Connect with us

Kerala

കെ സി വേണുഗോപാലിനെതിരെ പഞ്ചാബില്‍ നിന്ന് ആയുധം; ആവേശം കൊണ്ട് കേരളത്തിലെ ഗ്രൂപ്പുകള്‍

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ചരടുവലിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പഞ്ചാബില്‍ നിന്നും ആരോപണങ്ങള്‍ ശക്തമായതോടെ കേരളത്തിലെ ഇരകളായ പ്രമുഖ ഗ്രൂപ്പുകളും തലപൊക്കുന്നു. വേണുഗോപാലിനെ തളയ്ക്കാന്‍ ജി-23 നേതാക്കളുടെ സഹായം തേടാനാണ് കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം തെറിച്ച അമരീന്ദര്‍ സിംഗ്, പഞ്ചാബിലെ കോണ്‍ഗ്രസിനെ കലുഷമാക്കുന്നതിനു പിന്നില്‍ കെ സി വേണുഗോപാലിന്റെ ഇടപെടലാണെന്ന് ആരോപിച്ചതോടെയാണ് ഇതേ വികാരം ഉള്‍ക്കൊള്ളുന്ന കേരളത്തിലെ നേതാക്കള്‍ വീണ്ടും ഉണരുന്നത്. കെ സുധാകരനേയും വി ഡി സതീശനേയും മുന്‍നിര്‍ത്തി അടിച്ചൊതുക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുകൂലിക്കുന്നവരാണ് കെ സി വേണുഗാപാലിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ ഗൗരവത്തോടെ ഉറ്റുനോക്കുന്നത്. അധികാര സ്ഥാനങ്ങളില്‍ നിന്നു പറിച്ചെറിയപ്പെട്ട ഉമ്മന്‍ ചാണ്ടിയെ പൂര്‍ണമായി ഒതുക്കുകയും കേന്ദ്ര നേതൃത്വത്തിലേക്കുള്ള ചെന്നിത്തലയുടെ സാധ്യതപോലും അടയ്ക്കുകയും ചെയ്തതോടെ വേണുഗോപാലിനെതിരെ രോഷം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഇരു നേതാക്കളുടെ പേരിലുള്ള ഗ്രൂപ്പുകളും.

കോണ്‍ഗ്രസില്‍ നിന്ന് അടുത്തയിടെ സി പി എമ്മില്‍ എത്തിയ പ്രമുഖ നേതാക്കളായ കെ പി അനില്‍ കുമാറും പി എസ് പ്രശാന്തും കെ സി വേണുഗോപാലിന്റെ നീക്കങ്ങളെ തുറന്നു കാട്ടിയിരുന്നു. വേണുഗോപാലിനെ കോണ്‍ഗ്രസിന്റെ അന്തകനെന്നും ബി ജെ പി ഏജന്റെന്നും ആരോപിച്ചായിരുന്നു പി എസ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് ഇമെയിലില്‍ സന്ദേശം അയച്ചത്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് അടക്കം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്ന പ്രവര്‍ത്തനങ്ങളാണ് വേണുഗോപാല്‍ നടത്തുന്നതെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

വേണുഗോപാല്‍ അടക്കമുള്ള ഉപദേശകര്‍ രാഹുലിനെയും പ്രിയങ്കയെയും പറ്റിക്കുകയാണെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണം ഏറ്റെടുത്താണ് വീണ്ടും കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ വേണുഗോപാലിനെതിരെ കരുക്കള്‍ നീക്കാന്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കു മുമ്പില്‍ ഇക്കാര്യം ഉന്നയിച്ചിട്ടു കാര്യമില്ല എന്നതിനാല്‍ വിമത ശബ്ദമായ ജി-23 നേതാക്കള്‍ വഴി കേന്ദ്രത്തില്‍ വേണുഗോപാലിനെതിരായ ശബ്ദം എത്തിക്കുകയാണ് തന്ത്രം. കേരളത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിത്വം മുതല്‍ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ഒതുക്കിയതും ഡി സി സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറിയ നീക്കങ്ങള്‍ വരെ എല്ലാ തിരക്കഥയും വേണുഗോപാലിന്റെതാണെന്നാണ് ഗ്രൂപ്പുകള്‍ കരുതുന്നത്. അര്‍ധ കേഡര്‍ എന്ന പേരിട്ട് എതിര്‍ ശബ്ദങ്ങളെ ഒതുക്കുന്നതും ഇതേ നീക്കത്തിന്റെ ഭാഗമാണ്.

എ, ഐ ഗ്രൂപ്പുകള്‍ അസ്തമിക്കുമ്പോള്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് തല ഉയര്‍ത്തിനില്‍ക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നായ കേരളത്തേയും തകര്‍ക്കുന്ന സമീപനമാണ് വേണുഗോപാല്‍ പ്രയോഗിക്കുന്നതെന്നും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ വേണുഗോപാലിന്റെ നിര്‍േദശ പ്രകാരമാണ് ഇപ്പോള്‍ കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാലിനൊപ്പം നിന്നവര്‍ക്കൊക്കെ സീറ്റ് നല്‍കി. പലരും രഹസ്യമായി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചാണ് മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ എം എല്‍ എ മാരുടെ അഭിപ്രായം തേടിയപ്പോള്‍ മാത്രമായിരുന്നു പലരേയും വേണുഗോപാല്‍ വശത്താക്കിയ വിവരം പുറത്തറിഞ്ഞത്. അധികാരമില്ലാത്ത നേതാവിനൊപ്പം അണികള്‍ നില്‍ക്കുകയില്ല എന്ന കോണ്‍ഗ്രസിലെ സൂത്രവാക്യം ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും വേണുഗാപാല്‍ നിരായുധരാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാന കോണ്‍ഗ്രസിനെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കുന്നതിനൊപ്പം യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും ഐ എന്‍ ടി യു സി, എന്‍ ജി ഒ അസോസിയേഷന്‍ തുടങ്ങിയ പോഷക സംഘടനകളുമെല്ലാം പുതിയ ഗ്രൂപ്പിന്റെ കൈകളിലേക്കു വരുത്താനുള്ള നീക്കത്തിനു പിന്നിലും വേണുഗോപാലാണു കരുക്കള്‍ നീക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ കരുതുന്നത്. കേരളത്തില്‍ പ്രബലമായിരുന്ന ഗ്രൂപ്പുരാഷ്ട്രീയത്തില്‍ ശാക്തിക ബലാബലം മാറിമറിയുന്നതിനിടെ, കേന്ദ്രത്തില്‍ നിലയുറപ്പിച്ച കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതോടെ ഡല്‍ഹിയിലിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ അധികാരകേന്ദ്രമാകാന്‍ കരുക്കള്‍ നീക്കുകയാണെന്നും ഇതു കേരളത്തിലും കോണ്‍ഗ്രസിനെ ചിന്നഭിന്നമാക്കുമെന്നും ഗ്രൂപ്പു നേതാക്കള്‍ ആരോപിക്കുന്നു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest