vizhinjam port
വിഴിഞ്ഞം: സര്‍ക്കാറുമായി ലത്തീന്‍ സഭയുടെ മധ്യസ്ഥ ശ്രമം ഊര്‍ജിതം
കര്‍ദിനാള്‍ മോര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ശ്രമം.

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാറുമായി മധ്യസ്ഥ ശ്രമം ഊര്‍ജിതമാക്കി ലത്തീന്‍ കത്തോലിക്ക സഭ. സീറോ മലങ്കര കാത്തോലിക്ക സഭാ കര്‍ദിനാള്‍ മോര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ശ്രമം. ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
മധ്യസ്ഥ ശ്രമത്തിന് സര്‍ക്കാറിനും താത്പര്യമുണ്ട്. നേരത്തേ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു. നെറ്റോയുമായി ക്ലിമ്മിസ് ബാവയും ചര്‍ച്ച നടത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ലത്തീന്‍ ബിഷപ്പിനെതിരെ കേസെടുത്തതിന് പിന്നാലെ സമരക്കാര്‍ രാത്രി വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ വളയുകയും വന്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.
മാത്രമല്ല, വിഴിഞ്ഞത്തെ പുരോഹിതന്‍ തിയോഡേഷ്യസ് ഫിഷറീസ് മന്ത്രി വി അബ്ദുര്‍റഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അധിക്ഷേപത്തില്‍ പുരോഹിതന്‍ പിന്നീട് മാപ്പ് പറഞ്ഞു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മധ്യസ്ഥ ശ്രമം.