Connect with us

Articles

ജാതി സെന്‍സസിനെ ഭയക്കുന്നതെന്തിന്?

ബിഹാറില്‍ ജാതി സെന്‍സസ് നടപ്പാക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തില്‍ സഖ്യകക്ഷിയായ ബി ജെ പി അങ്കലാപ്പിലാണ്. മറ്റു കക്ഷികള്‍ സമ്മതം അറിയിച്ചെങ്കിലും ബി ജെ പി മാത്രം പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ജാതി സെന്‍സസ് ഉണ്ടാകില്ലെന്ന ബി ജെ പിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്

Published

|

Last Updated

ജാതി സംവരണം ദശാബ്ദങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. സംവരണം ഉദ്യോഗ നിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മറ്റ് ആനുകൂല്യ വിതരണത്തിനും തികച്ചും സത്യസന്ധമായി നടക്കണമെങ്കില്‍ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചുള്ള ആധികാരികമായ രേഖകള്‍ ആവശ്യമാണ്. അതാണിപ്പോള്‍ നമ്മുടെ രാജ്യത്ത് ഇല്ലാതിരിക്കുന്നത്. ഈ വിഷയത്തിലെ ആധികാരികമായ ഒരു രേഖയുണ്ടാക്കി എടുക്കുന്നതിനാണ് ജാതി സെന്‍സസ് നടത്തണമെന്ന ശക്തമായ ജനകീയ ആവശ്യം ഉയരാറുള്ളത്.
ഇന്ത്യയില്‍ മഹാഭൂരിപക്ഷവും പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളാണ്. രാജ്യത്തെ 75 ശതമാനത്തില്‍ അധികം വരുന്ന ഈ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ആദ്യം പട്ടികജാതി-പട്ടികവര്‍ഗ സംവരണവും, തുടര്‍ന്ന് പിന്നാക്ക-ന്യൂനപക്ഷ സംവരണവുമെല്ലാം ഏര്‍പ്പെടുത്തിയത്. പട്ടികജാതി സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പോലും ചില കേന്ദ്രങ്ങളില്‍ നിന്ന് ഭരണഘടനാ നിര്‍മാണ സമിതിയില്‍ തന്നെ ശക്തമായ എതിര്‍പ്പാണുണ്ടായതെന്ന വസ്തുത നമുക്ക് വിസ്മരിക്കാന്‍ കഴിയുകയില്ല.

പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കും ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കിയതിനെ ചൊല്ലി ചിലര്‍ ഭരണഘടനയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “”എന്നെ സംബന്ധിച്ചിടത്തോളം, പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണ സഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂർവമാണെന്ന കാര്യത്തില്‍ അശ്ശേഷം സംശയമില്ല. ഇത് ചെയ്തിരുന്നില്ലെങ്കില്‍ അന്തഃഛിദ്രവും സംഘര്‍ഷങ്ങളും രാജ്യത്ത് ആദ്യമേ തന്നെ നാമ്പെടുക്കുമായിരുന്നു.”

പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ രൂപവത്കരണവും അതിന്റെ റിപോര്‍ട്ട് നടപ്പാക്കലുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. പിന്നാക്ക സംവരണത്തെ സംബന്ധിച്ചുള്ള ഇന്ദ്രാ സാഹിനി കേസ് വിധി മനസ്സില്ലാ മനസ്സോടെയാണ് ഈ രാജ്യം നടപ്പാക്കിയത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാനും അട്ടിമറിക്കാനുമുള്ള വ്യാപകമായ നീക്കങ്ങള്‍ രാജ്യത്തൊട്ടാകെ നടക്കുകയും ചെയ്തു.
പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട്. ഈ റിപോര്‍ട്ടിലെ ശിപാര്‍ശകളെ പ്രായോഗികമാക്കുന്നതിനായി 1990ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ ഇന്ദ്രാ സാഹിനി കേസിലെ വിധി വരുന്നത്. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായ വിധിയെഴുതിയത്. പിന്നാക്ക ജനവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചു നല്‍കിയിരിക്കുകയാണ്. ഇതിനുള്ള 127ാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുമുണ്ട്. പ്രതിപക്ഷ പിന്തുണയോടെ പാസ്സാക്കിയ ഏക ബില്ലാണിത്.
പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ കഴിഞ്ഞ രണ്ടു മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ യാതൊരു ആധികാരിക സര്‍വേ റിപോര്‍ട്ടുകളും ഇന്നില്ല എന്നുള്ളതാണ് വസ്തുത. ഒരു പതിറ്റാണ്ട് മുമ്പെങ്കിലുമുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസുണ്ടാക്കിയാലേ അതിന്റെ അടിസ്ഥാനത്തിലെങ്കിലും ആനുകൂല്യങ്ങളും സംവരണവും എല്ലാം നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ. ജാതി സെന്‍സസ് നടത്തി ജാതി വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇപ്പോഴും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍. ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണ് ഏറ്റവുമൊടുവില്‍ ജാതി സെന്‍സസ് എടുത്തിട്ടുള്ളത്. അതായത്, ജാതി സെന്‍സസ് എടുത്തിട്ട് ഒമ്പത് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.

പിന്നാക്ക സംവരണത്തിനു വേണ്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും നടന്നിട്ടുള്ള ബിഹാറില്‍, ജാതി സെന്‍സസിനായി അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനായി അവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചിരിക്കുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തന്നെ ഇതിനായി സജീവമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അദ്ദേഹത്തോടൊപ്പമുണ്ട്.

ബിഹാറില്‍ ജാതി സെന്‍സസ് നടപ്പാക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തില്‍ സഖ്യകക്ഷിയായ ബി ജെ പി അങ്കലാപ്പിലാണ്. പ്രത്യക്ഷത്തില്‍ ജാതി സെന്‍സസ് നടപ്പാക്കുന്നതിലുള്ള എതിര്‍പ്പ് ബി ജെ പി തുറന്നു കാട്ടിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ നിതീഷ് കുമാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന റിപോര്‍ട്ട് പുറത്തുവന്നതോടെ ബി ജെ പി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. മറ്റു കക്ഷികള്‍ സമ്മതം അറിയിച്ചെങ്കിലും ബി ജെ പി മാത്രം പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്ത് ജാതി സെന്‍സസ് ഉണ്ടാകില്ലെന്ന ബി ജെ പിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിനോട് നിര്‍ദേശം തേടിയിട്ടുണ്ടെന്നാണ് ബി ജെ പി നേതാവും ഉപ മുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് പ്രതികരിച്ചത്. അതേസമയം, വിഷയത്തില്‍ ജെ ഡി യു-ബി ജെ പി സഖ്യത്തിലെ വിള്ളല്‍ തുറന്നു കാട്ടുന്നതിന് നിതീഷ് കുമാര്‍ ഒരുക്കിയ കെണിയാണ് സര്‍വകക്ഷിയോഗമെന്നും പരക്കെ സംസാരമുണ്ട്.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വകക്ഷി യോഗത്തിന് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയതും പുതിയ അഴിമതിക്കേസ് കുത്തിപ്പൊക്കിയതും ബി ജെ പിയുടെ എതിര്‍പ്പിന്റെ ഫലമാണെന്നാണ് ആര്‍ ജെ ഡി ആരോപിക്കുന്നത്.
ജാതി സെന്‍സസിന് ബി ജെ പി എതിരല്ലെന്നും, വിഷയം സംബന്ധിച്ച് ബിഹാര്‍ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തെ പാര്‍ട്ടി പിന്തുണച്ചിരുന്നു എന്നുമാണ് മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാറിന്റെ വാദം. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ബി ജെ പി നേതാക്കളെല്ലാം പലപ്പോഴായി ജാതി സെന്‍സസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി ജെ പി നേതാക്കള്‍ ജാതി സെന്‍സസിനോടുള്ള എതിര്‍പ്പ് പല വേദികളിലും തുറന്നുകാട്ടിയിട്ടുള്ളതാണ്.

2021ലെ സെന്‍സസില്‍ പിന്നാക്ക ജാതി സെന്‍സസ് കണക്കാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മുമ്പ് തന്നെ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഒ ബി സി വിഭാഗക്കാര്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. ജനസംഖ്യയില്‍ ജാതി അനുപാതം മനസ്സിലാക്കിയാല്‍ വിവിധ ക്ഷേമപദ്ധതികള്‍ അര്‍ഹമായ ഗുണഭോക്താക്കളിലേക്ക് കൂടുതല്‍ കൃത്യമായി എത്തിക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

ജാതി സെന്‍സസ് വിഷയത്തില്‍ കേന്ദ്ര നിലപാടിനെതിരെ ഉറച്ചു നില്‍ക്കും എന്നതായിരുന്നു നിതീഷ് കുമാറിന്റെ നിലപാട്. ജാതി സെന്‍സസിന് അനുകൂലമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എടുത്ത നിലപാട് ഇത്തരം ഒരു സമീപനം കൈക്കൊള്ളുന്നതിന് നിതീഷ് കുമാറിനെ നിര്‍ബന്ധിതനാക്കി. ജാതി സെന്‍സസിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് ആര്‍ ജെ ഡി നീങ്ങുമെന്ന് കണ്ടതോടെ തേജസ്വി യാദവുമായി ഒത്തുതീര്‍പ്പിന് നിതീഷ് കുമാര്‍ മുന്‍കൈയെടുക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജെ ഡി യുവും ബി ജെ പിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ജാതി സെന്‍സസില്‍ ബി ജെ പിയുടെ എതിര്‍പ്പ് മനസ്സിലാക്കിയ നിതീഷ് കുമാര്‍ വിഷയം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ആര്‍ ജെ ഡി വീണ്ടും രാഷ്ട്രീയ വിഷയമായി ജാതി സെന്‍സസിനെ ഉയര്‍ത്തിയതോടെ നിതീഷും പച്ചക്കൊടി കാണിച്ച് രംഗത്തിറങ്ങുകയായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ജാതികളും അതിന്റെ പേരിലുള്ള അനീതികളും അടിച്ചമര്‍ത്തലുകളും വിശദമായി പഠന വിഷയമാക്കേണ്ട ഒന്നാണ്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സമൂഹിക-സാമ്പത്തിക-തൊഴിൽ ‍-വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലക്കാണ് നടക്കുന്നത് ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. 2021ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് സോഷ്യോ എക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് (എസ് ഇ സി സി) എന്ന പേരില്‍ ഒരു സെന്‍സസ് നടത്തിയെങ്കിലും അതിന്റെ റിപോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ചര്‍ച്ചക്ക് ഉയര്‍ന്നുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ജാതി സംവരണം ഫലപ്രദമായി തുടരേണ്ടതുണ്ട്. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യവുമാണ്. അക്കാര്യത്തില്‍ അറച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് വലിയ ക്രൂരതയാണ് കാട്ടുന്നത്. പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു തന്നെ ജാതി സെന്‍സസ് എടുക്കാന്‍ കഴിയും. ബിഹാര്‍ സര്‍ക്കാര്‍ അതിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. പിന്നാക്ക ജനവിഭാഗങ്ങള്‍ കൂടുതലുള്ള കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് എടുക്കുന്ന കാര്യത്തില്‍ ഇനിയും പിന്നോട്ടു നില്‍ക്കരുത്. ആ നിലയിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സമയമാണിത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest