Kerala
തൃശൂര്‍ പൂരം കലക്കല്‍: ക്രൈംബ്രാഞ്ച് റിപോര്‍ട്ട് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന് പി വി അന്‍വര്‍
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ യഥാര്‍ഥ പ്രതികളെയും ഭരണകൂടത്തിന്റെ വീഴ്ചകളെയും വെള്ളപൂശി, ദേവസ്വങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം തികച്ചും അപലപനീയമാണ്.
മലപ്പുറം | തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതും സത്യത്തെ മൂടിവെക്കുന്നതുമാണെന്ന് പി വി അന്‍വര്‍. കേരളത്തില്‍ ബി ജെ പിക്ക് ഒരു അക്കൗണ്ട് തുറന്നുകൊടുക്കാന്‍ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഈ റിപോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ യഥാര്‍ഥ പ്രതികളെയും ഭരണകൂടത്തിന്റെ വീഴ്ചകളെയും വെള്ളപൂശി, ദേവസ്വങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം തികച്ചും അപലപനീയമാണ്. പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്തുകളിയാണ് അന്ന് തൃശൂരില്‍ കണ്ടത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പൂരത്തിനിടയിലെ അനിഷ്ട സംഭവങ്ങളുടെ സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ ഡി ജി പി. എം ആര്‍ അജിത് കുമാറിന് വീഴ്ചകള്‍ സംഭവിച്ചതായി ചൂണ്ടിക്കാണിച്ചിരുന്നു. ആ റിപോര്‍ട്ടിന്മേലുള്ള വിശദമായ അന്വേഷണത്തിന് അന്ന് ഡി ജി പി ശിപാര്‍ശ ചെയ്തതുമാണ്. ആ റിപോര്‍ട്ടിലെ കണ്ടെത്തലുകളെ അട്ടിമറിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പുതിയ റിപോര്‍ട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ഗിമ്മിക്കാണ്. ഈ പ്രഹസന റിപോര്‍ട്ട് സര്‍ക്കാര്‍ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും സത്യം മൂടിവെക്കാന്‍ കഴിയില്ലെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: PV Anvar strongly condemned the Crime Branch report regarding the Thrissur Pooram disruption. He alleged that the findings are a direct challenge to the people of Kerala. Furthermore, he demanded a transparent and thorough inquiry into the incident.


