Connect with us

Kerala

കുണ്ടറയില്‍ ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനും പരുക്ക്; കുഞ്ഞിന്റെ നില ഗുരുതരം

ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊല്ലം| കുണ്ടറ നെടുമ്പനയില്‍ വീട്ടിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും പരുക്കേറ്റു. നെടുമ്പന പത്താം വാര്‍ഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്.

ഇടിമിന്നലില്‍ വീടിന്റെ സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകള്‍ കത്തിനശിക്കുകയും ചെയ്തു. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശ്രീദേവിയും ആദിദേവും മറ്റു രണ്ടു മക്കളും ഭര്‍തൃമാതാവ് നന്ദിനിക്കൊപ്പം വീടിന്റെ മുന്‍വശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും മകനും അടുക്കളയിലേക്ക് പോയപ്പോഴാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കളയിലെത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തുവീണു കിടക്കുന്നതാണ് കണ്ടത്.

ബഹളം കേട്ടെത്തിയ അയല്‍വാസികളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം നെടുമ്പന ടിബി ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.

ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് പ്രദേശത്ത് മഴ നേരിയ തോതില്‍ ശമിച്ചതെങ്കിലും ഇടിയും മിന്നലും ശക്തമായി തുടര്‍ന്നു. ഏതാനും നാള്‍ മുമ്പും ഇതേ പ്രദേശത്തെ ഒരു വീട്ടില്‍ ഇടിമിന്നലേറ്റ സംഭവമുണ്ടായതായി പഞ്ചായത്തംഗം നിസാമോള്‍ അറിയിച്ചു.

Content Highlights:
A mother and her five-year-old son were severely injured in a lightning strike while eating inside their house in Kundara, Kollam. Both victims suffered burn injuries and were admitted to SAT Hospital in Trivandrum. The high-intensity lightning also caused extensive electrical damage to the house.

---- facebook comment plugin here -----

Latest