Editors Pick
ഇനി മെസേജുകൾ ഓരോന്നായി തുറന്ന് വായിക്കേണ്ട; വാട്സാപ്പിൽ വരുന്നു വിപ്ലവകരമായ മാറ്റം!
ഒന്നിലധികം ചാറ്റുകളിൽ നിന്നുള്ള വായിക്കാത്ത സന്ദേശങ്ങളുടെ ചുരുക്കം ഒരൊറ്റയിടത്ത് കാണാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.
മെൻലോ പാർക്ക് | ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി വാട്സാപ്പ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വായനക്കാരെ ഏറെ സഹായിക്കുന്ന അൺറെഡ് ചാറ്റ് സമ്മറി ഫീച്ചറാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് പരീക്ഷിക്കുന്നത്. ഐ ഒ എസ് പ്ലാറ്റ്‌ഫോമിലെ പുതിയ ടെസ്റ്റ് ഫ്ലൈറ്റ് ബിൽഡിലാണ് ഈ മാറ്റം കണ്ടെത്തിയത്.
നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഒന്നിലധികം ചാറ്റുകളിൽ നിന്നുള്ള വായിക്കാത്ത സന്ദേശങ്ങളുടെ ചുരുക്കം ഒരൊറ്റയിടത്ത് കാണാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഓരോ ചാറ്റും പ്രത്യേകം തുറന്ന് ഉള്ളടക്കം പരിശോധിക്കുന്നതിന് പകരമായി ആകെ സന്ദേശങ്ങളുടെ രത്നച്ചുരുക്കം ഇതുവഴി ലഭ്യമാകും. പ്രൈവറ്റ് പ്രോസസിംഗ് സംവിധാനം ഉപയോഗിച്ചാണ് ഈ സമ്മറികൾ തയ്യാറാക്കുന്നത് എന്നതിനാൽ ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.

വാട്സാപ്പിലെ ചാറ്റ് ടാബിൽ അൺറെഡ് ഫിൽട്ടർ തിരഞ്ഞെടുക്കുമ്പോൾ മുകൾ ഭാഗത്തായി ഗെറ്റ് എ സമ്മറി എന്ന ബട്ടൺ ദൃശ്യമാകും. ഇതിൽ ടാപ്പ് ചെയ്യുന്നതിലൂടെ ഒന്നിലധികം സന്ദേശങ്ങളുടെ കൃത്യമായ വിവരണം ലഭിക്കും. ഐ ഒ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഒരുപോലെ ഈ സൗകര്യം ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.
നിലവിൽ തിരഞ്ഞെടുത്ത ചില മേഖലകളിൽ മാത്രമാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്. വൈകാതെ തന്നെ ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് സാധാരണ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary
WhatsApp is currently testing a unified AI-powered summary feature for unread messages, as discovered in the latest TestFlight build. This tool will allow users to see a concise overview of multiple unread conversations through a single “Get a summary” button. Managed via Private Processing to ensure data privacy, the feature is expected to roll out to beta users on both iOS and Android soon.





