Kuwait
കുവൈത്തില്‍ വരും ദിവസങ്ങളില്‍ ശൈത്യം ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി | കുവൈത്തില്‍ ഈ വര്‍ഷത്തെ ശൈത്യകാലം അതികഠിനമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഈ സീസണില്‍ രാജ്യത്ത് കനത്തതും ഇടത്തരവുമായ മഴ ലഭിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, തെക്ക്, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ന്യൂനമര്‍ദത്തിന് രാജ്യം വിധേയമായതായി കാലാവസ്ഥാ നിരീക്ഷകന്‍ മുഹമ്മദ് കറം വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കറം അറിയിച്ചു.
നാളെ മുതല്‍ രാത്രി കാലങ്ങളില്‍ കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്ന മഴ ഇന്നും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഈസ റമദാന്‍ അറിയിച്ചു. നാളെ മുതല്‍ വ്യാഴാഴ്ച വരെ, പകല്‍ സമയത്ത് മിതമായതും രാത്രി താരതമ്യേന തണുപ്പുള്ളതും ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.







