Editors Pick
ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം
ഉപയോക്താക്കൾക്ക് കൂടുതൽ പേഴ്സണലൈസേഷൻ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പ്രീമിയം സേവനം ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി | പ്രമുഖ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനായ വാട്സ്ആപ്പ് പ്ലസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ പേഴ്സണലൈസേഷൻ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പ്രീമിയം സേവനം ലക്ഷ്യമിടുന്നത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ ടെസ്റ്റർമാർക്കിടയിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വൈകാതെ തന്നെ ഐ ഒ എസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും.
വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ആപ്പിന്റെ ഐക്കൺ മാറ്റുന്നതിനും വ്യത്യസ്ത റിംഗ്ടോണുകൾ സെറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്യാവുന്ന സ്ഥാനത്ത് പ്രീമിയം ഉപയോക്താക്കൾക്ക് 20 ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാൻ സാധിക്കും. വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ തുടങ്ങി 18 പുതിയ തീം ഓപ്ഷനുകൾ ആപ്പ് ഇന്റർഫേസിൽ മാറ്റങ്ങൾ വരുത്താനായി ലഭിക്കും. ഇതുകൂടാതെ ആനിമേഷൻ ചെയ്ത എക്സ്ക്ലൂസീവ് സ്റ്റിക്കറുകളും പുതിയ 10 റിംഗ്ടോണുകളും ഇതിന്റെ ഭാഗമായി ലഭിക്കും.

സബ്സ്ക്രിപ്ഷൻ നിരക്കുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ മെറ്റ പുറത്തുവിട്ടിട്ടില്ലെങ്കിലും വിവരങ്ങൾ പ്രകാരം യൂറോപ്പിൽ മാസം 2.49 യൂറോ ആയിരിക്കും നിരക്ക്. പാകിസ്ഥാനിൽ 229 രൂപയും മെക്സിക്കോയിൽ 29 ഡോളറും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തെ സൗജന്യ ട്രയൽ സൗകര്യവും ചില ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ പ്ലാൻ വരുന്നതോടെ വാട്സ്ആപ്പിന്റെ അടിസ്ഥാന സേവനങ്ങളിൽ മാറ്റമുണ്ടാകില്ല. മെസ്സേജിങ്, വോയ്‌സ് കോളുകൾ, എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തുടങ്ങിയവ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി തന്നെ തുടരും.
നിലവിൽ ഉപഭോക്താക്കൾക്കുള്ള സാധാരണ വാട്സ്ആപ്പിൽ മാത്രമാണ് ഈ മാറ്റങ്ങൾ വരുന്നത്. വാട്സ്ആപ്പ് ബിസിനസ്സിൽ ഈ പ്ലാൻ ലഭ്യമാകില്ല. കൂടാതെ സ്റ്റാറ്റസുകളിൽ പരസ്യങ്ങൾ കാണിക്കുന്ന രീതി തുടരുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
Summary
Meta has officially confirmed the testing of a new optional subscription tier called WhatsApp Plus, aimed at providing users with enhanced personalization options. The premium service includes features like custom app icons, exclusive ringtones, 18 new chat themes, and the ability to pin up to 20 chats. While core messaging and privacy features will remain free, the subscription is expected to follow a low-cost model starting with beta testers on Android.




