Connect with us

Kerala

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കല്‍; പരിശോധനക്കായി പ്രത്യേക സമിതി രൂപവത്കരിക്കും

പത്തുദിവസത്തിനകം റിപോര്‍ട്ട്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കവുമായി യു ഡി എഫ് സര്‍ക്കാര്‍. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനാണ് തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തൊഴിലാളി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും സമിതി രൂപവത്കരിക്കുക. ലേബര്‍ കമ്മിഷണര്‍ കണ്‍വീനറും നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി അംഗവുമായി പ്രവര്‍ത്തിക്കുന്ന സമിതിയില്‍ വിവിധ തൊഴിലാളി യൂനിയനുകളില്‍ നിന്നുള്ള ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപവത്കരിച്ച് 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കുകയാണ് സമിതിയുടെ ചുമതല.

സമിതിയുടെ റിപോര്‍ട്ട് പരിഗണിച്ചായിരിക്കും ലേബര്‍ കോഡ് നടപ്പിലാക്കുകയെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്തുകൊണ്ടാണ് ലേബര്‍കോഡ് നടപ്പിലാക്കേണ്ടി വരുന്നതെന്നും അതിന്റെ പ്രാധാന്യം സംബന്ധിച്ചും വിശദീകരിച്ച മുഖ്യമന്ത്രി കോഡില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുണ്ടെങ്കില്‍ ആ നിര്‍ദേശങ്ങള്‍ കൂടി കേന്ദ്രത്തെ അറിയിക്കുമെന്നും വ്യക്തമാക്കി. ലേബര്‍ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കും. കേരളം രൂപവത്കരിക്കുന്ന ലേബര്‍ ചട്ടങ്ങള്‍ രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലേബര്‍ കോഡിനെതിരെ ഇടത് പാര്‍ട്ടികളും ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ടെന്നിരിക്കെ, തൊഴിലാളികള്‍ക്ക് പ്രയാസമാകാത്ത രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപവത്കരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവരുടെ പരാതികളും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ലേബര്‍ കോഡില്‍ തൊഴിലാളികളുടെ പരിധി നിര്‍ണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പരിധി കുറക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. ഇന്ന് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ 22 തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

Content Highlights: Kerala government will constitute a special committee to study the implementation of new labor codes in the state. The decision aims to address worker welfare and structural labor policy updates. The panel will examine various regulations before final rollout decisions are finalized.

 

Latest