International
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം 12പേര്‍ മരിച്ചു
കൊല്ലപ്പെട്ട 11 പേര്‍ സ്‌കൈ ഡൈവര്‍മാരാണെന്നാണ് വിവരം
മിസൗറി | അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം 12പേര്‍ മരിച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. കൊല്ലപ്പെട്ട 11 പേര്‍ സ്‌കൈ ഡൈവര്‍മാരാണെന്നാണ് വിവരം.
മിസൗറി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം കൃഷിയിടത്താണ് ഞായറാഴ്ച വിമാനം തകര്‍ന്നു വീണത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല സാങ്കേതിക തകറാണെന്നാണ് പ്രാഥമിക നിഗമനം.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രികരും മരിച്ചുവെന്നുമാണ് മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.
സ്‌കൈ ഡൈവിങ്ങിനായി യാത്രികരുമായി പറന്നുയരുന്നതിനിടയിലാണ് അപകടം നടന്നതെന്ന് മിസൗറി ഹൈവേ പട്രോള്‍ സെര്‍ജന്റ് ജസ്റ്റിന്‍ ഇവിങ് പ്രതികരിച്ചു. ബട്ലര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസും ബേറ്റ്സ് കൗണ്ടി ഷെരീഫ്സ് ഓഫീസിനൊപ്പം സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തി.







