Connect with us

Editorial

സ്ത്രീ സ്വത്തവകാശം: ശരീഅത്താണ് ശരി

ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കുമുള്ള സ്വത്ത് വിഹിതത്തിലെ അന്തരം നീതിക്ക് നിരക്കാത്തതാണോ? തുല്യത എന്ന മാനവിക സങ്കല്‍പ്പത്തിന് വിരുദ്ധമാണോ? സമ്പത്തിന്റെ വിതരണം - അതേത് മേഖലയിലായാലും-അതിന്റെ അവകാശികളുടെ ബാധ്യതകള്‍ക്കും ചുമതലകള്‍ക്കും ആവശ്യത്തിനും അനുസൃതമായിരിക്കുക എന്നതാണ് നീതി.

Published

|

Last Updated

ഷാബാനു കേസുമായി ബന്ധപ്പെട്ട് 1980കളില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ശരീഅത്ത് വിവാദത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇടത് സഹയാത്രികന്‍ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ അനന്തരാവകാശത്തെക്കുറിച്ച് നടക്കുന്ന വിവാദം. ശരീഅത്ത് നിയമം അനുസരിച്ച് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവിന്റെ സ്വത്ത് കുടുംബത്തിന്റെ പുറത്തേക്ക് പോകുന്നു (സ്വത്തില്‍ പിതാവിന്റെ സഹോദരന്മാര്‍ക്കു കൂടി അവകാശമുണ്ട്). അതേസമയം ആണ്‍കുട്ടികളാണെങ്കില്‍ സ്വത്ത് പുറത്തേക്ക് പോകുന്നില്ല. ഇത് ലിംഗപരമായ അനീതിയാണെന്നും സ്വത്ത് തന്റെ പെണ്‍കുട്ടികള്‍ക്ക് മാത്രം ലഭിക്കാനാണ് നേരത്തേ ഇസ്‌ലാമിക നിയമമനുസരിച്ച് വിവാഹം ചെയ്ത താന്‍ ഭാര്യ ഷീനയെ “സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15′ പ്രകാരം രണ്ടാമതും വിവാഹം ചെയ്തതെന്ന് ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. “തുല്യത എന്ന മാനവിക സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് ഇസ്‌ലാമിന്റെ അനന്തരാവകാശ വ്യവസ്ഥ’യെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെ മകള്‍ പി എ ഷീനയെ 1994 ഒക്ടോബര്‍ ആറിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ ഇസ്‌ലാമികാചാര പ്രകാരം ഷുക്കൂര്‍ വക്കീല്‍ വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലാണ് സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം വിവാഹം പുതുക്കുന്നത്. വക്കീലിന്റെ രണ്ടാം വിവാഹത്തെ അഭിനന്ദിച്ചു കൊണ്ട് നവ ലിബറല്‍ മുസ്‌ലിംകള്‍ രംഗത്തു വന്നിട്ടുണ്ട്. “ഷുക്കൂര്‍ വക്കീല്‍ മുന്നോട്ടു വെച്ച ചുവട് രാജ്യത്തെ ഓരോ മുസ്‌ലിമിന്റെയും കണ്ണ് തുറപ്പിക്കട്ടെ’യെന്നാണ് വക്കീലിന് അഭിവാദ്യമര്‍പ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ റസൂല്‍ പൂക്കുട്ടി കുറിച്ചത്.

യഥാര്‍ഥത്തില്‍ ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കുമുള്ള സ്വത്ത് വിഹിതത്തിലെ അന്തരം നീതിക്ക് നിരക്കാത്തതാണോ? തുല്യത എന്ന മാനവിക സങ്കല്‍പ്പത്തിന് വിരുദ്ധമാണോ? സമ്പത്തിന്റെ വിതരണം – അതേത് മേഖലയിലായാലും-അതിന്റെ അവകാശികളുടെ ബാധ്യതകള്‍ക്കും ചുമതലകള്‍ക്കും ആവശ്യത്തിനും അനുസൃതമായിരിക്കുക എന്നതാണ് നീതി. ഇസ്‌ലാമില്‍ സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല, അവകാശങ്ങളേയുള്ളൂ. സാമ്പത്തിക ബാധ്യതകള്‍ എപ്പോഴും പുരുഷനാണ്. കുട്ടിക്കാലത്ത് അവളുടെ സംരക്ഷണച്ചുമതല പിതാവിനാണ്. വിവാഹ വേളകളില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാവിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം മഹ്‌റും നല്‍കണം. വിവാഹാനന്തരം ഭാര്യയുടെ സംരക്ഷണ ബാധ്യത പൂര്‍ണമായും നിര്‍വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ പുരുഷനാണ്. മക്കള്‍ ജനിച്ചാല്‍ അവരുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ ചെലവുകള്‍ വഹിക്കേണ്ടതും ഭര്‍ത്താവ് സ്വന്തം. ഭാര്യ സമ്പന്നയോ ഉദ്യോഗസ്ഥയോ ആണെങ്കിലും ഇത്തരം ചെലവുകളില്‍ പങ്കാളിത്തം വഹിക്കാന്‍ ഇസ്‌ലാം അവരോട് ആവശ്യപ്പെടുന്നില്ല. മാതാപിതാക്കളുടെ സംരക്ഷണോത്തരവാദിത്വവും ആണ്‍ മക്കള്‍ക്കാണ്.

മകള്‍, മാതാവ്, സഹോദരി, ഭാര്യ തുടങ്ങി ഏതവസ്ഥയിലും സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണ് അര്‍പ്പിതമാകുന്നത്. പുരുഷന്‍ ചെലവിനു തരുന്നില്ലെങ്കില്‍ സ്ത്രീക്ക് നിയമ നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ ഭര്‍ത്താവ് നിര്‍ധനനും ഭാര്യ സമ്പന്നയുമാണെങ്കിലും ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് പോലും, ഭര്‍ത്താവിന് ഭാര്യയോട് ചെലവിന് ആവശ്യപ്പെടാനോ ഭാര്യ ചെലവിനു നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന് നിയമ നടപടികള്‍ സ്വീകരിക്കാനോ ആകില്ല. ഈ വിധം കുടുംബ ജീവിതത്തില്‍ എല്ലാ വിധ സാമ്പത്തിക ബാധ്യതകളില്‍ നിന്നും സ്ത്രീയെ ഒഴിവാക്കിയിരിക്കെ, ഒരു വ്യക്തിയുടെ മരണാനന്തരം സ്വത്ത് ഓഹരി വെക്കുമ്പോള്‍ ആണ്‍ മക്കള്‍ക്ക്, പെണ്‍ മക്കളേക്കാള്‍ കൂടുതല്‍ നല്‍കുന്നത് എങ്ങനെയാണ് അനീതിയാകുക? എല്ലാവിധ സാമ്പത്തിക ബാധ്യതകളും വഹിക്കേണ്ട പുരുഷനും ഉത്തരവാദിത്വമൊട്ടുമില്ലാത്ത സ്ത്രീക്കും സ്വത്തവകാശത്തില്‍ തുല്യത നല്‍കുന്നതല്ലേ അനീതി?

ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത് ഇസ്‌ലാമാണെന്ന വസ്തുത, സ്വത്തവകാശത്തില്‍ ഇസ്‌ലാം സ്ത്രീകളോട് അനീതി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നവര്‍ കണ്ടില്ലെന്നു നടിക്കരുത്. അതേസമയം 1718ലാണ് പാശ്ചാത്യന്‍ ലോകത്ത് (അമേരിക്കന്‍ സ്റ്റേറ്റായ െപന്‍സില്‍വാനിയയില്‍) സ്ത്രീക്ക് സ്വന്തമായി സ്വത്ത് കൈവശം വെക്കാമെന്ന നിയമം വരുന്നത്. ഇസ്‌ലാം സ്ത്രീക്ക് സ്വത്തവകാശം നല്‍കി 12 നൂറ്റാണ്ട് പിന്നിട്ട ശേഷമാണിത്. ബ്രിട്ടനില്‍ 1870ലും. ഇന്ത്യയിലും അടുത്ത കാലം വരെയും ഇസ്‌ലാമേതര മതങ്ങളിലൊന്നും സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. സമീപ കാലത്തായി വിവിധ വിധികളിലൂടെയും ബില്ലുകളിലൂടെയുമാണ് അവര്‍ക്ക് സ്വത്തവകാശം കൈവന്നത്.

അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ശ്രമഫലമായി 1950ല്‍ വന്ന ഹിന്ദുകോഡാണ് ഹൈന്ദവ സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നത്. അരുന്ധതി റോയിയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അവകാശം ലഭ്യമാകുന്നത.് ഹൈന്ദവ സ്ത്രീകള്‍ക്ക് സ്വത്തവകാശത്തിന് നിയമം വന്നെങ്കിലും രാജ്യത്ത് പാരമ്പര്യ സ്വത്തവകാശം ലഭിക്കുന്നത് പത്തിലൊന്ന് സ്ത്രീകള്‍ക്ക് മാത്രമാണെന്ന് 2013ല്‍ ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള “യു എന്‍ വിമന്‍’ഉം സ്വത്തവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന “ലാന്‍ഡീസ’യും ചേര്‍ന്ന് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പിതൃസ്വത്ത് കിട്ടണമെന്ന് ആഗ്രഹമുണ്ടായിട്ടും കുടുംബത്തില്‍ നിന്നുയരുന്ന എതിര്‍പ്പ് മൂലം അവകാശം വേണ്ടെന്നു വെക്കുന്നവരാണ് ഹൈന്ദവ സ്ത്രീകളില്‍ ഗണ്യവിഭാഗമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം അവര്‍ക്ക് അര്‍ഹതപ്പെട്ട അനന്തര സ്വത്ത് കൃത്യമായി ലഭിച്ചു വരുന്നുണ്ട്.

വക്കീലിന് തന്റെ സ്വത്ത് കുടുംബത്തിന് പുറത്ത് പോകരുതെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് അല്ലാതെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? സ്വത്ത് പെണ്‍മക്കളുടെ പേരില്‍ എഴുതി വെച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ വിഷയം. അഥവാ രണ്ടാം വിവാഹം നടത്തുകയാണെങ്കില്‍ തന്നെ അത് മാധ്യമങ്ങളെയൊക്കെ അറിയിച്ച് ഒരു വിവാദമാക്കേണ്ടിയിരുന്നോ? ഇസ്‌ലാമിക വിരുദ്ധരുടെയും ഏക സിവില്‍ കോഡ് വാദികളുടെയും ചട്ടുകമായി മാറുകയായിരുന്നു വിവാഹം പുതുക്കല്‍ ചടങ്ങ് കൊട്ടിഘോഷിച്ചു നടത്തുന്നതിലൂടെ വക്കീല്‍. ഇത്തരം വിവാദങ്ങളും വിമര്‍ശങ്ങളും പക്ഷേ, മുസ്‌ലിം കൈരളിക്ക് പുതുമയല്ല. ശരീഅത്ത് വിവാദ കാലത്ത് “എനിക്ക് ശരീഅത്തിനെക്കുറിച്ചൊന്നുമറിയില്ലെ’ന്നു പറഞ്ഞ് ഇ എം എസ് നമ്പൂതിരിപ്പാട് അവസാനം പിന്‍വലിയുകയാണല്ലോ ഉണ്ടായത്. അനന്തരാവകാശ സ്വത്ത് കാര്യത്തില്‍ ആരോഗ്യപരമായ സംവാദം നടന്നാല്‍ ഇതുപോലെ നവലിബറല്‍ വാദികളും മാളത്തില്‍ ഒളിക്കേണ്ടി വരും.

---- facebook comment plugin here -----

Latest