Editors Pick
വാട്സ്ആപ്പിന് പണികിട്ടുമോ? അടുത്തയാഴ്ച എത്തും എക്സിന്റെ 'എക്സ് ചാറ്റ്'
സ്ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം, നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിംഗ് മെസേജുകൾ, ഗ്രൂപ്പ് ചാറ്റുകൾ, വീഡിയോ കോളുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ എക്സ് ചാറ്റിൽ ഉണ്ടാകും
സാൻ ഫ്രാൻസിസ്കോ | പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (ട്വിറ്റർ) തങ്ങളുടെ പുതിയ സ്റ്റാൻഡ് എലോൺ മെസേജിംഗ് ആപ്പായ എക്സ് ചാറ്റ് അടുത്ത ആഴ്ച പുറത്തിറക്കുന്നു. ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഏപ്രിൽ 17 നാണ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലെ സന്ദേശമയക്കൽ സംവിധാനം കൂടുതൽ സ്വകാര്യവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ എക്സ് ചാറ്റ് പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. എക്സിൽ ആരുമായും കൂടുതൽ വ്യക്തതയോടെയും സ്വകാര്യതയോടെയും സംവദിക്കാൻ ഈ ആപ്പ് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തോടെ എത്തുന്ന ആപ്പിൽ പരസ്യങ്ങളോ ട്രാക്കിംഗ് സംവിധാനങ്ങളോ ഉണ്ടായിരിക്കില്ല എന്നത് ശ്രദ്ധേയമാണ്.
വാർത്താ വിനിമയ രംഗത്തെ പ്രമുഖ ആപ്പുകളോട് മത്സരിക്കാൻ തക്കവണ്ണമുള്ള നിരവധി ഫീച്ചറുകൾ എക്സ് ചാറ്റിലുണ്ട്. സ്ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം, നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിംഗ് മെസേജുകൾ, ഗ്രൂപ്പ് ചാറ്റുകൾ, വീഡിയോ കോളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ആപ്പാണ് ഇപ്പോൾ പൊതുജനങ്ങളിലേക്ക് എത്തുന്നത്. എക്സിനെ ഒരു സൂപ്പർ ആപ്പ് ആക്കി മാറ്റാനുള്ള ഇലോൺ മസ്കിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ മെസേജിംഗ് ആപ്പിന്റെ വരവ്.
ഇതോടെ മെസ്സേജിംഗ് ആപ്പ് രംഗത്തെ അതികായരായ വാട്സ് ആപ്പിന് പണി കിട്ടുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
Summary
X is launching a standalone messaging application called XChat specifically for iPhone and iPad users on April 17, 2026. The app focuses on privacy with features like end-to-end encryption, disappearing messages, and no advertisements or tracking. Currently available for pre-order on the App Store, XChat aims to provide a focused environment for private conversations outside the main X platform.





