Connect with us

Articles

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അനിശ്ചിതത്വം മറികടക്കുമോ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിര്‍ണായക വഴിത്തിരിവിലാണ്. വളര്‍ച്ചക്ക് കരുക്കള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍ അതിന് തടസ്സമാകുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കുകയും ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് കേന്ദ്ര ബേങ്കിന് മുന്നിലുള്ളത്. വരുന്ന ബജറ്റും റിസര്‍വ് ബേങ്കിന്റെ പണനയ തീരുമാനങ്ങളും ഈ രണ്ട് ലക്ഷ്യങ്ങളെ എങ്ങനെ സമന്വയിപ്പിക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍ നിര്‍ണായകമാകും.

Published

|

Last Updated

വരും ആഴ്ചകളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക് കടക്കുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതും, റിസര്‍വ് ബേങ്കിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പലിശ നിരക്ക് സംബന്ധിച്ച ആദ്യ തീരുമാനവുമാണ് അതില്‍ പ്രധാനം. സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക സ്ഥിരത എന്നീ മൂന്ന് മുഖങ്ങളെയും സമന്വയിപ്പിക്കുന്നതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍, വരാനിരിക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നതില്‍ സന്ദേഹമില്ല.

ആഭ്യന്തര ആവശ്യത്തിലെ (ഉീാലേെശര ഉലാമിറ) ഇടിവാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിലവില്‍ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ലളിതമായി പറഞ്ഞാല്‍, നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം ഈ ആവശ്യത്തെ ആശ്രയിച്ചാണ് വിലയിരുത്തപ്പെടുന്നത്. ഒരു വീട് നിര്‍മിക്കുന്നത് പോലെയാണ് സമ്പദ് വ്യവസ്ഥയും. വീടിന്റെ അടിത്തറ ശക്തമാണെങ്കില്‍ മാത്രമേ അത് ഉയരത്തില്‍ എത്തുകയുള്ളൂ. അതുപോലെ, ആഭ്യന്തര ആവശ്യം എന്നത് സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ്. ജനങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഉത്പാദിപ്പിക്കാനും, അതുവഴി കൂടുതല്‍ ആളുകളെ ജോലിയിലെടുക്കാനും സാധിക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു. വളരാന്‍ കാരണമാകുന്നു. മൂന്ന് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര ഡിമാന്‍ഡിലെ കുറവ് വിലയിരുത്തപ്പെടുന്നത്. ഒന്നാമതായി, ജി ഡി പി വളര്‍ച്ചാ നിരക്കാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാ നിരക്ക് കുറഞ്ഞുവരുന്നതായി പ്രകടമാണ്. ഇത് രാജ്യത്തെ മൊത്തം ഉത്പാദനത്തിലെ ഇടിവിനെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി കോര്‍ ഇന്‍ഫ്‌ലേഷന്‍ നിരക്കാണ്. പൊതുവെ പണപ്പെരുപ്പം എന്ന് പറയുമ്പോള്‍, എല്ലാതരം സാധനങ്ങളുടെയും വിലകള്‍ ഉയരുന്ന ഒരു സ്ഥിതിയാണ് മനസ്സില്‍ വരിക. എന്നാല്‍, കോര്‍ ഇന്‍ഫ്‌ലേഷന്‍ എന്നത് അല്‍പ്പം ആഴത്തിലുള്ള ഒരു സാമ്പത്തിക സൂചകമാണ്. പെട്രോള്‍, ഭക്ഷണം പോലുള്ളവയുടെ വില ഇന്ന് കൂടിയാല്‍ നാളെ കുറയാം. ഇത്തരത്തില്‍ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന വിലകളെ കോര്‍ ഇന്‍ഫ്‌ലേഷന്‍ പരിഗണിക്കുന്നില്ല. പകരം, ദിനംപ്രതി ഉപയോഗിക്കുന്ന വസ്ത്രം, ബസ് യാത്ര, വീട് വാടക തുടങ്ങിയവയുടെ വിലകള്‍ കാലക്രമേണ എങ്ങനെ മാറുന്നു എന്നതാണ് ഇതില്‍ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കോര്‍ ഇന്‍ഫ്‌ലേഷന്‍ നിരക്ക് സുസ്ഥിരമായൊരു സ്വഭാവമാണ് നിലനിര്‍ത്തി വരുന്നത്. അതായത്, അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലകള്‍ വളരെ വേഗത്തില്‍ ഉയരുന്നില്ല എന്നര്‍ഥം. ജനങ്ങളുടെ കൈയില്‍ പണം ഉണ്ടെങ്കില്‍ പോലും വലിയ തോതില്‍ അത് ചെലവഴിക്കുന്നില്ല അല്ലെങ്കില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണിത്. മൂന്നാമതായി, കറന്റ് അക്കൗണ്ട് ബാലന്‍സുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലന്‍സ് നിലവില്‍ സന്തുലിതമാണ്. അതായത്, രാജ്യം കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണ്. ആഭ്യന്തര ആവശ്യം കുറഞ്ഞതിനാല്‍ ഇറക്കുമതി കുറഞ്ഞു എന്നതിന്റെ സൂചന കൂടിയാണ് ഇത് മുന്‍നിര്‍ത്തുന്നത്. ചുരുക്കത്തില്‍, ഈ മൂന്ന് സൂചകങ്ങളും പറയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ആഭ്യന്തര ആവശ്യം കുറഞ്ഞു വരുന്നു എന്നൊരു കാര്യമാണ്.
ഇത്തരം സാഹചര്യങ്ങളില്‍, ഭരണകൂടത്തിന് മുന്നില്‍ പ്രധാനമായും രണ്ട് സാമ്പത്തിക നയങ്ങളുണ്ട്. ധനകാര്യ നയവും (എശരെമഹ ജീഹശര്യ) പണനയവും (ങീിലമേൃ്യ ജീഹശര്യ). പണനയം വഴി, കേന്ദ്രബേങ്ക് പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നു. പലിശ നിരക്ക് കുറയുന്നതോടെ വായ്പാ ലഭ്യത വര്‍ധിക്കുകയും, ഇത് സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. മറുവശത്ത്, സര്‍ക്കാര്‍ ചെലവുകളിലും നികുതി നിരക്കുകളിലും മാറ്റം വരുത്തിക്കൊണ്ട് സമ്പദ് വ്യവസ്ഥയിലെ ആവശ്യത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് ധനകാര്യനയം. അഥവാ സര്‍ക്കാര്‍ പദ്ധതികളിലൂടെ നിക്ഷേപങ്ങള്‍ നടത്തി സമ്പദ് വ്യവസ്ഥയിലെ പണലഭ്യത വര്‍ധിപ്പിക്കുകയും തുടര്‍ന്ന് ആഭ്യന്തര ആവശ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.

2025-26നകം ധനക്കമ്മിയും പൊതു കടവും കുറക്കുമെന്ന സര്‍ക്കാറിന്റെ തീരുമാനം, സര്‍ക്കാറിന്റെ ചെലവഴിക്കല്‍ ശേഷിയെ നിലവില്‍ ഗണ്യമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ ചെലവുകള്‍ ആവശ്യമാണെങ്കിലും, ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്താതെ ഇത് ചെയ്യാനുള്ള സാധ്യതകളും കുറവാണ്. സാമ്പത്തിക പ്രതിസന്ധികളുടെ സമയത്ത്, ധനനയവും പണനയവും ചേര്‍ന്നാണ് സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാറുള്ളത്. കൊവിഡ്-19 പോലുള്ള സാഹചര്യങ്ങളില്‍, ഈ രണ്ട് നയങ്ങളും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. സര്‍ക്കാറിന് ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് കേന്ദ്ര ബേങ്കിന്റെ പണനയത്തിലാണ്.

എന്നാല്‍, സമകാലിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ റിസര്‍വ് ബേങ്കിന് മുന്നില്‍ സൃഷ്ടിക്കുന്നത് സങ്കീര്‍ണമായൊരു സാഹചര്യമാണ്. ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ വില വര്‍ധനവ് മൂലം പണപ്പെരുപ്പം നിശ്ചിത പരിധിയെ കടന്ന് തുടരുന്നത് ആശങ്കക്ക് വക നല്‍കുകയാണ്. അതേസമയം, ഈ അസ്ഥിരമായ വസ്തുക്കളുടെ വിലക്കയറ്റത്തെ ഒഴിവാക്കി കണക്കാക്കുന്ന ‘കോര്‍ ഇന്‍ഫ്ളേഷന്‍’ സ്ഥിരമായി തുടരുന്നത് മറ്റൊരു പ്രശ്നവും. ഈ രണ്ട് സൂചികകളിലെ വ്യത്യാസം റിസര്‍വ് ബേങ്കിന് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില നിയന്ത്രിക്കുന്നതിന് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍, സ്ഥിരമായി നില്‍ക്കുന്ന കോര്‍ ഇന്‍ഫ്ളേഷനെ അത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ആഭ്യന്തര ആവശ്യം വീണ്ടും ഇടിയാനും തുടര്‍ന്ന് സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാഴ്ത്താനും ഇടവരും. അതേസമയം, ഭക്ഷണ വസ്തുക്കളുടെ വില വര്‍ധന മറ്റ് മേഖലകളിലേക്ക് പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും വളരെ ഉയര്‍ന്നതാണ്. ഭക്ഷണവില കൂടുമ്പോള്‍ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുകയും ഇത് കമ്പനികളെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

ചുരുക്കത്തില്‍, പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. റിസര്‍വ് ബേങ്കിന് ഈ സങ്കീര്‍ണ സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് മികച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് അടുത്ത കാലത്ത് വലിയ ചര്‍ച്ചാവിഷയമായതാണ്. ആഗോളതലത്തില്‍ ഡോളറിന്റെ ശക്തി വര്‍ധിച്ചതാണ് പ്രധാന കാരണം. എന്നാല്‍ ഇത്തവണ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) രൂപയെ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രമായി നീങ്ങാന്‍ അനുവദിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇത് ഒരു പുതിയ നയത്തിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യന്‍ കയറ്റുമതിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുകയോ വിനിമയ നിരക്കിന്റെ നിര്‍ണയത്തില്‍ വിപണി ശക്തികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയോ ചെയ്യുക എന്നതായിരിക്കാം ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഈ നയം മാറ്റം സ്ഥിരമാണോ അതോ താത്കാലികമാണോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു താത്കാലിക നടപടിയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നിര്‍ണായകമായൊരു വഴിത്തിരിവിലാണ്. വളര്‍ച്ചക്ക് കരുക്കള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍ അതിന് തടസ്സമാകുന്നു. അതേസമയം, പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കുകയും ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് കേന്ദ്ര ബേങ്കിന് മുന്നിലുള്ളത്. വരുന്ന ബജറ്റും റിസര്‍വ് ബേങ്കിന്റെ പണനയ തീരുമാനങ്ങളും ഈ രണ്ട് ലക്ഷ്യങ്ങളെ എങ്ങനെ സമന്വയിപ്പിക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. അടുത്ത ആഴ്ചകളിലെ തീരുമാനങ്ങള്‍ 2025ലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദിശ നിര്‍ണയിക്കുക മാത്രമല്ല, വരും വര്‍ഷങ്ങളിലെ മാക്രോ ഇക്കണോമിക് നയത്തിന്റെ വിശാലമായ രൂപരേഖയും വരച്ചുകാട്ടും. ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, വിവേകപൂര്‍ണവും ഏകോപിതവുമായ നയങ്ങളുടെ ആവശ്യകത നിലവില്‍ അനിവാര്യമാണ്.

 

Latest