Kerala
കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു
വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍കാട്ടിലേക്ക് പോയതായിരുന്നു സുന്ദരന്‍.
തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു. സുന്ദരന്‍(50) ആണ് മരിച്ചത്. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍കാട്ടിലേക്ക് പോയതായിരുന്നു സുന്ദരന്‍. അവിടെ വെച്ചാണ് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിച്ചത്. ആക്രമണത്തില്‍ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാല്‍ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.





