Editorial
പടക്കശാല ദുരന്തങ്ങളിലെ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടോ?
ആവര്‍ത്തിക്കപ്പെടുന്ന പടക്കനിര്‍മാണശാല ദുരന്തങ്ങള്‍ക്ക് അറുതി വരണമെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലും കര്‍ശന പരിശോധന നടത്തണം
തമിഴ്നാട്ടില്‍ നിന്ന് വീണ്ടും പടക്കനിര്‍മാണശാല ദുരന്തത്തിന്റെ നടുക്കുന്ന വാര്‍ത്ത. 23 ജീവനുകളാണ് ഞായറാഴ്ച വൈകിട്ട് വിരുദു നഗര്‍ ജില്ലയിലെ കട്ടനാര്‍പട്ടിയിലെ വനജ ഫയര്‍ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ പൊലിഞ്ഞത്. പരുക്കേറ്റ ആറ് പേരില്‍ നാല് പേരുടെ നില ഗുരുതരവുമാണ്. ഇന്ത്യയിലെ പടക്കനിര്‍മാണത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവകാശിക്ക് സമീപമാണ് ഈ പ്രദേശം. കൊടും വേനലില്‍ പടക്കം നിര്‍മിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ദുരന്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാടിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്കുവഹിക്കുന്ന വ്യവസായമാണ് പടക്കനിര്‍മാണം. വിരുദു ജില്ലയിലെ ശിവകാശിയിലും പരിസര പ്രദേശങ്ങളിലുമാണ് സംസ്ഥാനത്തെ പടക്കനിര്‍മാണ ശാലകളിലെ 80 ശതമാനവും പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് പടക്കനിര്‍മാണ അസ്സോസിയേഷനില്‍ നിന്നും പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള വിവരമനുസരിച്ച് സംസ്ഥാനത്ത് 1,100 മുതല്‍ 1,200 വരെ ലൈസന്‍സുള്ള പടക്കനിര്‍മാണശാലകളുണ്ട്. വലിയ ഫാക്ടറികളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന 5,000ത്തിലധികം ഔട്ട്ലെറ്റുകള്‍ വേറെയുമുണ്ട്. ശിവകാശി പടക്കങ്ങളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പടക്കങ്ങളുടെ 75 ശതമാനവും. ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ നേരിട്ടും അല്ലാതെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നു.
പടക്കങ്ങളിലെ മുഖ്യചേരുവ മാരകമായ രാസവസ്തുക്കളായതിനാല്‍ അപകടകരമായ ജോലിയാണിത്. രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്ന വേളയിലുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും ദുരന്തങ്ങള്‍ക്കിടവരുത്തുന്നു. വേനല്‍ക്കാലത്തെ പടക്കനിര്‍മാണ വേളയില്‍ രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്ന ജോലി, അന്തരീക്ഷം അത്യുഷ്ണത്തിലാകുന്നതിനു മുന്നേ രാവിലെ പതിനൊന്നിന് മുമ്പായി ക്രമീകരിക്കണമെന്നാണ് ചട്ടം. പതിനൊന്ന് മണിക്ക് ശേഷം അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതോടെ ഘര്‍ഷണം മൂലം തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം മിക്ക നിര്‍മാണശാലകളിലും പാലിക്കാറില്ല. മാത്രമല്ല, അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ആവശ്യമായ വായുസഞ്ചാരമോ ഇല്ലാത്ത മുറികളിലോ ഷെഡ്ഡുകളിലോ ആണ് ജോലി നടക്കുന്നത്. രാസവസ്തുക്കള്‍ കലര്‍ത്തുമ്പോഴുണ്ടാകുന്ന സംഘര്‍ഷം നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യകള്‍ പല ശാലകള്‍ക്കും അന്യമാണ്. മതിയായ അകലം പാലിക്കാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും കെട്ടിടങ്ങളിലെ മുറികള്‍ക്ക് ആവശ്യമായ വിസ്തൃതി ഇല്ലാത്തതും അനുവദനീയമായ കണക്കിനേക്കാള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതും ദുരന്ത ആഘാതങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. നിര്‍മാണശാലകളിലെ സുരക്ഷാ സജ്ജീകരണങ്ങളുടെ അഭാവമാണ് മിക്ക ദുരന്തങ്ങള്‍ക്കും കാരണമെങ്കിലും ഇക്കാലമത്രയും ഇതേചൊല്ലി ഒരു പടക്കനിര്‍മാണ ഉടമ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
പ്രത്യേകം പരിശീലനം ലഭിച്ച തൊഴിലാളികളെയാണ് സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയോഗിക്കേണ്ടത്. എന്നാല്‍ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുക്കാതെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളെയാണ് ശിവകാശിയിലെ പടക്കനിര്‍മാണശാലകളില്‍ കൂടുതലും നിയമിക്കുന്നത്. കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ച് സ്ഥാപന ഉടമകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. ദുരന്തങ്ങള്‍ സംഭവിച്ചാല്‍ മതിയായ നഷ്ടപരിഹാരം ലഭിക്കാറുമില്ല. ദരിദ്രരും വിദ്യാഭ്യാസപരമായി വളരെ പിന്നാക്കക്കാരുമായതിനാല്‍ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താറുമില്ല തൊഴിലാളികള്‍.
രാജ്യത്ത് ബാലവേല കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ധാരാളം കുട്ടികള്‍ ശിവകാശിയിലെ പടക്കനിര്‍മാണശാലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു കാലത്ത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു ശിവകാശിയിലെ ബാലവേല. സുപ്രീം കോടതിയുടെ ഇടപെടലുകളും കര്‍ശനമായ നിയമങ്ങളും കാരണം കുട്ടിത്തൊഴിലാളികളുടെ എണ്ണം ഫാക്ടറികളില്‍ കുറഞ്ഞെങ്കിലും ബാലവേല ഇപ്പോഴും മറ്റൊരു തരത്തില്‍ നടക്കുന്നുണ്ട്. പടക്കങ്ങള്‍ക്കായുള്ള പേപ്പര്‍ ട്യൂബുകള്‍ ഉരുട്ടല്‍, തിരി നിര്‍മാണം, ലേബലുകള്‍ ഒട്ടിക്കല്‍ തുടങ്ങി പടക്കനിര്‍മാണവുമായി ബന്ധപ്പെട്ട പല ജോലികളും വലിയ സ്ഥാപനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വീട്ടുകാരെ ഏല്‍പ്പിക്കുക പതിവാണ്. ഇത്തരം വീടുകളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും ജോലി ചെയ്തുവരുന്നു. ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത ചെറിയ നിര്‍മാണ യൂനിറ്റുകളിലും കുട്ടിത്തൊഴിലാളികള്‍ ധാരാളമുണ്ട്.
ആവര്‍ത്തിക്കപ്പെടുന്ന പടക്കനിര്‍മാണശാല ദുരന്തങ്ങള്‍ക്ക് അറുതി വരണമെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലും കര്‍ശന പരിശോധന നടത്തണം. സുരക്ഷാവീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും ഉടമകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അപകടസാധ്യത കുറഞ്ഞ രാസവസ്തുക്കള്‍ പടക്കനിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഫാക്ടറി ഉടമകളെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. വലിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഏതാനും ദിവസത്തില്‍ മാത്രം ഒതുങ്ങരുത് ഇത്തരം നടപടികള്‍. നിയമങ്ങള്‍ സ്ഥിരമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നിയമം നടപ്പാക്കേണ്ടവര്‍ കണ്ണടച്ചിരുന്നാല്‍ എരിഞ്ഞു തീരുന്നത് പാവപ്പെട്ട തൊഴിലാളികളുടെ ജീവനും ഭാവിസ്വപ്നങ്ങളുമാണ്. ലാഭക്കൊതിയേക്കാള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കപ്പെടുന്ന തൊഴില്‍ സംസ്‌കാരം വളര്‍ന്നു വരേണ്ടതുണ്ട് ഈ മേഖലയില്‍. മനുഷ്യരക്തം കലര്‍ന്ന പടക്കങ്ങള്‍ കൊണ്ടാകരുത് നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും.




