Connect with us

Status

ഓൺലൈൻ വർഗീയത വേരോട്ടം നടത്തുമ്പോൾ

Published

|

Last Updated

വെറുപ്പ് പടർത്തി വർഗീയ വിദ്വേഷം നടത്തി അധികാരം നിലനിർത്താനുള്ള രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെ നീക്കങ്ങൾ വലിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഓൺലൈനിൽ ‘ബുള്ളി ബായ്’ എന്ന പേരിൽ മുസ്‌ലിം സ്ത്രീകൾക്കെതിരെ ആസൂത്രിതമായ വിദ്വേഷ പ്രചാരണം നടത്തുന്ന വാർത്ത പുറത്തുവന്നത്. എത്രമേൽ ഭീകരമായാണ് നമ്മുടെ രാജ്യത്ത് വർഗീയത പടർത്താനുള്ള നീക്കങ്ങൾ നടക്കുന്നതെന്ന് വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന സംഭവമാണ് ബുള്ളി ബായ്.
മുസ്‌ലിം സത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വെച്ച് സംഘ്പരിവാർ നടത്തുന്ന വിദ്വേഷ ക്യാമ്പയിനാണ് ബുള്ളി ബായ്. നേരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച സുള്ളി ഡീല്‍സിന് ശേഷം മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് മറ്റൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍. “ബുള്ളി ബായ്’ എന്നാണ് പുതിയ ആപ്പിന്റെ പേര്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളുമാണ് ഈ ആപ്പില്‍ വില്‍പ്പനക്ക് എന്നു പറഞ്ഞ് നല്‍കിയിരിക്കുന്നത്.

‘സുള്ളി ഡീലു’കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് എന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ബുള്ളി ബായും എത്തിയിരിക്കുന്നത്. അഞ്ച് മാസം മുമ്പാണ് ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പ് ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. മുസ്്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുകയും ഒപ്പം ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു സുള്ളി ഡീല്‍സ് എന്ന ആപ്പ്. സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാർഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരികള്‍, ഗവേഷകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ മുസ്്ലിം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇതേ രീതിയാണ് ബുള്ളി ബായിയും പിന്തുടരുന്നത്.

ദേശീയ മാധ്യമ പ്രവര്‍ത്തകയായ ഇസ്മത് ആറയാണ് ആപ്പിലൂടെ മുസ്്ലിം സ്ത്രീകളെ ലേലത്തിന് വെച്ചിരിക്കുന്ന ബുള്ളി ബായ് എന്ന ആപ്പിനെ കുറിച്ചുള്ള വിവരം ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോ വെച്ച് ഈ ആപ്പില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ആപ്പില്‍ ലേലത്തിനായി പ്രദര്‍ശിപ്പിക്കപ്പെട്ട നിരവധി ആളുകളുടെ പട്ടിക പുറത്തുവന്നു. സംഭവത്തില്‍ ഇസ്മത് ആറ ഡല്‍ഹി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ആപ്പിലൂടെ പ്രചരിക്കുന്നത്.
‘ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവര്‍ഷം ആരംഭിക്കേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീല്‍സിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാന്‍ മാത്രമല്ല എന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഒരു സുഹൃത്ത് അയച്ച സ്‌ക്രീന്‍ഷോട്ടാണിത്. പുത്സവത്സരാശംസകള്‍’ – എന്നാണ് ഇസ്മത് ആറ ട്വീറ്റ് ചെയ്തത്.
ഈ ആപ്പിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. അതേസമയം, മുഖ്യധാരാ മാധ്യമങ്ങൾ ബുള്ളി ബായ് വിവാദം കാര്യമായി കവർ ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ബെംഗളുരുവിൽ നിന്നുള്ള 21 കാരനായ എൻജിനീയറിംഗ് വിദ്യാർഥിയെ മുംബൈ പോലീസ് സൈബർ സെൽ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണത്തിനും ഹാഷ് ടാഗ് ട്രെന്റുകള്‍ സൃഷ്ടിക്കാനും ബി ജെ പി ഐ ടി സെല്ലിന് രഹസ്യ ആപ്പ് ഉണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദേശീയ മാധ്യമമായ “ദി വയര്‍’ ആണ് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവിലെ ഓണ്‍ലൈന്‍ ട്രെന്റുകള്‍ എന്താണെന്ന് മനസ്സിലാക്കാനും വിദ്വേഷ പ്രചാരണങ്ങളും ട്രോളുകളും പ്രചരിപ്പിക്കാനും, ബി ജെ പി അനുകൂല ഹാഷ് ടാഗ് ട്രെന്റുകള്‍ സൃഷ്ടിക്കാനുമാണ് ആപ്പ് ഉപയോഗിക്കുന്നത്. ടെക് ഫോഗ് എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് ബി ജെ പിയുടെ ഐ ടി സെല്‍ രൂപവത്കരിച്ചിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പിന്റെ സഹായത്തോടെയാണ് ആപ്പ് രൂപവത്കരിച്ചതെന്നാണ് സംശയം. സംഘ്പരിവാറിന് അനുകൂലമായ ട്രെന്റുകള്‍ സൃഷ്ടിക്കുന്നതും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതും വ്യക്തികള്‍ വഴിയല്ലെന്നും ആപ്പ് നേരിട്ടാണെന്നുമുള്ളതാണ് ഞെട്ടിക്കുന്ന വിവരം.
ബി ജെ പി ഐ ടി സെല്ലും ബി ജെ പിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയുമാണ് ആപ്പിന് പിന്നില്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഐ ടി സെല്ലില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദി വയര്‍ റിപ്പോര്‍ട്ടര്‍മാര്‍ ആയ ആയുഷ്മാന്‍ കൗളും ദേവെശ് കുമാറും രണ്ട് വര്‍ഷത്തോളമെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ടെക്സ്റ്റുകള്‍ സ്വയമേവ അപ്്ലോഡ് ചെയ്യാനും ട്വിറ്റര്‍ അടക്കമുള്ള ട്രെന്‍ഡ്സ് എന്ന ഹാഷ്ടാഗ് നിർമിക്കാനും ഈ ആപ്പിന് കഴിയും. ഐ ടി സെല്‍ തീരുമാനിക്കുന്ന ഹാഷ്് ടാഗുകള്‍ ഉപയോഗിച്ച് ട്വിറ്ററിന്റെ ‘ട്രെന്‍ഡിംഗ്’ വിഭാഗം ഹൈജാക്ക് ചെയ്യുക, ബി ജെ പിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒന്നിലധികം വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബി ജെ പിയെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി അധിക്ഷേപിക്കുക എന്നിവക്ക് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ചില ട്വീറ്റുകളും പോസ്റ്റുകളും ഓട്ടോ റീട്വീറ്റ് ചെയ്തും ഓട്ടോ ഷെയര്‍ ചെയ്തും ട്രെന്റിംഗ് സൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. വ്യക്തികളുടെ നിലവില്‍ ഉപയോഗിക്കാത്ത വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹൈജാക് ചെയ്യാനും വിവിധ നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനും ആപ്പ് ഉപയോഗിക്കുന്നു. ഇതിന് പുറമെ ആളുകളുടെ സ്വഭാവം, പ്രായം, തൊഴില്‍, രാഷ്ട്രീയം എന്നിവ മനസ്സിലാക്കി ഓട്ടോ റിപ്ലെയായി അധിക്ഷേപ സന്ദേശങ്ങള്‍ അയക്കാനും ആപ്പിന് കഴിയും.

സോഷ്യല്‍ മീഡിയയില്‍ ഐ ടി സെല്ലിന് വേണ്ടി വിദ്വേഷ പ്രചാരണം നടത്തുന്ന എല്ലാ അക്കൗണ്ടുകളും ഒറ്റയടിക്ക് ഇല്ലാതാക്കാനോ, റീമാപ്പ് ചെയ്ത് മറ്റൊരു അക്കൗണ്ട് ആക്കി മാറ്റാനോ ആപ്പിന് കഴിയും. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ കേസുകള്‍ വന്നാല്‍ തെളിവുകള്‍ എളുപ്പത്തില്‍ നശിപ്പിക്കാനാണിത്.

ചുരുക്കത്തിൽ, ഓൺലൈനിലും സമൂഹ മാധ്യമങ്ങളിലും ആസൂത്രിതമായ വർഗീയ വിദ്വേഷം വ്യാപകമായി നടക്കുന്നുണ്ട്. ബുള്ളി ബായ് കേസിൽ പോലും രാജ്യത്തെ സ്ത്രീ സംഘടനകളോ മാധ്യമങ്ങളോ കാര്യമായി ഇടപെടുന്നില്ല എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആപ്പ് പിൻവലിച്ചു എന്ന് കേന്ദ്ര ഐ ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ തുടരുകയാണ്. സമാനമായ നീക്കങ്ങൾ വിവിധ രൂപങ്ങളിൽ ഇപ്പോഴും ഓൺലൈനിൽ നടക്കുന്നു എന്നതും നേരത്തെ കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല എന്നതും ഈ ആശങ്കകളുടെ ആഴം വർധിപ്പിക്കുന്നു.

Latest