Connect with us

Malappuram

പ്രവാചകാനുരാഗത്താൽ നിറഞ്ഞൊഴുകിയ സോൺ മീലാദ് റാലികൾ പ്രൗഢമായി

'തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലയിലെ 21 കേന്ദ്രങ്ങളിലാണ് മീലാദ് റാലി നടന്നത്.

Published

|

Last Updated

മലപ്പുറം | പ്രവാചകാനുരാഗത്താൽ നിറഞ്ഞെത്തിയ ശുഭ്ര വസ്ത്രധാരികളായ ആയിരങ്ങൾ ആത്മീയ നിർവൃതിയിലായി പരന്നൊഴുകിയ സോൺ മീലാദ് റാലികൾ പ്രൗഢമായി. ‘തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ ജില്ലയിലെ 21 കേന്ദ്രങ്ങളിലാണ് മീലാദ് റാലി നടന്നത്. വൈകീട്ട് നാലു മണിക്ക് നടന്ന മീലാദ് റാലികള്‍ പ്രവാചാകധ്യാപന പ്രകീർത്തനങ്ങളാലും മഹദ് സന്ദേശങ്ങളാലും നവ്യാനുഭവമായി.

എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, പുലാമന്തോള്‍, കൂട്ടിലങ്ങാടി, മഞ്ചേരി, അരീക്കോട്, ആക്കോട്, കൊണ്ടോട്ടി, കൊട്ടപ്പുറം, തലപ്പാറ, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, കടുങ്ങാത്തുകുണ്ട്, വളാഞ്ചേരി, മാറഞ്ചേരി, ചങ്ങരംകുളം എന്നീ കേന്ദ്രങ്ങളിലാണ് മീലാദ് റാലികള്‍ നടന്നത്.

മനുഷ്യ ഹൃദയങ്ങളിൽ സമാധാനവും കാരുണ്യവും നിറച്ചു പരസ്പര സാഹോദര്യം വളർത്താനാണ് വിശ്വാസികൾ മുന്നിട്ടിറങ്ങേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. കാരുണ്യത്തിന്റെ കേദാരമായ പ്രവാചകനെ സമൂഹമധ്യേ അവമതിക്കുന്നവർക്ക് ചൂട്ട് പിടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിശ്വാസികളും ജനാധിപത്യ സമൂഹവും ഒന്നിച്ച് പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ഉണർത്തി. മജ്മഉം നിലമ്പൂർ സോൺ കമ്മിറ്റിയും സംയുക്തമായി നടത്തിയ മീലാദ് റാലിക്ക് സമാപനം കുറിച്ച് ചന്തക്കുന്നിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകാധ്യാപനങ്ങളും അവിടുത്തോടുള്ള സ്നേഹവും കൂടുതലായി പ്രചരിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണന്നും അദ്ദേഹം ഉണർത്തി.

ഓക്ടോബര്‍ 26 വരെ നടക്കുന്ന കാമ്പയിന്‍ ഭാഗമായി ജില്ലാ തലത്തില്‍ സെമിനാര്‍, മൗലീദ് സദസ്സുകള്‍, പ്രഭാഷണങ്ങള്‍, മദ്‌റസ, സ്ഥാപനങ്ങളുടെ കീഴില്‍ മീലാദ് സന്ദേശ ജാഥകള്‍, വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മുഴുവൻ വീടുകളിലും പ്രവാചക പ്രകീർത്തന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാപന മഹല്ലുകൾ കേന്ദ്രീകരിച്ച് അന്നദാനവും നടക്കുന്നുണ്ട്.