Kerala
മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
മയക്കുമരുന്ന് വിറ്റ് കിട്ടിയ 5,980 രൂപയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും പിടികൂടി
മലപ്പുറം | ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ വില്‍പനക്കായി വച്ചിരുന്ന 89.733 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിളും സംയുക്തമായി വണ്ടൂര്‍ കാരാട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വണ്ടൂര്‍ കാരാട് ഊട്ടുപുറം മേക്ലംപറ്റ വീട്ടില്‍ ഷൈജേഷ് (34), നിലമ്പൂര്‍ മണലൊടി പുത്തന്‍വീട് മഹേഷ് കുമാര്‍ (35), വണ്ടൂര്‍ കാരാട് പടവെട്ടി വീട്ടില്‍ അരുണ്‍ (24) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അരുണും മഹേഷ് കുമാറും ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന എം ഡി എം എ ഷൈജേഷിന്റെ വീട്ടില്‍ വച്ചാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷൈജേഷിന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമ്പോള്‍ കടത്തിക്കൊണ്ടുവന്ന എം ഡി എം എ വില്‍പനക്കായി സജ്ജീകരിക്കുകയായിരുന്നു പ്രതികള്‍.
മയക്കുമരുന്ന് വിറ്റ് കിട്ടിയ 5,980 രൂപയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജിഷ്ണു, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ എ അനീഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ എസ് അരുണ്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രവീണ്‍, ഇ അഖില്‍ദാസ്, വി സച്ചിന്‍ദാസ്, നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ ആബിദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ കെ നിമിഷ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ മഹ്മൂദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights:
Police arrested three youths in Wandur, Malappuram, seizing 89.733 grams of MDMA. The operation was part of an anti-narcotics drive targeting local drug distribution networks. Authorities are conducting further investigations into the accused.



