Aksharam Education
ഇംഗ്ലീഷിലെ രസകരമായ ചില ഗ്രാമർ വ്യത്യസ്തതകൾ
എച്ച് എസ്, എച്ച് എസ് എസ്, കോളജ് ക്ലാസ്സുകളിൽ വ്യത്യസ്ത അധ്യായങ്ങളിലായി കുട്ടികൾക്ക് പഠിക്കാനുള്ള ഇത്തരം ചില പ്രയോഗങ്ങൾ ഇന്നത്തെ അക്ഷരത്തിൽ നോക്കാം
ഇംഗ്ലീഷ് ഭാഷയിൽ രസകരമായ കാര്യമുണ്ട്: എല്ലാ പ്രയോഗങ്ങളും പാഠപുസ്തകങ്ങളിലെ വ്യാകരണനിയമങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നില്ല! ചില പ്രയോഗങ്ങൾ സാധാരണ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും സ്വീകാര്യവും സ്വാഭാവികവുമാണ്. ചില വാക്കുകളുടെ ചെറിയ രൂപവ്യത്യാസം പോലും അർഥത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. എച്ച് എസ്, എച്ച് എസ് എസ്, കോളജ് ക്ലാസ്സുകളിൽ വ്യത്യസ്ത അധ്യായങ്ങളിലായി കുട്ടികൾക്ക് പഠിക്കാനുള്ള ഇത്തരം ചില പ്രയോഗങ്ങൾ ഇന്നത്തെ അക്ഷരത്തിൽ നോക്കാം.
1. “If I was you’ ആണോ “If I were you’ ആണോ?
സാധാരണയായി I എന്ന subject നോടൊപ്പം was ഉപയോഗിക്കുന്നു. I was busy yesterday. എന്നാൽ സങ്കൽപ്പിതമായ സാഹചര്യം സൂചിപ്പിക്കുമ്പോൾ were ഉപയോഗിക്കുന്നു.
- If I were you, I would accept the offer.
- If I were a bird, I would fly across the world.
2. “Aren’t I?’ – ഇതെന്താ സംഭവം?
I am എന്നതിന്റെ നെഗറ്റീവ് രൂപം I am not ആണെങ്കിലും അതിന്റെ സാധാരണ question tag amn’t I? എന്നല്ല, aren’t I? എന്നാണ്.
- I am late, aren’t I?
- I am your friend, aren’t I?
3. “It’s me’ തെറ്റാണോ?
പരമ്പരാഗത വ്യാകരണത്തിൽ It is I എന്ന രൂപം പഠിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ഇംഗ്ലീഷിലെ സാധാരണ സംഭാഷണങ്ങളിൽ It’s me ആണ് സ്വാഭാവികം.
- Who is at the door? – It’s me.
- It was him.
- That’s her.
പരമ്പരാഗത വ്യാകരണരീതിയും ആധുനിക ഭാഷാപ്രയോഗവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണിവ.
4. “Who’ ആണോ ‘Whom’ ആണോ?
പരമ്പരാഗതമായി subject സ്ഥാനത്ത് whoവും object സ്ഥാനത്ത് whomവും ഉപയോഗിക്കുന്നു.
- Who called you?
- Whom did you meet?
എന്നാൽ ആധുനിക ഇംഗ്ലീഷിൽ Who did you meet? എന്ന പ്രയോഗവും സാധാരണമാണ്. ഔപചാരിക ഭാഷയിൽ To whom should I address the letter? എന്ന രൂപവും പ്രസക്തമാണ്.
5. “The haves and the have-nots’ – Verb എങ്ങനെ Noun ആകുന്നു?
Have സാധാരണയായി verb ആണെങ്കിലും the haves and the have-nots എന്ന പ്രയോഗത്തിൽ സമ്പത്തും വിഭവങ്ങളുമുള്ളവരെയും അവയില്ലാത്തവരെയും സൂചിപ്പിക്കുന്ന noun രൂപങ്ങളായി ഉപയോഗിക്കുന്നു.
- There is a wide gap between the haves and the have-nots.
ഒരു verbൽ നിന്ന് ആളുകളെ സൂചിപ്പിക്കുന്ന നാമപ്രയോഗം രൂപപ്പെടുന്നതിന്റെ കൗതുകകരമായ ഉദാഹരണമാണിത്.
6. Adjective കൾ Subject ആകുമ്പോൾ!
ചില adjectiveകൾക്ക് മുമ്പിൽ the ചേർക്കുമ്പോൾ അവ ഒരു വിഭാഗം ആളുകളെ സൂചിപ്പിക്കുന്നു. സാധാരണയായി ഇവയോടൊപ്പം plural verb ഉപയോഗിക്കുന്നു.
- The rich should help the poor.
- The young need guidance.
- The elderly deserve respect.
ഇവിടെ the rich എന്നത് സമ്പന്നരായ ആളുകളെയും the poor എന്നത് ദരിദ്രരായ ആളുകളെയും സൂചിപ്പിക്കുന്നു. എന്നാൽ എല്ലാ adjective-കൾക്കും ഈ രീതിയിൽ ഉപയോഗിക്കാൻ കഴിയില്ല.
7. “I’ ഒരു അക്ഷരവും വാക്കും!
ഇംഗ്ലീഷ് അക്ഷരമാലയിലെ ഒന്പതാമത്തെ അക്ഷരമായ I ഒരു പൂർണമായ personal pronoun കൂടിയാണ്.
- I am a teacher.
- I love reading.
ഇംഗ്ലീഷിൽ I എപ്പോഴും വലിയ അക്ഷരത്തിൽ എഴുതുന്നു. അതുപോലെ a എന്ന articleഉം ഒരൊറ്റ അക്ഷരമാണെങ്കിലും വാക്യത്തിൽ സ്വതന്ത്രമായ വ്യാകരണപരമായ പങ്ക് വഹിക്കുന്നു.
8. കാണാതായ “That’ എവിടെ?
This is the book I bought last week എന്ന വാക്യത്തിൽ that ഒഴിവാക്കിയിരിക്കുന്നു. Object ആയി വരുന്ന relative pronoun പലപ്പോഴും ഒഴിവാക്കാം.
- The movie (that) I watched was excellent.
- The man (whom) you met is my uncle.
എന്നാൽ relative pronoun subject ആണെങ്കിൽ സാധാരണയായി ഒഴിവാക്കാനാകില്ല.
- The boy who won the prize is my friend.
9. Hospital- Hospitality; Economic – Economical
രൂപത്തിൽ സാമ്യമുള്ള വാക്കുകൾക്ക് വ്യത്യസ്ത അർത്ഥങ്ങളുണ്ടാകാം.
- Hospital – ആശുപത്രി.
- Hospitality – അതിഥിസത്കാരം.
- Economic – സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടത്.
- Economical – ചെലവ് കുറഞ്ഞത്; മിതവ്യയമുള്ളത്.
ഉദാഹരണങ്ങൾ:
- The country is facing economic problems.
- This car is economical to run.
ചെറിയ രൂപവ്യത്യാസങ്ങൾ പോലും അർഥത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു.
10. Difference – Indifference
ഒരു prefix ചേർക്കുമ്പോൾ വാക്കിന്റെ അർഥം മാറാം.
- Difference – വ്യത്യാസം.
- Indifference – നിസ്സംഗത; താത്പര്യമില്ലായ്മ.
I noticed a difference in his behaviour. എന്നതിൽ വ്യത്യാസത്തെക്കുറിച്ചാണ് പറയുന്നത്. His indifference surprised everyone എന്നതിൽ അയാളുടെ നിസ്സംഗതയാണ് സൂചിപ്പിക്കുന്നത്.
11. Humiliate – Humility
രൂപസാമ്യമുള്ള വാക്കുകൾ ഒരേ അർഥമല്ല നൽകുന്നത്.
- Humiliate – അപമാനിക്കുക.
- Humiliation – അപമാനം
- Humility – വിനയം.
- Don”t humiliate others in public.
- His humility is admirable.
12. “Dust’ – വിപരീത ദിശകളിലുള്ള പ്രവൃത്തികൾ!
Dust എന്നത് പൊടി എന്നർഥമുള്ള noun ആണ്. Verb ആയി ഉപയോഗിക്കുമ്പോൾ സന്ദർഭത്തിനനുസരിച്ച് പൊടി നീക്കം ചെയ്യുക എന്നോ പൊടി വിതറുക എന്നോ അർഥമാകാം.
Please dust the table- മേശയിലെ പൊടി നീക്കം ചെയ്യുക.
The carpenter dusted the table with powder- മരപ്പണിക്കാരൻ മേശയിൽ പൊടി വിതറി.
13. “Less’ ആണോ “Fewer’ ആണോ?
എണ്ണാവുന്ന ബഹുവചന നാമങ്ങളോടൊപ്പം സാധാരണയായി fewerഉം എണ്ണാനാകാത്ത നാമങ്ങളോടൊപ്പം less ഉം ഉപയോഗിക്കുന്നു.
- Fewer students attended the meeting.
- We have less time today.
എന്നാൽ അളവുകൾ സൂചിപ്പിക്കുമ്പോൾ less ഉപയോഗിക്കാം.
- It is less than five minutes away.
- The bag weighs less than five kilograms.
അതുകൊണ്ട് നിയമത്തോടൊപ്പം പ്രയോഗസന്ദർഭവും മനസ്സിലാക്കണം.
Content Highlights:
English grammar features several unique rules and exceptions that often vary from traditional usage. Understanding subtle variations in vocabulary and structure helps students communicate more effectively. Mastering these key grammatical patterns enhances clarity in written and spoken English.




