editorial
ദേശീയ മോഹങ്ങളും പ്രാദേശിക കരുത്തും ഏറ്റുമുട്ടുന്പോൾ
വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മത- ജാതി ധ്രുവീകരണ ശ്രമങ്ങള്‍ക്കും പകരം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉയര്‍ന്നുവരേണ്ടത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നത് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഏറെക്കാലമായി ദേശീയതലത്തില്‍ അധികാരത്തിലുള്ള രാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ കക്ഷികള്‍ ഭരണം നടത്തുന്നവയാണ് ഈ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രാഷ്ട്രീയ ആധിപത്യം നേടിയ ബി ജെ പിക്ക് ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ പ്രതിരോധം നേരിടേണ്ടി വരുന്നതിനാല്‍ അധികാരത്തിനു പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.
ബി ജെ പിക്ക് ബാലികേറാമലയാണ് ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന കേരളം. സംസ്ഥാനത്ത് മൂന്നാം ശക്തിയെന്ന നിലയില്‍ വേരോട്ടമുണ്ടാക്കാന്‍ അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. മതേതര രാഷ്ട്രീയത്തില്‍ അടിയുറച്ച വോട്ടര്‍മാരും സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും കേരളത്തിന്റെ സവിശേഷതയാണ്. സ്ഥിരം വര്‍ഗീയ അജന്‍ഡകളുമായി രംഗത്തു വരുന്ന ബി ജെ പിക്ക് സംസ്ഥാനത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയും മതേതര പാരമ്പര്യവും തകര്‍ക്കുക അത്ര എളുപ്പമല്ലെന്ന് മുന്‍ തിരഞ്ഞെടുപ്പുകള്‍ ബോധ്യപ്പെടുത്തി. ശബരിമല വിഷയത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതല്‍ കേന്ദ്ര വികസന പദ്ധതികള്‍ വരെ ഉയര്‍ത്തിക്കാട്ടിയാണ് അവര്‍ വോട്ട് തേടുന്നത്. എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ചാ മോഹവും യു ഡി എഫിന്റെ തിരിച്ചുവരവ് പ്രതീക്ഷയും കൂടിയാകുമ്പോള്‍ ശക്തമായ മത്സരത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുക.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ്‌നാട്ടില്‍ ദേശീയ രാഷ്ട്രീയത്തിന് എപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. പ്രാദേശിക ഭാഷയും സംസ്‌കാരവും സാമൂഹിക നീതിയും ആസ്പദമാക്കിയുള്ള രാഷ്ട്രീയ ധാരകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ സംസ്ഥാനത്തെ രാഷ്ട്രീയം നിര്‍ണയിച്ചു വരുന്നത്. ബി ജെ പി ഉള്‍പ്പെടെ ദേശീയ പാര്‍ട്ടികള്‍ക്ക് ഇവിടെ സ്വാധീനം നേടാന്‍ കഴിയാത്തതും അധികാരത്തിനു പുറത്ത് നില്‍ക്കേണ്ടി വരുന്നതും ഇതുകൊണ്ടാണ്. ബി ജെ പിയുടെ “ഹിന്ദു- ഹിന്ദു- ഹിന്ദുസ്ഥാന്‍’ രാഷ്ട്രീയത്തിനെ “തമിഴ്‌വികാരം’ ഉയര്‍ത്തിപ്പിടിച്ചാണ് ദ്രാവിഡ കക്ഷികള്‍ നേരിടുന്നത്. പ്രാദേശിക സ്വാഭിമാനവും കേന്ദ്ര രാഷ്ട്രീയവും തമ്മിലുള്ള മാറ്റുരക്കലാണ് ഇവിടെ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍. സിനിമാ പ്രേക്ഷകരില്‍ വലിയൊരു ആരാധകാ വൃന്ദമുള്ള നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടി വി കെ) കൂടി മാറ്റുരക്കുന്നുവെന്നത് ഇത്തവണ തമിഴ്‌നാട് തിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
ദീര്‍ഘകാലം ഇടതുപക്ഷ ഭരണത്തിനും പിന്നീട് പ്രാദേശിക ശക്തിയായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഉയര്‍ച്ചക്കും സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പം വര്‍ധിപ്പിക്കുന്നു. മമതാ ബാനര്‍ജിയുടെ വ്യക്തിപ്രഭാവവും ബി ജെ പിയുടെ കേന്ദ്ര അധികാരശക്തിയും തമ്മിലുള്ള പോരാട്ടമായിരിക്കും ബംഗാളില്‍ നടക്കാനിരിക്കുന്നത്.
ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥ കൂടി ചര്‍ച്ചക്ക് വിഷയീഭവിക്കുന്നതായിരിക്കും ഈ മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇടപെടലുകള്‍ നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. കേന്ദ്ര വിഹിതം നല്‍കുന്നതില്‍ കേന്ദ്രം കാണിക്കുന്ന വിവേചനം, ഗവര്‍ണര്‍മാരുടെ ഇടപെടല്‍, കേന്ദ്ര ഏജന്‍സികളുടെ കടന്നുകയറ്റം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പേരുമാറ്റം തുടങ്ങിയ വിഷയങ്ങളും ഫെഡറല്‍ ഘടനയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനങ്ങളുടെ ഭരണ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചകളും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായേക്കും.
വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മത- ജാതി ധ്രുവീകരണ ശ്രമങ്ങള്‍ക്കും പകരം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉയര്‍ന്നുവരേണ്ടത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഇറാന്‍- അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് ഇന്ധന മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം.
ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന പണാധിപത്യമാണ് ഇന്ത്യന്‍ രാഷ്ട്രീയവും തിരഞ്ഞെടുപ്പുകളും നേരിടുന്ന മുഖ്യ വെല്ലുവിളി. വോട്ടര്‍മാരുടെ സമ്മതിദാനാവകാശത്തെ കേവലമൊരു ചരക്കാക്കി വിലപേശുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും കോര്‍പറേറ്റ് ശക്തികളുടെയും അവിശുദ്ധ കൂട്ടുകെട്ട് ഇന്ത്യന്‍ ജനാധിപത്യത്തിന് വന്‍ ഭീഷണിയായി മാറിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണ പരിപാടികള്‍ വരെ കോടികള്‍ ഒഴുകുന്ന വന്‍ബിസിനസ്സായി മാറിയിരിക്കുന്നു. ഇലക്ടറല്‍ ബോണ്ടുകളും കള്ളപ്പണത്തിന്റെ ഒഴുക്കും രാഷ്ട്രീയ ധാര്‍മികതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിരീക്ഷണവും നടപടികളും ആവശ്യമാണ്. പണമൊഴുക്കി ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകരും. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുകയും തിരഞ്ഞെടുപ്പുകളിലെ സുതാര്യത ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും കാത്തുസൂക്ഷിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണ്.


