Connect with us

National

ബംഗാളി സുഹൃത്തിനൊപ്പം നാടുകാണാന്‍ പോയ മലയാളി യുവാവ് നാട്ടുകാരുടെ തല്ലേറ്റ് മരിച്ചു; മുപ്പതു വയസ്സു തോനിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല

സംഭവത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത രണ്ടുപേര്‍ അടക്കം ഏഴുപേര്‍ പിടിയിലായിട്ടുണ്ട്

Published

|

Last Updated

കൊല്‍ക്കത്ത | കേരളത്തില്‍ ജോലിക്കെത്തിയ പശ്ചിമ ബംഗാള്‍ സുഹൃത്തിനൊപ്പം ബംഗാള്‍ കാണാന്‍ പോയ യുവാവ് ബംഗാള്‍ ഗ്രാമത്തില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റു മരിച്ചു. മുപ്പതു വയസ്സു തോനിക്കുന്ന മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ദക്ഷിണ പര്‍ഗാനാസ് ജില്ലയിലെ കുല്‍താലിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത രണ്ടുപേര്‍ അടക്കം ഏഴുപേര്‍ പിടിയിലായിട്ടുണ്ട്. മോഷ്ടാവെന്നു കരുതി മര്‍ദ്ദിച്ചതാണെന്നും ഗര്‍ഭിണിയെ ഉപദ്രവിച്ചതിന്റെ പേരില്‍ കെട്ടിയിട്ടു തല്ലിയതാണെന്നും വ്യത്യസ്ഥ വിവരങ്ങളാണ് നാട്ടുകാര്‍ പറയുന്നത്.

കേരളത്തില്‍ തന്നോടൊപ്പം ജോലി ചെയ്യുന്നവരോടൊപ്പമാണ് ഇയാള്‍ കുല്‍താലിയിലെത്തിയതെന്ന് ബരുയിപൂര്‍ സബ് ഡിവിഷന്‍ സീനിയര്‍ പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ ഒമ്പതിനായിരുന്നു സംഭവം. കുല്‍താലിയിലെ സന്‍കിജഹാന്‍ പ്രദേശത്തുള്ള സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ യുവാവ് സംഭവ ദിവസം രാവിലെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോയി. പ്രദേശത്തെ വഴികള്‍ പരിചതമല്ലാത്തതിനാല്‍ ഇയാള്‍ മറ്റൊരിടത്തേക്കാണ് അബദ്ധത്തില്‍ എത്തപ്പെട്ടത്. ഇയാള്‍ക്ക് ബംഗാളി ഭാഷയും വശമില്ലായിരുന്നു.

പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട് ഗ്രാമീണര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. പിന്നാലെ പലരും ഇയാളോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.

ക്രൂരമായി മര്‍ദനമേറ്റയാള്‍ വഴിയില്‍ കിടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ജയ്നഗര്‍-കുല്‍താലി റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയെങ്കിലും ഇയാള്‍ക്ക് എന്ത് സംഭവിച്ചതാണെന്ന് അപ്പോള്‍ പോലീസിന് വ്യക്തമല്ലായിരുന്നു.

പിന്നീടാണ് സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ടം ഒരു യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മരിച്ചയാള്‍ തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്ന് മനസിലായതോടെ പോലീസ് നടപടികള്‍ സ്വീകരിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

Latest