WAQF PROPERTY SURVEY
മദ്‌റസകള്‍ക്ക് പിന്നാലെ വഖ്ഫ് സ്വത്തുക്കള്‍ സര്‍വേ നടത്താന്‍ യോഗി സര്‍ക്കാര്‍
1989ലെ സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് ഈ നീക്കം.

ലക്‌നോ | മദ്‌റസകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൂടി സര്‍വേ നടത്താന്‍ തീരുമാനമെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഹിന്ദു- മുസ്ലിം പ്രശ്‌നങ്ങളില്‍ മാത്രം ജനങ്ങളെ കെട്ടിയിടാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷം തുറന്നടിച്ചു.
1989 ഏപ്രില്‍ ഏഴ് മുതല്‍ വഖ്ഫില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളുടെ രേഖകള്‍ പുനഃപരിശോധിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 1989ലെ സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് ഈ നീക്കം. 1989ലെ ഉത്തരവ് പ്രകാരം വഖ്ഫ് സ്വത്തുക്കളായുള്ള ചെറുകുന്നുള്ള ഭൂമി, തരിശ് ഭൂമി, ഓരുനിലം തുടങ്ങിയവ സ്വയമേവ രജിസ്റ്റര്‍ ചെയ്യാം എന്നതാണ്.
ശ്മശാനം, പള്ളി, ഈദ്ഗാഹ് എന്നിവ അതിര്‍ത്തികെട്ടി വേര്‍തിരിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു. കാരണം, 1989ലെ ഓര്‍ഡിനന്‍സ് പ്രകാരം റവന്യൂ രേഖകളില്‍ കുന്നുകള്‍, തരിശ്, ഓരുനിലം എന്നിവയായിരുന്ന ഭൂമി വഖ്ഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചില കൃഷി ഭൂമിയും വഖ്ഫ് സ്വത്തായി സ്വയമേവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.