്ള വര്‍ധനവ് വേണ്ടെന്ന് വെച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് യാത്രാ കൂലി കൂട്ടിയ ശേഷം ബജറ്റില്‍ യാത്രാ കൂലി വര്‍ധിപ്പിച്ചില്ലെന്ന് മേനി നടിക്കുന്നത് പൗരന്‍മാരെ അവഹേളിക്കുന്നതിന് തുല്യമാണ്. രണ്ട് മാസം മുമ്പാണ് 800 കോടിയുടെ വരുമാനമുണ്ടാക്കുന്ന രീതിയില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. മാത്രമല്ല, റിസര്‍വേഷന്‍, തല്‍കാല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിമുട്ടുണ്ട്.സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജും ക്യാന്‍സലേഷന്‍ ചാര്‍ജുമെല്ലാം ഉയര്‍ത്തിയിട്ടുണ്ട്. ബജറ്റില്‍ റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍ നിരക്കുകള്‍ അഞ്ച് മുതല്‍ 50 വരെ രൂപ വര്‍ധിപ്പിക്കുന്നു. ഇന്ധനവി വര്‍ധനവിനനുസരിച്ച് വില വര്‍ധനവിന് താരിഫ് റെഗുലേറ്ററി അതോറിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കാം. നിരക്ക് വര്‍ധനക്ക് ബജറ്റോ പ്രത്യേക മുഹൂര്‍ത്തമോ വേണ്ടെന്നത് തീരുമാനിച്ചു കഴിഞ്ഞ കാര്യമാണ്. യാത്രക്കൂലി വര്‍ധിച്ചിട്ടില്ല എന്നു പറഞ്ഞാശ്വസിക്കാന്‍ ഒരു വഴിയുമില്ല. ഒളിഞ്ഞിരുന്ന് യാത്രക്കാരെ പിഴിയുകയെന്ന തന്ത്രമാണ് ബജറ്റില്‍ പയറ്റിയിരിക്കുന്നത്. ചരക്ക് കൂലി ഒന്‍പത് ശതമാനം വരെ വര്‍ധിപ്പിച്ചതും ദുരിതം ഇരട്ടിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇത് ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തെ സംബന്ധിച്ച് പ്രധാനമായും അരി റെയില്‍ മാര്‍ഗമാണ് എത്തുന്നത്. അരി വില വര്‍ധനവിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചരക്ക് കൂലി വര്‍ധനവ് ഇടത്തീയായി മാറും.

നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവിനും ചരക്ക് കൂലി ഉയരുന്നത് കാരണമാകും.
കേരളത്തിലേക്ക് വന്നാല്‍, ഈ ബജറ്റ് കാര്യമായൊന്നും തരുന്നില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. എടുത്തു പറയാന്‍ ഒന്നുമില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തെ അവഗണിച്ചെന്ന വികാരമാണ് എല്ലാവര്‍ക്കും. സംസ്ഥാന മന്ത്രിസഭ തന്നെ പ്രത്യേക യോഗം ചേര്‍ന്ന് വിലയിരുത്തിയതും ഇതു തന്നെ.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോണ്‍ഗ്രസ് മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഇതില്‍ കൂടുതല്‍ പലതും പ്രതീക്ഷിച്ചതാണ്. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് പറയുന്നത്. 1960 ല്‍ കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയും പല പ്രാവശ്യം തറക്കല്ലിടുകയും ചെയ്തതാണ്. കപൂര്‍ത്തലയിലും യു പിയില്‍ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും കോച്ച് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായി. അതിനുശേഷം പ്രഖ്യാപിച്ച ബംഗാളില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും തുടങ്ങി. എന്നാല്‍, പാലക്കാട്ട് ഒരു വര്‍ഷം മുമ്പ് തറക്കല്ലിട്ട ശേഷം ചുറ്റുമതില്‍ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. ഇനിയും ചര്‍ച്ച നടത്തുമെന്ന് ബജറ്റില്‍ പറയുന്നതിലൂടെ അടുത്ത കാലത്തൊന്നും ഈ പദ്ധതി നടക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ചേര്‍ത്തല ബോഗി നിര്‍മാണ യൂനിറ്റിനെക്കുറിച്ച് മിണ്ടുന്നില്ല. മംഗലാപുരം-ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണവും ബജറ്റ് കാണാതെ പോയി.
2008 ലാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് പ്രഖ്യാപിച്ചത്. 2009 ല്‍ റെയില്‍വേ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചു. 2010 ല്‍ ബോട്ട്‌ലിംഗ് പ്ലാന്റ് ആരംഭിക്കുമെന്ന് പറഞ്ഞു. ഓരോ കൊല്ലവും ഓരോ വാഗ്ദാനം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടതല്ലാതെ ഒന്നും പ്രയോഗത്തില്‍ വന്നില്ല. പുതിയ ട്രെയിന്‍ പലതും കേരളം ചോദിച്ചതാണ്. മൂന്ന് മാസം മുമ്പ് റെയില്‍വേ മന്ത്രിയും പരിവാരങ്ങളും കോഴിക്കോട്ടെത്തിയപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയതുമാണ്. പല തലങ്ങളിലായി നിവേദനങ്ങളും നല്‍കി. ഒന്നും നടന്നില്ലെന്ന് മാത്രം. ഷൊര്‍ണൂര്‍-കോഴിക്കോട് പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍, തുശൂര്‍- ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍, വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്‌സ്പ്രസ്, ലോകമാന്യ തിലക് -കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് എന്നിവ മാത്രമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ബജറ്റില്‍ 67 എക്‌സ്പ്രസ് ട്രെയിനുകളും 27 പാസഞ്ചര്‍ ട്രെയിനുകളും അനുവദിച്ചിട്ടുണ്ടെന്ന കാര്യം ഇതോട് ചേര്‍ത്തു വായിക്കണം. കൊച്ചുവേളി- ചണ്ഡീഗഢ് പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമാക്കി. ഗുവാഹത്തി- എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടിയതും എറണാകുളം- തൃശൂര്‍ മെമു പാലക്കാട്ടേക്കു നീട്ടിയതും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിയിലേക്കും നീട്ടിയതുമെല്ലാം ചെറിയ ആശ്വാസം മാത്രമാണ്.ഷൊര്‍ണൂര്‍ – മംഗലാപുരം മൂന്നാം പാതക്ക് സര്‍വേ നടത്താന്‍ നിര്‍ദേശമുണ്ട്. എന്നാല്‍, ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായ ഈ പാത ഇതുവരെയും വൈദ്യുതീകരിച്ചിട്ടില്ലെന്ന കാര്യം ഓര്‍ക്കണം. കേരളത്തിന് പുതിയ റെയില്‍വേ ലൈനുകളൊന്നും നിര്‍ദേശിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് ശബരി റെയില്‍പാതയും താനൂര്‍- ഗുരുവായൂര്‍ പാതയും, ഇതേക്കുറിച്ചും ബന്‍സല്‍ ബജറ്റില്‍ മിണ്ടാട്ടമില്ല.