Education Notification
പത്തിന് ശേഷം എന്ത്?
എസ് എസ് എൽ സി എന്ന കടമ്പ കടക്കുന്നതോടെ ഭാവിയിൽ എന്താകണം, ഏത് കരിയർ തിരഞ്ഞെടുക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കേണ്ടി വരുന്നു. വിവിധ തരം കോഴ്സുകൾ ഉള്ളത് കൊണ്ട് തന്നെ തുടർ പഠനത്തിനുള്ള കോഴ്സ് തിരഞ്ഞെടുപ്പ് വിഷമമുള്ളതാകും. ഭാവിയിലെ തുടർപഠനത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ കൃത്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ കഴിയൂ
പത്താം ക്ലാസ്സ് പരീക്ഷയോടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലാണ് കുട്ടികൾ എത്തിപ്പെടുന്നത്. ഭാവിയിൽ എന്താകണം, ഏത് കരിയർ തിരഞ്ഞെടുക്കണം എന്നിവയെകുറിച്ചെല്ലാം എസ് എസ് എൽ സി എന്ന കടമ്പ കടക്കുന്നതോടെ തീരുമാനമെടുക്കേണ്ടി വരുന്നു. വിവിധതരം കോഴ്സുകൾ ഉള്ളത് കൊണ്ട് തന്നെ തുടർ പഠനത്തിനുള്ള തിരഞ്ഞെടുപ്പ് വിഷമമുള്ളതാകും.
കേരളത്തിൽ എസ് എസ് എൽ സി വിജയിച്ചവർക്ക് ചേർന്ന് പഠിക്കാൻ കഴിയുന്ന പ്രധാന കോഴ്സുകളെ കുറിച്ചാണ് ഇന്നത്തെ “അവസര’ത്തിൽ വിവരിക്കുന്നത്. ഭാവിയിലെ തുടർ പഠനത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ കൃത്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ കഴിയൂ.
ഹയർ സെക്കൻഡറി
എസ് എസ് എൽ സി പരീക്ഷകൾ വിജയിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പ്ലസ് ടുവായിരിക്കും ഉപരിപഠനത്തിന് തിരഞ്ഞെടുക്കുക. വിവിധ വിഷയങ്ങൾ ചേർത്ത വ്യത്യസ്തങ്ങളായ കോമ്പിനേഷനുകളാണ് +2 വിനുള്ളത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, സയൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പഠനം സാധ്യമാകുക. എസ് എസ് എൽ സി റിസൾട്ട് വന്ന ഉടൻ പ്ലസ് വൺ പ്രവേശന പ്രക്രിയ ആരംഭിക്കും. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ ഘട്ടങ്ങളായി ഓൺലൈൻ വഴിയാണ് പ്രവേശനം പൂർത്തീകരിക്കുന്നത്. ഗ്രൂപ്പും കോമ്പിനേഷനും തിരഞ്ഞെടുക്കുമ്പോൾ തുടർ പഠന സാധ്യതകൾ ശ്രദ്ധാപൂർവം പരിഗണിക്കണം.
വി എച്ച് എസ് ഇ
മറ്റൊരു പ്രധാന അവസരമാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി. നൈപുണി വികസനം ലക്ഷ്യമാക്കി പ്ലസ് ടു പഠനത്തോടൊപ്പം ഏതെങ്കിലും നിർദിഷ്ട തൊഴിൽ മേഖലയിൽ പരിശീലനം കൂടി ലഭ്യമാക്കുന്ന കോഴ്‌സുകളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയിലുള്ളത്. vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് വി എച്ച് എസ് ഇയിൽ അഡ്മിഷന് അപേക്ഷിക്കേണ്ടത്.
ടെക്നിക്കൽ ഹയർ സെക്കൻഡറി
പ്ലസ് ടു വിഷയങ്ങളോടൊപ്പം എൻജിനീയറിംഗ് വിഷയങ്ങളും കൂടി പഠിക്കാൻ ടെക്‌നിക്കൽ ഹയർ സെക്കൻഡറിയിൽ അവസരം ലഭിക്കുന്നു. സാങ്കേതിക വിഷയങ്ങളടക്കം മൊത്തം ആറ് വിഷയങ്ങൾ പഠിക്കണം. എൻജിനീയറിംഗ് വിഷയങ്ങളിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കോഴ്സാണിത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റിന്റെ കീഴിലാണ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. പ്രവേശനത്തിന് www.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്
മറ്റ് പ്ലസ് ടു കോഴ്സുകൾ
ഇത് കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് എന്നിവയുടെ കീഴിലുള്ള പ്ലസ് ടു കോഴ്‌സുകളുംഇന്റർനാഷനൽ ബക്കലോറിയേറ്റ് ഓർഗനൈസേഷൻ (ഐ ബി ഒ), ഇന്റർനാഷനൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (ഐ ജി സി എസ് ഇ)എന്നിവയുടെ കീഴിലുള്ള അന്താരാഷ്ട്ര സിലബസ്സ് കോഴ്‌സുകളും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗ് എന്നിവ നടത്തുന്ന തുല്യതാ കോഴ്‌സുകളും പഠിക്കാൻ അവസരമുണ്ട്.
പോളിടെക്നിക്കുകൾ
കേരളത്തിലെ വിവിധ പോളിടെക്‌നിക്കുകളിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിൽ എസ് എസ് എൽ സി വിജയിച്ചവർക്ക് പ്രവേശനം നേടാം. നല്ല തൊഴിൽ സാധ്യതയുള്ള മൂന്ന് വർഷ കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിൽ നടത്തപ്പെടുന്നത്. ചില പോളിടെക്‌നിക്കുകളിൽ ഫാഷൻ ഡിസൈനിംഗ്, കൊമേഴ്ഷ്യൽ പ്രാക്ടീസ് തുടങ്ങിയ എൻജിനീയറിംഗ് ഇതര കോഴ്‌സുകളും ലഭ്യമാണ്. പ്രവേശനത്തിന് www.polyadmission.org വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. പോളിടെക്‌നിക് ഡിപ്ലോമ വിജയിച്ചവർക്ക് ലാറ്ററൽ എൻട്രി വഴി ബി ടെക് രണ്ടാം വർഷ ക്ലാസ്സിലേക്ക് നേരിട്ട് പ്രവേശനത്തിന് അവസരമുണ്ട്.
ഐ ടി ഐ
വിവിധ മേഖലയിലെ എൻജിനീയറിംഗ്, എൻജിനീയറിംഗ് ഇതര കോഴ്സുകൾ ഐ ടി ഐകളിൽ ലഭ്യമാണ്. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷൻ ട്രെയിനിംഗ്, സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിംഗ് എന്നിവയുടെ അംഗീകാരമുള്ള കോഴ്‌സുകളാണ് ഐ ടി ഐകളിൽ നടത്തപ്പെടുന്നത്. പ്രവേശനത്തിന് www.det.kerla.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹോമിയോപ്പതിക് ഫാർമസി
പത്താം ക്ലാസ്സുകാർക്ക് പ്രവേശനം ലഭിക്കുന്ന മറ്റൊരു കോഴ്‌സാണിത്. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഹോമിയോ മെഡിക്കൽ കോളജുകളിൽ ആണ് ഈ കോഴ്‌സ് നടത്തപ്പെടുന്നത്. പ്രവേശനത്തിന് lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ആയുർവേദ തെറാപ്പി, ആയുർവേദ നഴ്‌സിംഗ്, ആയുർവേദ ഫാർമസി കോഴ്‌സുകൾ വിവിധ ആയുർവേദ കോളജുകളിൽ ലഭ്യമാണ്. ഈ കോഴ്സുകൾ ഒരു വർഷം ദൈർഘ്യം ഉള്ളതാണ്. വെബ്‌സൈറ്റ് :www,Ayurveda.kerala.gov.in
അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ
കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ നടത്തുന്ന പാറ്റേൺ മേക്കിംഗ് ആൻഡ് കാഡ്, ഗാർമെന്റ് കൺസ്ട്രക്‌ഷൻ ടെക്‌നിക്‌സ്, ഗാർമെന്റ് ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ, മെഷീൻ മെയിന്റനൻസ് മെക്കാനിക്ക് തുടങ്ങിയ കോഴ്‌സുകളിലേക്ക് പത്താം ക്ലാസ്സുകാർക്ക് പ്രവേശനം നേടാം. നല്ല തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ് ഇവയെല്ലാം. വെബ്‌സൈറ്റ്: atdcindia.co.in
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിംഗ്
കൊച്ചിയിലെ പ്രശസ്തമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അവസരമുണ്ട്. പ്ലാസ്റ്റിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് നല്ല തൊഴിൽ സാധ്യത യുണ്ട്. വെബ്‌സൈറ്റ്: www.cipet.gov.in
മറൈൻ
ഫിറ്റർ, വേസൽ നാവിഗേറ്റർ എന്നീ കോഴ്‌സുകളിലേക്ക് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിംഗ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിൽ പ്രവേശനം നേടാം. കോഴ്‌സുകളുടെ ദൈർഘ്യം രണ്ട് വർഷമാണ്. വിവരങ്ങൾക്ക് cifnet.gov.in.
ചെയിൻ സർവേ കോഴ്‌സ്
കേരള സർക്കാറിന്റെ ഡയറക്ടറേറ്റ് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സിന്റെ കീഴിൽ നടത്തുന്ന ചെയിൻ സർവേ കോഴ്‌സിന് പത്താം ക്ലാസ്സുകാർക്ക് പ്രവേശനം നേടാം. ഒരു വർഷം നാല് കോഴ്‌സുകൾ ആണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് dslr.kerala.gov.in സന്ദർശിക്കുക
ഇഗ്നോ
ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും പത്താം ക്ലാസ്സുകാർക്ക് പ്രവേശനം ലഭിക്കും. പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കും ignou.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ട് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് www.polyadmission.org സന്ദർശിക്കുക
അഫ്‌സലുൽ ഉലമ പ്രിലിമിനറി
വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന പ്ലസ് ടുവിന് തുല്യമായ അഫ്‌സലുൽ ഉലമ പ്രിലിമിനറി കോഴ്‌സിൽ പത്താം ക്ലാസ്സുകാർക്ക് പ്രവേശനം നേടാവുന്നതാണ്. പ്രവേശനത്തിന് കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
ഹാൻഡ്‌ലൂം ഡിപ്ലോമ
കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന ഹാൻഡ്‌ലൂം ഡിപ്ലോമ കോഴ്സ്, വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിൽ പ്രവശനത്തിന് www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹോട്ടൽ മാനേജ്മന്റ്, ലൈബ്രറി സയൻസ്
മൂന്നാർ കാറ്ററിംഗ് കോളജിന്റെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ പ്രവേശനം ലഭിക്കാൻ www.polyadmission.org എന്ന വെബ്‌സൈറ്റിലും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിൽ പ്രവേശനം ലഭിക്കാൻ statelibrary.kerala.gov.in എന്ന വെബ്‌സൈറ്റിലും പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം.
ഓരോ കോഴ്‌സിനും അപേക്ഷിക്കുന്നതിന് മുമ്പ് അതാത് വർഷത്തെ പ്രോസ്‌പെക്ടസ് പൂർണമായി വായിച്ചു മനസ്സിലാക്കണം. പ്രവേശന യോഗ്യതകളും മറ്റ് നിബന്ധനകളും മാറാൻ സാധ്യതയുണ്ട്. അപേക്ഷിക്കുന്നതിനു മുമ്പ് ആവശ്യമായ യോഗ്യതകളുണ്ടെന്ന് അപേക്ഷാർഥി ഉറപ്പു വരുത്തണം.






