Connect with us

തെളിയോളം

ഒറ്റയ്ക്കെന്തിനാ സംസാരിക്കുന്നത്!

ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള സംഭാഷണം നമ്മൾ മറ്റാരോടും നടത്തുന്നില്ല. നമ്മൾ നമ്മളോട് നടത്തുന്ന സംഭാഷണമാണ്. അത് ഒഴിവാക്കാനാകാത്തതും നിരന്തരവുമായതും ആഴത്തിൽ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതുമാണ്. അതിനെ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ദയയോടെ, പ്രോത്സാഹനത്തോടെ, സത്യസന്ധതയോടെ ആ ശബ്ദത്തെ നയിച്ചാൽ അത് നിങ്ങളെ മാറ്റിമറിക്കും.

Published

|

Last Updated

മ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം, മറ്റാരുടേതുമല്ല, സ്വന്തം മനസ്സിന്റേതാണ്. ‘നീയെന്താ ആലോചിക്കുന്നത്?’, ‘എന്താടോ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്?’, ‘നീ ആരോടാ സംസാരിക്കുന്നത്?’, ‘നിനക്ക് പ്രാന്തായോ?’ – ഈ ചോദ്യങ്ങൾ നിങ്ങൾ പലതവണ കേട്ടിട്ടുണ്ടെങ്കിൽ, അഭിനന്ദനങ്ങൾ… നിങ്ങൾക്ക് ശക്തമായ ഒരു സ്വയം സംസാര ശീലം ഉണ്ടെന്ന് അർഥം. പലർക്കും അത് ഒരു വിചിത്രതയായി തോന്നാം. എന്നാൽ സത്യത്തിൽ, അത് മനുഷ്യന്റെ ഏറ്റവും സ്വാഭാവികവും ശക്തവുമായ മാനസിക പ്രക്രിയകളിൽ ഒന്നാണ്. നിങ്ങൾ കേൾക്കുന്ന ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം നിങ്ങളുടെ തലയ്ക്കുള്ളിൽ നിന്നാണ്. അത് എല്ലായ്പ്പോഴും സംശയങ്ങളല്ല — പലപ്പോഴും അത് നിങ്ങളുടെ യഥാർഥ ജ്ഞാനമാണ്. അതിനെ തിരിച്ചറിയാനും, ശരിയായി ഉപയോഗിക്കാനും കഴിയുമ്പോൾ, വിജയത്തിലേക്കുള്ള പാത നിങ്ങൾ കണ്ടെത്തിയിരിക്കുന്നു. മനശ്ശാസ്ത്രജ്ഞനായ വില്യം ജെയിംസ് പറഞ്ഞത് പോലെ, “മനസ്സ് ഒരു നിശബ്ദ സങ്കേതമല്ല; അത് നിരന്തരം ഒഴുകുന്ന ചിന്തകളുടെ ഒരു പ്രവാഹമാണ്.’

ആ പ്രവാഹത്തിന്റെ വേഗം നിശ്ചയിക്കുന്നത് സ്വയംസംസാരമാണ്. അതിനെ ആശയക്കുഴപ്പത്തിന്റെ അടയാളമായി കാണേണ്ടതില്ല; മറിച്ച് അത് വ്യക്തതയുടെ അന്വേഷണമാണ്. വികാരങ്ങളെ മനസ്സിലാക്കാനും തീരുമാനങ്ങളെടുക്കാനും, അനിശ്ചിതത്വങ്ങളിൽ നിന്ന് പുറത്തേക്കു വരാനും മനസ്സ് നടത്തുന്ന ബുദ്ധിപരമായ ഒരു നീക്കം.
ഒരു ചെറിയ ഉദാഹരണം എടുത്താൽ – നിങ്ങൾ ഒരു പ്രധാന ജോലിയിൽ മുഴുകിയിരിക്കുമ്പോൾ, ഒരു സുഹൃത്ത് നിങ്ങളെ പാർട്ടിക്ക് വിളിക്കുന്നു. നിങ്ങൾ പറയുന്നത്: “വരാൻ ആഗ്രഹമുണ്ട്… പക്ഷേ ഇന്ന് ഈ റിപ്പോർട്ട് പൂർത്തിയാക്കണം.’ ഇത് കേവലം ഒരു മറുപടി മാത്രമല്ല. അത് നിങ്ങളുടെ ശ്രദ്ധയെ വീണ്ടും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഒരു ആന്തരിക നിർദേശം കൂടിയാണ്. നിങ്ങൾ സ്വയം പറഞ്ഞ വാക്കുകൾ തന്നെ നിങ്ങളുടെ പ്രവൃത്തിയെ ശക്തിപ്പെടുത്തുന്നു. അഥവാ സ്വയം സംസാരം ബലഹീനതയല്ല. അത് സ്വയംനിയന്ത്രണത്തിന്റെ അടയാളമാണ്. അത് നമുക്ക് ഒരു സുരക്ഷിത ഇടമാണ്. മറ്റുള്ളവരുടെ വിധികളെ ഭയക്കാതെ, നമ്മൾ നമ്മളോട് സത്യസന്ധമായി സംസാരിക്കാൻ കഴിയുന്ന ഇടം.

ദൈനംദിന ജീവിതത്തിൽ, ഈ ആന്തരിക സംഭാഷണം നമ്മെ നിശബ്ദമായി നയിക്കുന്നു. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നമ്മൾ നമ്മളോട് ചോദ്യങ്ങൾ ചോദിക്കുന്നു. തെറ്റുകൾക്ക് ശേഷം നമ്മൾ സ്വയം വിലയിരുത്തുന്നു. സമ്മർദ സമയങ്ങളിൽ, നമ്മൾ നമ്മളെ ആശ്വസിപ്പിക്കുന്നു. ചിലപ്പോൾ കൈയിലുള്ള സാധനം തന്നെ എല്ലായിടത്തും തിരയുമ്പോഴും, ഒരു മുറിയിലേക്ക് എന്തിനാണ് വന്നത് എന്ന് മറന്നുനിൽക്കുമ്പോഴും, നമ്മൾ ഉള്ളിൽ തന്നെ നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അത് “പ്രാന്ത്’ അല്ല- അത് മനുഷ്യനായിരിപ്പിന്റെ തെളിവാണ്. പക്ഷേ, ഇവിടെ ഒരു സത്യവും ഉണ്ട് – നമ്മെ പരാജയപ്പെടുത്തുന്നത് പുറത്തെ ലോകം അല്ല, പലപ്പോഴും നമ്മുടെ ഉള്ളിലെ ശബ്ദമാണ്. “എനിക്ക് കഴിയില്ല’, “ഇത് കൊണ്ട് കാര്യമില്ല’ എന്ന ആവർത്തിച്ചുള്ള നിഷേധാത്മക സ്വയംസംസാരം, മെല്ലെ മെല്ലെ ഒരു വിശ്വാസമാകുന്നു… പിന്നെ അത് ഒരു പരിമിതിയായി മാറുന്നു.

അതേ സമയം, ആ ശബ്ദം മാറുമ്പോൾ, ജീവിതവും മാറുന്നു. “ഞാൻ ശ്രമിക്കും.’, “ഞാൻ മെച്ചപ്പെടും.’, “ഇത് വീണ്ടും ചെയ്യാം.’ ഇത്തരത്തിലുള്ള പോസിറ്റീവ് സ്വയംസംസാരം, വളർച്ചക്കും ആത്മവിശ്വാസത്തിനും അടിത്തറയാകുന്നു. അത്്ലറ്റുകൾ അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കുന്നു. ഗവേഷകർ അവരുടെ ചിന്തകളെ ക്രമീകരിക്കാൻ ഇത് ഉപയോഗിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് ഉപയോഗിക്കുന്നു. ഒരേ സമയം സംസാരിക്കുന്നവനും ശ്രോതാവുമായ ഒരാൾ, തന്റെ മനസ്സിൽ ഒരു ശക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള സംഭാഷണം നമ്മൾ മറ്റാരോടും നടത്തുന്നില്ല. നമ്മൾ നമ്മളോട് നടത്തുന്ന സംഭാഷണമാണ്. അത് ഒഴിവാക്കാനാകാത്തതും നിരന്തരവുമായതും ആഴത്തിൽ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതുമാണ്. അതിനെ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്.

ദയയോടെ, പ്രോത്സാഹനത്തോടെ, സത്യസന്ധതയോടെ ആ ശബ്ദത്തെ നയിച്ചാൽ അത് നിങ്ങളെ മാറ്റിമറിക്കും. നിഷേധാത്മകത നിറച്ചാൽ – അത് നിങ്ങളുടെ സാധ്യതകളെ തന്നെ ചുരുക്കും. അതുകൊണ്ട് ഓർക്കൂ… നിങ്ങൾ ദിവസവും നിങ്ങളോട് സംസാരിക്കുന്നു. ചോദ്യമിതാണ് നിങ്ങൾ സംസാരിക്കുന്നത് നിങ്ങളെ വളർത്തുംവിധമാണോ അതോ തളർത്തുംവിധമോ?

 

 

---- facebook comment plugin here -----

Latest