Kerala
സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പും ചുമത്തി
കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു
കൊല്ലം | സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പും ചുമത്തി. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി നല്‍കിയ പരാതിയിലാണ് കൊട്ടിയം പോലീസിന്റെ നടപടി. കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നാലെയാണ് ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്.
കുട്ടിക്ക് മുന്നില്‍വച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ് സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്‍കി.
Content Highlights: Kottiyam police invoked POCSO charges against a man following his wife’s complaint in Kollam. The action came after their four-year-old daughter gave a statement during counseling regarding sexual misconduct. The victim also alleged he recorded and sold private videos to adult websites while in the UK.



