Connect with us

Travelogue

കൊലക്കളത്തിൽ നിർവികാരതയോടെ...

കണ്ണിൽ ഇരുട്ട് കയറുന്ന കാഴ്ചകളാണ് മുന്നിൽ നിരന്നുനിൽക്കുന്നത്. പതിനായിരത്തിലധികം തലയോട്ടികൾ വലിയ സ്ഫടിക കുടീരത്തിൽ അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്നു. അതിനെ പ്രായാടിസ്ഥാനത്തിൽ വർഗീകരിച്ചിട്ടുണ്ട്. ബാല്യവും കൗമാരവും യൗവനവും ആസ്വദിക്കേണ്ട പ്രായത്തിൽ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ കപാലങ്ങൾ...

Published

|

Last Updated

“എന്തോ ഒരു വല്ലായ്മ ഉള്ളത്‌ പോലെ, വല്ലാതെ തലവേദന അനുഭവപ്പെടുന്നു. ഞാൻ അൽപ്പം അവിടെ മാറിയിരിക്കാം. നീപോയി കാണാനുള്ളതും അറിയാനുള്ളതും കണ്ടിട്ടും അറിഞ്ഞിട്ടും മടങ്ങിവാ’. ദാർവീഷിന്റെ സ്വരത്തിൽ ഒരു ഇടർച്ചയും നടത്തത്തിൽ ഒരു തളർച്ചയും കാണാൻ കഴിഞ്ഞു. ഞാൻ അദ്ദേഹത്തെ അവിടെ സ്ഥാപിച്ച ഒരു ബെഞ്ചിൽ കൊണ്ടിരുത്തി. വീണ്ടും സുനിയോടൊപ്പം നടത്തം പുനരാരംഭിച്ചു. കണ്ണിൽ ഇരുട്ട് കയറുന്ന കാഴ്ചകളാണ് മുന്നിൽ നിരന്നുനിൽക്കുന്നത്. പതിനായിരത്തിലധികം തലയോട്ടികൾ വലിയ സ്ഫടിക കുടീരത്തിൽ അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്നു. അതിനെ പ്രായാടിസ്ഥാനത്തിൽ വർഗീകരിച്ചിട്ടുണ്ട്. ബാല്യവും കൗമാരവും യൗവനവും ആസ്വദിക്കേണ്ട പ്രായത്തിൽ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ തലയോട്ടികൾ… കൈകാലുകളുടെ, വാരിയെല്ലുകളുടെ, തുടയെല്ലുകളുടെ… അങ്ങനെ മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങൾ അവിടെ കൂട്ടിവെച്ചിരിക്കുന്നു. ആ കാഴ്ച എന്റെ കണ്ണിലാകെ ഇരുട്ട് പടർത്തി. ആരും പറയാതെ തന്നെ ആ നാട്ടിലുണ്ടായ നിസ്സഹായ അവസ്ഥ എന്റെ മുന്നിൽ അനാവരണം ചെയ്തുവന്നു.

1975 മുതലാണ് കംബോഡിയൻ ജനതക്ക്‌ മേൽ അശനിപാതം കണക്കെ ആ നാശം വന്നുപതിക്കുന്നത്. എട്ട് വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ പര്യവസാനം ഖമർറൂഷ് എന്ന തീവ്രവാദ പ്രസ്ഥാനത്തെ ഭരണത്തിലേറ്റാൻ സഹായിച്ചു. അതിന്റെ തേരാളിയായി പോൾപോട്ട് അവരോധിക്കപ്പെട്ടു. ചൈനയിലെ മാവോസെതൂംഗ് പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഏറ്റവും മൂർത്തരൂപത്തിലുള്ള കാഴ്ചപ്പാടുകളും പ്രവർത്തന പദ്ധതികളുമാണ് കംബോഡിയയിൽ ഖമർറൂഷ് പ്രസ്ഥാനം കാഴ്ചവെച്ചത്. ഏറ്റവും ഭീകരവും കാടൻ സങ്കൽപ്പങ്ങളുമായിരുന്നു പോൾപോട്ടിന്റെയും കൂട്ടരുടെയും പദ്ധതി. വംശീയ വികാരം ആളിക്കത്തിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ സ്വരം ആദ്യം ഉയർത്തിക്കൊണ്ടുവന്നു. അതിൽ ആദ്യ വാദം കുടിയേറ്റ വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. വിയറ്റ്‌നാം യുദ്ധക്കെടുതിയിൽ വീടും കുടുംബവും നഷ്ടപ്പെട്ട് അന്യ നാടുകളിലേക്ക്‌ ചേക്കേറിപ്പോയ വിയറ്റ്‌നാം ജനതയിലെ അൽപ്പം ആളുകൾ കംബോഡിയയിലും എത്തിയിരുന്നു. അവരെ കൂട്ടക്കുരുതി നടത്തിത്തുടങ്ങി. പിന്നെ ആ കൊലയുടെ രസച്ചരടിൽ തൂങ്ങിക്കൊണ്ട്‌ ന്യൂനാൽ ന്യൂനപക്ഷമായ മുസ്്ലിംകളെയും വകവരുത്താൻ ആരംഭിച്ചു.

മുസ്്ലിംകളിൽ നിന്നും പിന്നീട് അത് ക്രിസ്ത്യാനികളിലേക്കും ബുദ്ധ സന്യാസിമാരിലേക്കും ശേഷം തങ്ങൾക്കു സംശയം തോന്നുന്ന എല്ലാവരെയും, മുൻ ഗവണ്മെന്റുമായോ വിദേശ ഗവണ്മെന്റുമായോ എന്തെങ്കിലും ബന്ധമുള്ളവരെയും ബുദ്ധിജീവികളെയും പ്രൊഫഷണലുകളെയും ചൈനീസ് വംശജർ, ചാമുകൾ, തായി വംശജർ എന്നിവരെയെല്ലാം തിരഞ്ഞുപിടിച്ച്‌ കൊന്നുതീർത്തു. ഈയൊരു ദുർനേതൃത്വം കൈയാളുമ്പോൾ പോൾ പോട്ടിനു ഒരു പ്രത്യേക തരത്തിലുള്ള മാനസിക വിഭ്രാന്തിയുടെ അവസ്ഥ കൈവരിച്ചിരിക്കണം എന്നാണ് മനസ്സിലാക്കിയത്. എന്താണോ സമൂഹത്തിന്റെ ശരിയായ ഗതി അതിനെ മറ്റൊരു രൂപത്തിലേക്ക് വഴിതിരിച്ചുവിടുക എന്നതാണ് അദ്ദേഹത്തിന്റെ ചെയ്തികളുടെ ആകെത്തുക.

ദുഃഖസാന്ദ്രമായ ഒരു മൂകതയും ഒപ്പം ഒരു പശ്ചാത്തല സംഗീതവും ആ സ്തൂപത്തിനുള്ളിൽ നിന്നും വരുന്നുണ്ടായിരുന്നു. ഒരു പക്ഷേ േകംബോഡിയയിൽ ആ സംഗീതം ദുഃഖത്തെ അടയാളപ്പെടുത്തുന്നത് ആയിരിക്കാം. ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കാഴ്ചകളിലൂടെയുള്ള എന്റെ യാത്രയിൽ അറിയാതെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ പൊഴിച്ചുകൊണ്ടേയിരുന്നു. സാധാരണ രീതിയിൽ മരണപ്പെട്ടു പോയവരുടെ അസ്ഥികളോ തലയോട്ടികളോ ഒന്നുമല്ല മുന്നിലുള്ളത്. വളരെ ക്രൂരമായ പീഡനമുറകൾക്ക്‌ ശേഷം കൊല്ലപ്പെടുകയും കംബോഡിയയുടെ വിവിധ ഭാഗങ്ങളിലായുള്ള 20,000ത്തോളം കൊലക്കളങ്ങളിൽനിന്നും ലഭിച്ച വളരെ ചുരുങ്ങിയ മനുഷ്യരുടെ ബാക്കി പത്രമാണ് എന്റെ മുന്നിലുള്ളത്. കുരുതി കൊടുക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധികളാണ്. അവരുടെഅസ്ഥികൂടങ്ങളാണ് കൂട്ടിയിടപ്പെട്ടിട്ടുള്ളത്. സുനി എന്റെ ചെവിയോട്‌ ചേർന്ന്‌ നടന്നുകഥകൾ പറഞ്ഞുതരുന്നുണ്ട്. പക്ഷേ, അവൻ പറയാതെ തന്നെ ഈ ആയിരക്കണക്കിന് സാധു മനുഷ്യർ എന്നോട് കഥകളും പീഡന മുറകളും പങ്കുവെക്കുന്നുണ്ടായിരുന്നു.

കംബോഡിയയിലെ 20,000ത്തിലധികം കൊലക്കളങ്ങളിൽ നിന്നു മാത്രം 13,86,734 മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. മറ്റു കണക്കുകളുടെ അനുമാനത്തോടെ ഏകദേശം ഇരുപത്തഞ്ച്‌ ലക്ഷത്തിലധികം മനുഷ്യർക്കാണ്്‌ പോൾപോട്ടിന്റെ കിരാതഭരണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അന്നത്തെ കംബോഡിയൻ ജനസംഖ്യ എൺപത്‌ ലക്ഷമാണെന്നു കൂട്ടിവായിക്കുമ്പോഴാണ് ചരിത്രത്തിലെ ഈ കൂട്ട നരഹത്യയുടെ വലുപ്പം മനസ്സിലാക്കാൻ സാധിക്കുന്നത്. വിവിധ റിസർച്ച് സ്ഥാപനങ്ങളും ഏജൻസികളും ഈ കൊലക്കളങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടത്തിയിരുന്നു. ആ കൂട്ടത്തിൽ ചിലർ അഭിപ്രായപ്പെട്ടത് 30 ലക്ഷത്തിലധികം ആളുകൾ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നാണ്. പട്ടിണിയും പരിവട്ടവും ഈ വംശഹത്യയുടെ ഭാഗമായിരുന്നു. അതിലെ മരണങ്ങളും സ്വാഭാവികമായും പോൾപോട്ടിലേക്ക്‌ ചേർത്തിയെന്നു മാത്രം. സുനിയുടെ കുടുംബത്തിൽ നിന്നും മുസ്്ലിമായി എന്ന കാരണത്താൽ ജീവൻ നഷ്ടപ്പെട്ടവർ, അഭ്യസ്തവിദ്യരായി എന്ന കാരണത്താൽ ഇഹലോക വാസത്തിൽ നിന്നും നിർബന്ധിച്ച് യാത്രയാക്കപ്പെട്ടവർ ഇവരെ കുറിച്ചുള്ള കഥകളിലൂടെ സുനി വീണ്ടും എന്നെ സങ്കടത്തിന്റെ ആഴക്കയത്തിലേക്ക് തള്ളിയിട്ടു.

Latest