International
ഗൾഫിൽ വ്യാപക ആക്രമണം; നിരവധി മരണം
മധ്യ സഊദി അറേബ്യയിലെ അല്‍ ഖര്‍ജിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടതായി സഊദി സിവില്‍ ഡിഫന്‍സ് ഏജന്‍സി സ്ഥിരീകരിച്ചു
ദുബൈ | എണ്ണ- കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ശനിയാഴ്ച പുലർച്ചെയും Wഇന്നലെയുമായി അതിശക്തമായ ആക്രമണങ്ങളാണ് ഗൾഫ് മേഖലയിലുണ്ടായത്. നിരവധി മരണങ്ങൾ റിപോർട്ട് ചെയ്തു. മധ്യ സഊദി അറേബ്യയിലെ അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടതായി സഊദി സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. അൽ ഖർജിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
ബഹ്റൈനിലെയും ഇറാനിലെ ഖെഷം ദ്വീപിലെയും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായി. ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും കുടിവെള്ളത്തിന് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്.
യു എ ഇക്ക് നേരെ ഇറാൻ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഏകദേശം 1,400 ഓളം ആക്രമണങ്ങളാണ് യു എ ഇയിലെ വിവിധ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഉണ്ടായത്. ഇറാന്റെ ഈ നീക്കം “ക്രൂരവും നീതീകരിക്കാനാകാത്തതുമാണെന്ന്’ വിശേഷിപ്പിച്ച യു എ ഇ, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് പറഞ്ഞു.
മേഖലയിൽ യുദ്ധം വ്യാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അവകാശമുണ്ടെന്നും യു എ ഇ വ്യക്തമാക്കി. ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും തുറമുഖത്തെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.



