Kerala
സൗജന്യ യാത്ര: പ്രിയദര്‍ശിനി പദ്ധതി തുടങ്ങി
തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെ പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ മന്ത്രിമാരും സംഘവും പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ പങ്കാളികളായി.
തിരുവനന്തപുരം | സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചതോടെ സംസ്ഥാനത്താകെ ഓഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായി. 100 ദിവസത്തെ പരീക്ഷണത്തിനു ശേഷം പദ്ധതി മറ്റു ബസ്സുകളിലേക്കും വ്യാപിപ്പിക്കും. തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെ പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ മന്ത്രിമാരും സംഘവും പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ പങ്കാളികളായി. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ അവര്‍ സഞ്ചരിച്ചു.
കെ എസ് ആര്‍ ടി സിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസ് ഓടിച്ചത്. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വി ഐ പികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി പുറത്തിറക്കിയിരുന്നു. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമില്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓര്‍ഡിനറി കെ എസ് ആര്‍ ടി സി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റും ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും.
യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.
സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതില്‍ പ്രതിഷേധിക്കുന്ന മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രി വി ഡി സതീശന്‍ മറുപടി നല്‍കി. മെന്‍സ് അസോസിയേഷന്‍ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര് വീട്ടില്‍ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാറിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.







