Connect with us

watcher k rajan

വാച്ചർ രാജന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു

രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

Published

|

Last Updated

പാലക്കാട് | സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ രാജന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം, ചെറുസംഘങ്ങളായുള്ള തിരച്ചിൽ തുടരും. രണ്ടാഴ്ചയിലേറെ രാജനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. മൃഗങ്ങൾ പിടിച്ചതിൻ്റെ ലക്ഷണം പോലും കാണാൻ സാധിച്ചിട്ടില്ല. രാജനം തിരോധാനം അഗളി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

150ഒാളം ഉദ്യോഗസ്ഥരാണ് കാട്ടില്‍ തിരച്ചില്‍ നടത്തിയത്. സൈലന്റ് വാലി കാടുകളോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ മുക്കുത്ത് നാഷനല്‍ പാര്‍ക്കിലും തിരച്ചില്‍ നടത്തിയിരുന്നു. രാജനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പിതാവ് കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകള്‍. 20 വര്‍ഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്. മാവോയിസ്റ്റുകള്‍ രാജനെ വഴി കാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോയെന്നും അന്വേഷിക്കണം. അടുത്ത മാസം 11ന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുന്പ് കണ്ടെത്തണമെന്നതാണ് ഇവർ ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനും കുടുംബം ആലോചിക്കുന്നുണ്ട്.

രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പരിശോധനയില്‍ തെളിവുകള്‍ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് ഈ സ്ഥീരികരണം. ഈ മാസം മൂന്നിന് രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ് രാജന്‍. പിറ്റേന്ന് രാവിലെയാണ് കാണാനില്ലെന്ന വിവരം സഹപ്രവര്‍ത്തകര്‍ തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ തിരച്ചില്‍ നടത്തിയപ്പോള്‍ ക്യാമ്പിന്റെ അടുത്ത് നിന്ന് രാജന്റെ ഉടുമുണ്ടും ടോര്‍ച്ചും ചെരുപ്പും കണ്ടെടുത്തിരുന്നു.

രണ്ട് സംശയങ്ങളാണ് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് പറയുന്നത്. സാധാരണ വന്യമൃഗങ്ങള്‍ ആക്രമിച്ചാല്‍ പരമാവധി ഒരു കിലോമീറ്ററിനുള്ളില്‍ മാത്രമേ തെളിവുകള്‍ കിട്ടൂ. എന്നാല്‍, തിരച്ചില്‍ ഒരു കിലോ മീറ്ററിനപ്പുറവും പിന്നിട്ടിട്ടുണ്ട്. അതിനാല്‍ വന്യജീവി ആക്രമണ സാധ്യത വിരളമാണ്. പരിശീലനം കിട്ടിയ വാച്ചറെന്ന നിലയില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ രാജന്‍ തീര്‍ച്ചയായും പ്രതിരോധിച്ചിരിക്കും. അത് തെളിയിക്കുന്നതൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊന്ന് രാജന്റെ മുണ്ടും ടോര്‍ച്ചും ചെരിപ്പും കിട്ടിയിരുന്നു. പക്ഷേ ധരിച്ച ഷര്‍ട്ട് കിട്ടിയിട്ടില്ല. ഇതാണ് വനംവകുപ്പിനെ കൂടുതല്‍ കുഴക്കുന്നത്. രാജന്റെ തിരോധാനത്തില്‍ അഗളി പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് അന്വേഷണവും ഊർജിതമായി തുടരുന്നുണ്ടെങ്കിലും തിരോധാന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല.

Latest